ഹോം » ഭാരതം » 

സര്‍ക്കാര്‍ ജനാധിപത്യ മര്യാദ പാലിക്കണം: യുഎസ്‌

August 12, 2011

ന്യൂദല്‍ഹി: പ്രക്ഷോഭ പരിപാടികള്‍ സമാധാനപരമായി കൈകാര്യം ചെയ്യുന്നതിന്‌ സര്‍ക്കാര്‍ ജനാധിപത്യമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ വക്താവ്‌ വിക്ടോറിയ നൂലണ്ട്‌ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കാര്യക്ഷമമായ ലോക്പാല്‍ ബില്ലിനായി അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ 16 മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങാനിരിക്കെയാണ്‌ അവര്‍ മാധ്യമ പ്രവര്‍ത്തകരോട്‌ ഇത്തരത്തില്‍ പ്രതികരിച്ചത്‌.
സമാധാന മാര്‍ഗങ്ങളേയും ലോകത്തിലെ അഹിംസാ പ്രതിഷേധങ്ങള്‍ നടത്തുന്നതിനുള്ള അവകാശത്തെ അമേരിക്കന്‍ ഭരണകൂടം പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി പ്രക്ഷോഭ പരിപാടികള്‍ കൈകാര്യം ചെയ്യുന്നതിനും ജനാധിപത്യ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അവര്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
തന്നെ ബലപ്രയോഗത്തിലൂടെ ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കുന്ന പക്ഷം ജലപാനംപോലും ഉപേക്ഷിക്കുമെന്നാണ്‌ ഹസാരെയുടെ നിലപാട്‌. ദല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്ല മൈതാനത്തിനടുത്തുള്ള വേദിയിലാണ്‌ ഹസാരെ സംഘം സത്യഗ്രഹം നടത്തുന്നത്‌. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക്‌ വൈദ്യുത വിളക്കുകള്‍ അണച്ച്‌ മണ്‍ചിരാതുകള്‍ തെളിക്കണമെന്ന്‌ ഹസാരെ രാഷ്ട്രത്തോട്‌ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഹസാരെയുടെ നിരാഹാരത്തെക്കുറിച്ച്‌ അമേരിക്ക അഭിപ്രായപ്രകടനം നടത്തിയതില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അതൃപ്തി പ്രകടപ്പിച്ചു. തികച്ചും അനുചിതമായ അഭിപ്രായപ്രകടനമാണ്‌ അമേരിക്കയുടെ ഭാത്തുനിന്നുണ്ടായതെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌.

Related News from Archive
Editor's Pick