ഹോം » വാര്‍ത്ത » പ്രാദേശികം » എറണാകുളം » 

3.5 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പയ്ക്ക്‌ ധാരണയായി; 99 പരാതികളില്‍ 70 ശതമാനം പരിഹരിച്ചു

August 11, 2011

കൊച്ചി: ജില്ലയിലെ വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട്‌ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച അദാലത്തില്‍ വിവിധ കേസുകളിലായി 3.5 കോടി രൂപയുടെ വായ്പ അനുവദിക്കാന്‍ ധാരണയായി. നഴ്സിങ്‌ മേഖലയില്‍ വിദ്യാഭ്യാസവായ്പ ഇതുവരെ 2.5 ലക്ഷം രൂപയായിരുന്നത്‌ വര്‍ധിപ്പിക്കാനും ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന്‌ ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്‌ പരീത്‌ പറഞ്ഞു. 99 പരാതികളാണ്‌ അദാലത്തില്‍ ലഭിച്ചത്‌. 30 ബാങ്കുകള്‍ പങ്കെടുത്ത അദാലത്തില്‍ 65 പരാതികള്‍ക്ക്‌ അദാലത്തില്‍ പരിഹാരമായി. ബാക്കിയുള്ള പരാതികളിന്‍മേല്‍ ബാങ്കുകള്‍ മുഖേന പരിഹാര നടപടികള്‍ കൈകൊള്ളും. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഒരു വിദ്യാഭ്യാസ വായ്പ അദാലത്ത്‌ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്നത്‌ എന്ന്‌ ലീഡ്‌ ബാങ്ക്‌ മാനേജര്‍ കെ.ആര്‍.ജയപ്രകാശ്‌ പറഞ്ഞു.
ഇന്ത്യന്‍ ബാങ്ക്സ്‌ അസോസിയേഷന്‍ കാലാകാലങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക്‌ വിധേയമായാണ്‌ എല്ലാ ബാങ്കുകളും വിദ്യാഭ്യാസ ലോണുകള്‍ നല്‍കുന്നത്‌. വ്യക്തിപരമായി നേരിടുന്ന പ്രശ്നങ്ങളാണ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന വായ്പ അദാലത്തില്‍ പരിഗണിച്ചത്‌. നിലവില്‍ വിദ്യഭ്യാസ വായ്പയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാകളക്ടര്‍ ചെയര്‍മാനായുള്ള വിദ്യാഭ്യാസ ലോണ്‍ കമ്മറ്റി നിലവിലുണ്ട്‌. ജില്ലയില്‍ വിദ്യാഭ്യാസ ലോണ്‍ സംബന്ധിച്ച പരാതികള്‍ കൂടിയ സന്ദര്‍ഭത്തിലാണ്‌ ഇത്തരമൊരു അദാലത്ത്‌ സംഘടിപ്പിച്ചതെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌ പറഞ്ഞു.
ബാങ്കുകളേയും പരാതിക്കാരേയും നേരിട്ട്‌ വിളിപ്പിച്ച്‌ പരാതികളിന്‍മേല്‍ ഉടനടി പരിഹാരം കാണുകയായിരുന്നു ലക്ഷ്യമെന്ന്‌ ജില്ലാ കളക്ടര്‍ പറഞ്ഞു. 50ന്‌ മുകളില്‍ പരാതികള്‍ ലഭിച്ചാല്‍ അടുത്ത മാസത്തില്‍ വീണ്ടും അദാലത്ത്‌ സംഘടിപ്പിക്കും. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്‌ യൂണിയന്‍ ബാങ്കിനെതിരെയാണ്‌. 12 പരാതികളാണ്‌ ഇവര്‍ക്കെതിരെ കിട്ടിയത്‌. ഏറ്റവും കുറവ്‌ പരാതികള്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍, ദേന ബാങ്ക്‌, ഓറിയന്റ്‌ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌ എന്നിവയ്ക്കെതിരെയായിരുന്നു. ഓരോ പരാതികള്‍ വീതമാണ്‌ ലഭിച്ചത്‌.
തിരിച്ചടവില്‍ ഇളവ്‌ ആവശ്യപ്പട്ടുള്ള10 പരാതികള്‍ ലഭിച്ചു. വായ്പയായി ആവശ്യപ്പെട്ട തുകയിലും വളരെ കുറവ്‌ തുക മാത്രമേ അനുവദിച്ചുള്ളൂ, വായ്പ ലഭിക്കുന്നതിന്‌ കാലതാമസം വരുത്തി, തിരിച്ചടക്കാനുള്ള കാശിന്‌ ഇളവ്്‌ ലഭിക്കണം, പരിശ സബ്സിഡി അനുവദിക്കണം തുടങ്ങി നിരവധി ആവശ്യങ്ങളുമായാണ്‌ പരാതിക്കാര്‍ അദാലത്തിനെത്തിയത്‌. വ്യക്തമായ കാരണങ്ങളില്ലാതെ ആരുടേയും വായ്പ നിരസിക്കില്ലെന്ന്‌ കളക്ടര്‍ പറഞ്ഞു. വായപക്കാര്‍ താമസിക്കുന്ന വാര്‍ഡിലുള്ള ബാങ്കുകളാണ്‌ വിദ്യാഭ്യാസ വായ്പ അനുവദിക്കേണ്ടണ്ടത്‌.
കളക്ടറുടെ അദ്ധ്യക്ഷതിയില്‍ നടന്ന അദാലത്തില്‍ എഡിഎം ഇ.കെ.സുജാത, ലീഡ്‌ ബാങ്ക്‌ ഡെപ്പ്യൂട്ടി ജനറല്‍ മാനേജര്‍ എം.കെ.മേത്ത, റീടെയില്‍ ലോണ്‍ സെന്റര്‍ അസി: ജനറല്‍ മാനേജര്‍ രവി ചന്ദ്രന്‍, കോളേജിയറ്റ്‌ വിദ്യാഭ്യാസം ഡെപ്പ്യൂട്ടി ഡയറക്ടര്‍ പി.കെ.വേലായുധന്‍, ലീഡ്‌ ബാങ്ക്‌ മാനേജര്‍ കെ.ആര്‍.ജയപ്രകാശ്‌, വിവിധ ബാങ്ക്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick