ഹോം » വിചാരം » 

അധ്യാപകര്‍ക്ക്‌ ആശ്വാസം

August 11, 2011

സ്കൂള്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറച്ച്‌, തല എണ്ണല്‍ ഒഴിവാക്കി, സംരക്ഷിത അധ്യാപക പട്ടിക നിര്‍ത്തലാക്കി ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും പുറത്തുനില്‍ക്കുന്ന 10,500 അധ്യാപകര്‍ക്ക്‌ പുനര്‍നിയമനം ലഭ്യമാക്കുന്ന പുതിയ വിദ്യാഭ്യാസ പരിഷ്കാരം അധ്യാപകര്‍ക്ക്‌ ആശ്വാസം നല്‍കുന്നതാണ്‌. ഇടതുപക്ഷ ഭരണത്തിന്‍ കീഴില്‍ മതമില്ലാത്ത ജീവനും കൈവെട്ടു കേസും മറ്റുമായി കുത്തഴിഞ്ഞു കിടന്ന വിദ്യാഭ്യാസ മേഖലക്ക്‌ ലക്ഷ്യബോധം നല്‍കുന്ന പരിഷ്കാരമാണിത്‌. തലയെണ്ണല്‍ നിര്‍ത്തലാക്കി അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 30 കുട്ടികള്‍ക്ക്‌ ഒരധ്യാപകന്‍ എന്ന നിലയില്‍ എല്‍പി സ്കൂളിലും ഒരധ്യാപകന്‌ 35 കുട്ടികള്‍ എന്ന നിലയില്‍ യുപി സ്കൂളിലും അനുപാതം തിട്ടപ്പെടുത്തിയത്‌ ഒരുവര്‍ഷം ഒരു ലക്ഷം കുട്ടികളുടെ കൊഴിഞ്ഞുപോക്കനുഭവിക്കുന്ന വിദ്യാഭ്യാസ രംഗത്തെ അധ്യാപകരുടെ ആശങ്കക്ക്‌ വിരാമമിടുന്നു.
ഒരധ്യാപകന്‌ 30 കുട്ടികള്‍ അല്ലെങ്കില്‍ 35 കുട്ടികള്‍ എന്ന്‌ നിജപ്പെടുത്തുമ്പോള്‍ കുട്ടികള്‍ക്ക്‌ കൂടുതല്‍ അധ്യാപകശ്രദ്ധ ലഭിക്കാന്‍ അവസരമൊരുക്കും. അധ്യാപകര്‍ക്കും പ്രതിബദ്ധത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ അവര്‍ക്ക്‌ തീവ്രപരിശീലനം നല്‍കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്‌.
ശമ്പളമില്ലാതെ ജോലി നോക്കുന്ന 2920 എയ്ഡഡ്‌ സ്കൂള്‍ അധ്യാപകരുടെ നിയമനം നല്‍കാനാണ്‌ അംഗീകാരം നല്‍കിയിരിക്കുന്നത്‌. എയ്ഡഡ്‌ മേഖലയിലെ നിയമനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരും എന്നു പറയുമ്പോഴും നിയമത്തിലെ പല വ്യവസ്ഥകളും മാനേജ്മെന്റുകളെ സഹായിക്കുന്നവ തന്നെയാണ്‌. പ്രൊട്ടക്ട്‌ അധ്യാപക പട്ടിക ഒഴിവാക്കി ടീച്ചേഴ്സ്‌ ബാങ്ക്‌ രൂപീകരിക്കുമ്പോള്‍ മാനേജ്മെന്‍റുകള്‍ക്ക്‌ ഈ ബാങ്കില്‍നിന്ന്‌ നിയമനം നടത്തേണ്ടിവരും എന്ന്‌ പറയുമ്പോഴും അധ്യാപക പോസ്റ്റിന്‌ ലക്ഷങ്ങള്‍ കോഴ വാങ്ങുന്ന രീതി എങ്ങനെ നിയന്ത്രണവിധേയമാക്കും എന്ന്‌ വ്യക്തമാക്കുന്നില്ല. മാനേജ്മെന്റുകള്‍ക്ക്‌ സ്വയം തസ്തിക സൃഷ്ടിക്കാനുള്ള അധികാരം ഇല്ല എന്നത്‌ നല്ല