ഇന്ത്യ-യുഎസ്‌ ബന്ധം ശക്തമായ പങ്കാളിത്തത്തിലേക്ക്‌ വളര്‍ന്നു

Friday 12 August 2011 9:39 pm IST

വാഷിംഗ്ടണ്‍: യുഎസ്‌-ഇന്ത്യാ സഹായം ശക്തമായ പങ്കാളിത്തത്തിലേക്ക്‌ വളര്‍ന്നിരിക്കുകയാണെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ തയ്യാറാക്കിയ ആശംസാ കുറിപ്പിലാണ്‌ അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും, മഹാത്മാഗാന്ധിയുടെ നേതൃത്വവും ലോകത്തിനുതന്നെ മാതൃകയാണെന്നും അഹിംസാ മാര്‍ഗത്തിലൂന്നിയുള്ള സഹനസമരത്തിന്‌ ലോകത്തില്‍ പ്രസക്തിയേറി വരികയാണെന്നും അവര്‍ പറഞ്ഞു. ദല്‍ഹിയിലും ചെന്നൈയിലും നടത്തിയ സന്ദര്‍ശനങ്ങളിലൂടെ ഇന്ത്യയുടെ ആതിഥേയത്വവും പ്രകൃതിഭംഗിയും ഒരിക്കല്‍ക്കൂടി തനിക്കനുഭവിക്കാനായി എന്നും ഹിലരി ഓര്‍മിച്ചു. ഇന്ത്യ-യുഎസ്‌ ബന്ധം ഇനിയും വളരെയധികം വികാസം പ്രാപിക്കും. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക്‌ പ്രയോജനപ്രദമായ പല കാര്യങ്ങളും ഇത്തരമൊരു ബന്ധത്തില്‍നിന്നും ഉരുത്തിരിയുകയുംചെയ്യും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.