ഹോം » സംസ്കൃതി » 

നശ്വരതയില്‍നിന്ന്‌ അനശ്വരതയിലേക്ക്‌

August 11, 2011

സത്യം കണ്ടെത്തണമെന്ന തീവ്രമായ ആഗ്രഹമുണ്ടെങ്കിലേ അത്‌ കണ്ടെത്താന്‍ കഴിയുകയുള്ളൂ. പരിശ്രമത്തിനനുസരിച്ചുമാത്രമേ ഫലം ലഭിക്കുകയുള്ളൂ.അനാവശ്യമായ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചിട്ട്‌ അത്യാവശ്യമായ കാര്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതെന്തിന്‌?
ഈ ചോദ്യത്തെക്കുറിച്ച്‌ ചിന്തിക്കണം. ഇതിന്റെ ഉത്തരം നമുക്ക്‌ ഒരു വഴിത്തിരിവായി മാറണം.സത്യം കണ്ടെത്തുന്നതില്‍ അതീവശ്രദ്ധ പതിപ്പിച്ചാല്‍ ആ ഊര്‍ജ്ജം നമുക്ക്‌ വഴികാട്ടിയായി മാറും.
മനസ്സ്‌ നശ്വരതയില്‍ നിലനില്‍ക്കുന്നു. അതിനുമപ്പുറത്തേക്ക്‌ അനശ്വരത നീണ്ടുകിടക്കുന്നു.മനസ്സിലെ ചിന്തകളെ പാകപ്പെടുത്തി അനശ്വരതയെ തിരിച്ചറിയണം. ജ്ഞാനമാര്‍ജ്ജിക്കാന്‍ ഇത്‌ കൂടിയേ തീരൂ.
ആരാണ്‌ യഥാര്‍ത്ഥ സന്തുഷ്ടവാന്‍?
അപൂര്‍ണത ഇല്ലാത്ത മനുഷ്യനാണ്‌ യഥാര്‍ത്ഥ സന്തുഷ്ടവാന്‍. അജ്ഞത നിറഞ്ഞ ചിന്തകളാണ്‌ അപൂര്‍ണത സൃഷ്ടിക്കുന്നത്‌. പൂര്‍ണ്ണത നേടിയ ഒരാളുടെ ചിന്തകള്‍ അപൂര്‍ണമാണെങ്കില്‍ അയാള്‍ പൂര്‍ണത അനുഭവിക്കുന്നില്ല.ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച്‌ നമ്മള്‍ ബോധവാന്മാരാകണം. ഇത്‌ മനസ്സിലാക്കിയില്ലെങ്കില്‍ വിഡ്ഡിത്തമാണ്‌ കാണിക്കുന്നത്‌.
ഇതു ശ്രദ്ധിക്കൂ.ഒരിക്കലും കംപ്യൂട്ടറുകള്‍ മനുഷ്യന്‌ പകരമാവില്ല. കംപ്യൂട്ടറിനെ കൃത്രിമബുദ്ധിയുള്ളതാക്കി മാറ്റിയാലും യാഥാര്‍ത്ഥ്യത്തിന്റെ ബോധം അവയ്ക്കുണ്ടാവുകയില്ല.ഒരു വ്യക്തി സന്തോഷമായിരിക്കാനാണ്‌ ഇഷ്ടപ്പെടുന്നത്‌. അതുകൊണ്ടാണ്‌ ഉറക്കത്തില്‍ മറ്റൊരു ചിന്തകളുമില്ലാതെ അയാള്‍ സന്തോഷമായിരിക്കുന്നത്‌. അകമേ സന്തോഷമുണ്ടെങ്കിലും നമ്മള്‍ അസന്തുഷ്ടരാണ്‌.ഇത്‌ ഏറ്റവും വലിയ വിഡ്ഡിത്തമാണ്‌.

Related News from Archive
Editor's Pick