ഹോം » പ്രാദേശികം » എറണാകുളം » 

വെണ്ടുരുത്തിപാലം അടുത്തമാസം ഗതാഗതത്തിന്‌ തുറന്നുകൊടുക്കും

August 11, 2011

കൊച്ചി പണി പൂര്‍ത്തീകരിച്ച പുതിയ വെണ്ടുരുത്തി പാലം സെപ്തംബര്‍ അവസാനത്തോടെ ഗതാഗതത്തിന്‌ തുറന്നുകൊടുക്കും. പഴയ വെണ്ടുരുത്തി പാലത്തിന്‌ സമാന്തരമായി രണ്ടുവരി പാതയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പൊതുമരാമത്ത്‌ വകുപ്പ്‌ 30 കോടി രൂപ ചെലവഴിച്ചാണ്‌ പുതിയ പാലം പണി പൂര്‍ത്തിയാക്കിയത്‌. 1938 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പഴയപാലത്തിലെ ഗതാഗതകുരുക്കിന്‌ ഇതോടെ ആശ്വാസമാകും.
ശരിയായ അറ്റകുറ്റപണികള്‍ നടത്താത്തതും ക്രമമായ ഇന്‍സ്പെക്ഷന്‍ ഇല്ലാത്തതുമാണ്‌ പഴയ പാലം നശിക്കാന്‍ കാരണം. കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിന്റെ ഡ്രെഡ്ജര്‍ പഴയ പാലത്തില്‍ രണ്ടുതവണ ഇടിച്ചെങ്കിലും അതിനെ അതിജീവിക്കാന്‍ പാലത്തിനു കഴിഞ്ഞിരുന്നു.
പൊതുമരാമത്ത്‌ വകുപ്പിന്റെയും കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിന്റെയും അനാസ്ഥമൂലം പാലത്തിന്റെ ഉപരിതലത്തില്‍ ഉണ്ടായ കുഴികള്‍ ശരിയായ രീതിയില്‍ അടച്ച്‌ ഗതാഗത യോഗ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതുമൂലം തിരക്കേറിയ സമയങ്ങളില്‍ പാലത്തില്‍ ഗതാഗത തടസ്സം പതിവായി. ശരിയായ ഡ്രെയ്നേജ്‌ സംവിധാനമില്ലാത്തതിനാല്‍ പാലത്തിന്റെ ഉപരിതലത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനും അതുവഴി കുഴികള്‍ ഉണ്ടാകുന്നതിനും കാരണമായി. ഇതിന്റെ ഫലമായി ഇരുചക്ര വാഹനങ്ങളും ഭാരം കയറ്റിയ വണ്ടികളും നടപ്പാതകളിലേക്ക്‌ കയറി സഞ്ചരിക്കാന്‍ തുടങ്ങിയത്‌ സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുണ്ടാക്കിയിരുന്നു. പുതിയ പാലം ഗതാഗതയോഗ്യമായാല്‍ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മറ്റു ചെറിയ വണ്ടികളും പഴയ പാലത്തിലൂടെ വിടാനാണ്‌ ഉദ്ദേശിക്കുന്നത്‌. വെണ്ടുരുത്തി പാലം മുതല്‍ മട്ടാഞ്ചേരി ബിഒടി പാലം വരെയുള്ള റോഡുകളുടെ അറ്റകുറ്റപണികള്‍ മഴക്കാലം കഴിഞ്ഞതിനുശേഷം നടക്കും. നേവല്‍ ബേസിന്‌ മുന്നിലുള്ള കുഴികള്‍ കോണ്‍ക്രീറ്റ്‌ ഉപയോഗിച്ച്‌ അടയ്ക്കുക ചെലവ്‌ കൂടിയ പ്രക്രിയയാണ്‌. അതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. മട്ടാഞ്ചേരി പാലം വരെയുള്ള ഭാഗം നന്നാക്കുന്നതിന്‌ ബിറ്റുമിനസ്‌ മക്കേഡവും ബിറ്റുമിനസ്‌ കോണ്‍ക്രീറ്റുമാണ്‌ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്‌. പാലം നിര്‍മ്മിക്കുന്നതില്‍ കൊച്ചി തുറമുഖ ട്രസ്റ്റും നേവിയും തമ്മില്‍ നിലനിന്ന ആശയകുഴപ്പമാണ്‌ പുതിയ പാലം നിര്‍മ്മാണം വൈകിപ്പിച്ചത്‌.

Related News from Archive
Editor's Pick