ഹോം » ഭാരതം » 

എണ്ണച്ചോര്‍ച്ച തടയാന്‍ തീരദേശ സേനയുടെ ശ്രമം

August 11, 2011

മുംബൈ: എംവി റാക്‌ എന്ന മുങ്ങിയ കപ്പലില്‍നിന്ന്‌ എണ്ണ ചോരുന്നത്‌ തടയാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ദിവസം തീരദേശ സേന ആരംഭിച്ചു. ചോര്‍ച്ച വളരെയധികം കുറഞ്ഞതായി അവര്‍ അഭിപ്രായപ്പെട്ടിരുന്നു. പെട്രോളിയം പ്രകൃതിവാതക കോര്‍പ്പറേഷ(ഒഎന്‍ജിസി)നോട്‌ മുങ്ങല്‍ വിദഗ്ദ്ധരുടെ സേവനം ഉപയോഗപ്പെടുത്താന്‍ പര്യാപ്തമായ ഒരു കപ്പലിന്റെ സഹായം തേടാന്‍ നിര്‍ദ്ദേശമുണ്ട്‌. മുങ്ങല്‍ നടപടികള്‍ കാര്യക്ഷമമാക്കാന്‍ ഒരു നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്‌. കപ്പലിന്റെ ചോര്‍ച്ച കണ്ടെത്തുകയും അത്‌ അടുക്കാന്‍ സാധിക്കുമോ എന്ന്‌ പരിശോധിക്കുകയും ചെയ്യുകയാണ്‌ മുങ്ങല്‍ വിദഗ്ദ്ധരുടെ ദൗത്യം.
ടൈറ്റന്‍ സാല്‍വേജ്‌ എന്ന കപ്പലിന്റെ സഹായം ഇക്കാര്യത്തില്‍ ഒഎന്‍ജിസി തേടിയിട്ടുണ്ട്‌. കൂടാതെ ഈ വിഷയത്തില്‍ അന്തര്‍ദ്ദേശീയ ടാങ്കര്‍ ഓണര്‍ പൊലൂഷന്‍ ഫെഡറേഷന്‍ എന്ന സംഘടനയുടെ പരിചയവും ഉപയോഗപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ട്‌. എണ്ണ കലര്‍ന്ന പ്രദേശത്തിന്റെ സര്‍വേ നടത്തി എത്രത്തോളം വിസ്തൃതിയിലും ആഴത്തിലും അത്‌ കടലില്‍ കലര്‍ന്നുവെന്ന്‌ കണ്ടെത്തുകയും ആ ഭാഗങ്ങള്‍ ശുചീകരിക്കുകയും ചെയ്യുന്നതിനാണ്‌ ഫെഡറേഷന്‍ സഹായിക്കുക.
ഇന്തോനേഷ്യയില്‍നിന്ന്‌ ഗുജറാത്തിലേക്ക്‌ പോകുകയായിരുന്ന എം.വി.റാക്‌ എന്ന കപ്പല്‍ മുംബൈ തീരത്തുനിന്ന്‌ 20 നോട്ടിക്കല്‍ മെയിലുകള്‍ അകലെയാണ്‌ മുങ്ങിയത്‌. 60000 ടണ്‍ കല്‍ക്കരിയും 325 ടണ്‍ ഇന്ധന എണ്ണയും 56 ടണ്‍ ഡീസലുമാണ്‌ കപ്പലിലുണ്ടായിരുന്നത്‌. ഇവയാണ്‌ കടലില്‍ കലര്‍ന്ന്‌ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. കാറ്റിന്‌ വേഗം കൂടിയതിനാല്‍ കഴിഞ്ഞ ദിവസം കടലില്‍ കൂടുതല്‍ സ്ഥലത്ത്‌ എണ്ണ പരന്നിരുന്നു. മുംബൈയിലെ ജുഹുബീച്ചില്‍ എണ്ണയുടെ ചെറിയ വൃത്തങ്ങള്‍ രൂപപ്പെട്ടു. മുംബൈയുടെ വടക്കന്‍ പ്രദേശത്തെ ഗൊരായില്‍ ടാര്‍ബോളുകളാണ്‌ കണ്ടെത്തിയതെന്ന്‌ അധികൃതര്‍ വെളിപ്പെടുത്തി. പക്ഷെ കോസ്റ്റ്‌ ഗാര്‍ഡുകള്‍ പുതിയ ടാര്‍ബോളുകള്‍ ഇല്ലെന്നാണ്‌ അറിയിച്ചത്‌.
കോസ്റ്റ്‌ ഗാര്‍ഡിന്റെ വരുണ, അമൃത്‌ കൗര്‍ എന്നിവ എം.വി.റാക്കില്‍നിന്നുള്ള എണ്ണയെ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്‌. ഹെലികോപ്റ്ററുകള്‍ ഈ സംരംഭത്തിന്‌ പിന്‍ബലമേകുന്നു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick