ഹോം » സംസ്കൃതി » 

മാനവോദ്ധാരണം

June 21, 2011

മനുഷ്യവടിവില്‍ ഈശ്വരന്‍ ഭൂമിയില്‍ അവതരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം മാനവോദ്ധാരണമാണ്‌. മനുഷ്യരാശിയുടെ ആദ്ധ്യാത്മികവും ധാര്‍മികവുമായ പുനരുജ്ജീവനമാണ്‌ ഇത്‌ അത്ഥമാക്കുന്നത്‌.
ജീവിതത്തിന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ മേഖലകളില്‍ ധര്‍മത്തിന്റെ ശക്തിയും വിശുദ്ധിയും തേജസ്സും പുനഃസ്ഥാപിതമാകണം. ഇതാണ്‌ ധാര്‍മിക പുനരുജ്ജീവനം. സംശയം, അവിശ്വാസം, നിരാശ ഇവയില്‍നിന്ന്‌ സര്‍വശക്തനോടുള്ള സുസ്ഥിരമായ വിശ്വാസത്തിലേക്കും മനുഷ്യജീവിതത്തിന്റെ പവിത്രതയേയും മഹത്വത്തേയും കുറിച്ചുള്ള ബോധത്തിലേക്കും മടങ്ങിവരിക. ഇതാണ്‌ ആദ്ധ്യാത്മികമായ പുനരുജ്ജീവനം.
നിങ്ങളുടെ മാനസികവ്യാപാരത്തിലും ജീവിതരീതിയിലും സ്വഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം ഒരു പരിവര്‍ത്തനം വന്നേ പറ്റൂ. ഈശ്വരാന്വേഷണത്തിന്‌ പ്രാരംഭമായി അനുഷ്ഠിക്കേണ്ടത്‌ ഇതാണ്‌.
വ്യക്തികളാണ്‌ കുടുംബത്തിന്റെ ഘടകങ്ങള്‍. കുടുംബങ്ങള്‍ സമൂഹത്തിന്റെ തിങ്ങളുന്ന ആഭരണങ്ങളും. ഈശ്വരനോടും ഈശ്വരനിയമങ്ങളോടും ഉള്ള സംയുക്തമായ ആദ്ധ്യാത്മികബോധമായിരിക്കണം വ്യക്തികളെ നേര്‍വഴിക്ക്‌ നയിക്കുന്ന ശക്തിവിശേഷം. എങ്കില്‍മാത്രമേ കുടുംബജീവിതത്തില്‍ അനുരഞ്ജനവും ദാമ്പത്യബന്ധത്തില്‍ സന്തുഷ്ടിയും സാമൂഹ്യസംവിധാനത്തില്‍ ഐശ്വര്യബോധവും രാഷ്ട്രത്തിന്‌ സമൃദ്ധിയും കൈവരികയുള്ളു.
മനസില്‍ നിന്ന്‌ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളില്‍ നിന്നും സംഘര്‍ഷാവസ്ഥയിലേയ്ക്കും ക്ഷോഭത്തെയും വൈരത്തേയും അകറ്റുന്നതിന്‌ ഈശ്വരനില്‍ ദൃഢവിശ്വാസവും ധര്‍മത്തോട്‌ ആദരവും ഉണ്ടാവുകതന്നെവേണം.
എവിടെ സത്യബോധം അല്ലെങ്കില്‍ ഈശ്വരഭക്തി അല്ലെങ്കില്‍ തീവ്രമായ സാന്മാര്‍ഗിക നിഷ്ഠ പുലരുന്നുവോ അവിടെ ആദ്ധ്യാത്മിക ശക്തി പ്രകടമാകും. ഈശ്വരിങ്കല്‍ നിങ്ങളുടെ പ്രജ്ഞ പ്രബുദ്ധമാകുമ്പോള്‍ ഈശ്വരമഹിമയിലും ഈശ്വരനിയമത്തിന്റെ പ്രവര്‍ത്തനത്തിലും ബോധവാന്മാരുകുമ്പോള്‍ നിങ്ങളുടെ കര്‍മങ്ങള്‍ സ്വാഭാവികമായിത്തന്നെ ധര്‍മാധിഷ്ഠിതമാകും.

Related News from Archive
Editor's Pick