ഹോം » വാര്‍ത്ത » ഭാരതം » 

ഗോവയില്‍ നാല്‍പ്പതിലേറെ അനധികൃത ഖാനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ പിഎസി റിപ്പോര്‍ട്ട്‌

August 12, 2011

പനാജി: സംസ്ഥാനത്തെ വനമേഖലകളില്‍ നാല്‍പ്പതോളം വരുന്ന അനധികൃത ഖാനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഗോവ നിയമസഭയുടെ പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റി (പിഎസി) പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ പറയുന്നു. വനമേഖലകളോട്‌ ചേര്‍ന്നുകിടക്കുന്ന താലൂക്കുകളായ സട്ടാറി, സന്‍ഗും, കുയിവം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഴുപത്‌ ഖാനികളില്‍ നാല്‍പ്പത്തിയൊന്നെണ്ണത്തിന്‌ നിയമസാധുതയില്ലെന്നാണ്‌ പിഎസി കണ്ടെത്തിയിരിക്കുന്നത്‌.
വനപ്രദേശങ്ങളില്‍ ഇത്തരം ഖാനികള്‍ നടത്തുന്ന ഇടപെടലുകളില്‍ ദുരൂഹതയുണ്ടെന്നും വനവകുപ്പിന്റെ എന്‍ഒസി സര്‍ട്ടിഫിക്കറ്റ്‌ നേടിയെടുക്കാതെയാണ്‌ അനധികൃത ഖാനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും മനോഹര്‍ പരികര്‍ നേതൃത്വം നല്‍കുന്ന പിഎസിയുടെ റിപ്പോര്‍ട്ടിലുണ്ട്‌. മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇത്തരം ഖാനികള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന്‌ പിഎസി ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം അനുവദനീയമായ അളവില്‍ കൂടുതല്‍ ഖാനനം നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടയില്‍ 98 ലക്ഷം മെട്രിക്‌ ടണ്ണോളം ഇരുമ്പയിര്‌ സംസ്ഥാനത്തുനിന്നും അനധികൃതമായി കടത്തപ്പെട്ടിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാരിലേക്കുള്ള നികുതിപോലും അടക്കാതെയാണ്‌ ഇത്തരം അനധികൃത ഇടപാടുകള്‍ നടക്കുന്നത്‌, റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു.
ഇതോടൊപ്പം സംസ്ഥാനത്തുനിന്നും കുഴിച്ചെടുക്കുന്ന ഇരുമ്പയിരിന്റെ മുപ്പതു ശതമാനത്തിലധികം ഇപ്പോഴും അനധികൃതമായി കടത്തപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട്‌ നിരീക്ഷിക്കുന്നു. 2010-11 കാലയളവില്‍ 54 മില്യണ്‍ മെട്രിക്‌ ടണ്‍ അയിര്‌ ഗോവ കയറ്റി അയച്ചിട്ടുണ്ടെന്നും ഇത്‌ റെക്കോര്‍ഡാണെന്നും പിഎസി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ കയറ്റുമതി സംബന്ധിച്ച കൂടുതല്‍ വിവരശേഖരണം നടത്തുന്നതിലൂടെ അനധികൃത ഖാനനത്തെക്കുറിച്ചുള്ള വ്യക്തമായ കണക്കുകള്‍ തെളിയിക്കപ്പെടുമെന്നും റിപ്പോര്‍ട്ട്‌ അവകാശപ്പെടുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick