ഹോം » പൊതുവാര്‍ത്ത » 

മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി – വി.എസ്

August 11, 2011

തിരുവനന്തപുരം: പാമോയില്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അഡ്വ ജനറലെയും ഗവ. പ്ലീഡറെയും വിളിച്ചു വരുത്തി നിയമോപദേശം തേടിയത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി വിളിച്ചിടത്തേയ്ക്ക് എ.ജിയും പ്ലീഡറും പോയത് ഭരണഘടനാ ലംഘനമാണെന്നും വി.എസ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കേസ് മുഖ്യമന്ത്രി എന്ന നിലയിലുളളതല്ല മുന്‍ധനമന്ത്രി എന്ന നിലയിലുള്ളതാണ്. അതിനാല്‍ ഇത്തരത്തിലൊരു നിയമോപദേശം തേടിയത് സത്യപ്രതിജ്ഞാലംഘനവും അധികാരദുര്‍വിനിയോഗവുമാണ്.

നിയമോപദേശം നല്‍കിയതിലൂടെ അഡ്വക്കേറ്റ് ജനറലും പബ്ലിക് പ്രോസിക്യൂട്ടറും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാമോയില്‍ കേസില്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌ വന്നയുടന്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന ആശയക്കുഴപ്പുമുണ്ടാക്കിയെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍. പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ രാജിയാണ്‌ താന്‍ ആവശ്യപ്പെട്ടതെന്നും വി എസ്‌ പറഞ്ഞു.

ആസൂത്രണ കമ്മിഷന്‍ അംഗമായി നിയമിച്ച തരുണ്‍ദാസ്‌ കൊക്കോകോള ഉപദേശകനാണ്. അദ്ദേഹത്തെ നിയമിച്ചതിലൂടെ സര്‍ക്കാരും ജലമൂറ്റുകമ്പനിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് പുറത്തുവന്നതെന്നും വി.എസ് പറഞ്ഞു. നിയമസഭയിലെ വോട്ടെടുപ്പ്‌ ദൃശ്യങ്ങള്‍ സംശയമുളവാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ്‌ ആരോപിച്ചു. തന്നോട്‌ ആലോചിക്കാതെയാണ്‌ കോടിയേരി ബാലകൃഷ്‌ണന്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി സെക്രട്ടറിയെ മുതലാളിത്തത്തിന്റെ ദത്തുപുത്രനെന്ന്‌ വിശേഷിപ്പിച്ച ബെര്‍ലിന്റെ നടപടി അങ്ങേയറ്റം തെറ്റാണെന്ന്‌ വി.എസ്‌ പറഞ്ഞു. ബെര്‍ലിന്റെ വീട്‌ സന്ദര്‍ശിച്ചതിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി തനിക്കെതിരെ പരാതി നല്‍കിയിരുന്നുവെന്ന കാര്യം വി.എസ്‌ സ്ഥിരീകരിച്ചു.

അസുഖബാധിതനായ ബര്‍ലിനെ വെറുതെ കാണാന്‍ വേണ്ടി മാത്രമാണ് താന്‍ പോയതെന്നും വി.എസ് പറഞ്ഞു.

Related News from Archive
Editor's Pick