വ്യവസ്ഥയാണ്‌. നിയമനത്തിനുള്ള ലിസ്റ്റ്‌ എഇഒ/ഡിഇഒ തയ്യാറാക്കുമെന്ന്‌ പറയുമ്പോഴും നിയമനാധികാരം സ്കൂള്‍ മാനേജിംഗ്‌ കമ്മറ്റിയില്‍ തന്നെ നിക്ഷിപ്തമാണല്ലോ. എയ്ഡഡ്‌ മേഖലയിലെ നിയമനങ്ങളില്‍ കൈകടത്തലുകളല്ലെന്നും എന്നാല്‍ നിയന്ത്രണ വിധേയമാക്കുമെന്നുമാണ്‌ മുഖ്യമന്ത്രിയുടെ ഭാഷ്യം. ഡിവിഷന്‍ ഫാള്‍ കാരണം ജോലി നഷ്ടപ്പെട്ട്‌ നിരാധാരരായിത്തീരുന്ന അധ്യാപകരുടെ പ്രശ്നത്തിന്‌ ദശാബ്ദത്തിന്റെ പഴക്കമുണ്ട്‌. ഇതിന്‌ ഇതോടെ പരിഹാരമാകുമെന്ന്‌ പ്രതീക്ഷിക്കാം.
വിദ്യാഭ്യാസാവകാശ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ലഭിക്കുന്ന കേന്ദ്രഫണ്ടില്‍നിന്നുമാണ്‌ ഈ നടപടിക്ക്‌ വേണ്ടിവരുന്ന അധികത്തുക കണ്ടെത്തുക. അതിനാല്‍ സര്‍ക്കാരിന്‌ വരുന്ന അധികബാധ്യത 6.8 കോടി രൂപ മാത്രമാണ്‌. മൊത്തം ചെലവ്‌ പ്രതിവര്‍ഷം 264 കോടി രൂപയാണ്‌. ഇതോടെ 2920 എയ്ഡഡ്‌ അധ്യാപകര്‍ക്കും തലയെണ്ണലില്‍ ജോലി നഷ്ടപ്പെട്ട നാലായിരം അധ്യാപകര്‍ക്കും നിയമനം ലഭിക്കുന്നു. തലയെണ്ണലിന്‌ പകരം ഇനിമുതല്‍ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ സംവിധാനമാണ്‌ നിലവില്‍വരിക.
രണ്ടു മാസത്തെ തീവ്രപരിശീലനം ഇപ്പോള്‍ നിവലിലുള്ള ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ക്ക്‌ പുറമെ മൂന്നുവര്‍ഷം കൊണ്ടാണ്‌ ഇത്‌ പൂര്‍ത്തീകരിക്കുക. അധ്യാപകരുടെ പ്രകടനം വിലയിരുത്തും എന്നും ജില്ലാ തലത്തില്‍ മോണിറ്ററിംഗ്‌ അതോറിറ്റി രൂപീകരിക്കുമെന്നും മൂന്നു വര്‍ഷത്തിലൊരിക്കല്‍ പ്രകടനം വിലയിരുത്തും എന്നുമാണ്‌ നിര്‍ദ്ദേശം. അധ്യാപകര്‍ക്ക്‌ ചുമതലാബോധം നശിച്ച്‌ ശമ്പളത്തോട്‌ മാത്രം പ്രതിബദ്ധത നിലനിര്‍ത്തുന്ന സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശമാണ്‌ ഏറ്റവും സ്വാഗതാര്‍ഹം. പ്രത്യേകിച്ച്‌ വളര്‍ന്നുവരുന്ന തലമുറക്ക്‌ കുടുംബങ്ങളില്‍നിന്നുപോലും മൂല്യങ്ങള്‍ ലഭിക്കാന്‍ സാഹചര്യമില്ലാതായ പശ്ചാത്തലത്തില്‍ ഇവരുടെ സ്വഭാവരൂപീകരണം അധ്യാപകരുടെ പ്രത്യേക ബാധ്യതയാണ്‌. ഇതുകൂടി തിരിച്ചറിഞ്ഞ്‌ മാറുന്ന അനുകൂല സാഹചര്യത്തിലും കുറഞ്ഞ വിദ്യാര്‍ത്ഥി-അധ്യാപക അനുപാതത്തിലും അധ്യാപകര്‍ക്ക്‌ പ്രതിബദ്ധതയുണ്ടെങ്കില്‍ ഈ കര്‍ത്തവ്യം നിറവേറ്റാന്‍ സാധ്യമാണ്‌.

Related News from Archive
Editor's Pick