തിരുവനന്തപുരം: ലോവര്‍ പ്രൈമറിയുടെ അവസാനമായ അഞ്ചാം ക്ലാസിലും അപ്പര്‍ പ്രൈമറിയുടെ അവസാനമായ എട്ടാം ക്ലാസിലും സ്കൂളുകളില്‍ പൊതുപരീക്ഷ നടത്തണമെന്നു സംസ്ഥാനതല പാഠ്യപദ്ധതി പരിഷ്കരണ സമിതി റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥി ആര്‍ജിച്ച പഠനനേട്ടത്തിന്റെ നിലനിര്‍ണയം (ബഞ്ച് മാര്‍ക്കിംഗ്) പരിശോധിക്കുകയാണ് പൊതുപരീക്ഷ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പരീക്ഷ എഴുതുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
പ്രീപ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള സമഗ്രമായ പരിഷ്കരണം നിര്‍ദേശിക്കുന്ന സംസ്ഥാനതലപാഠ്യപദ്ധതി പരിഷ്കരണ സമിതി റിപ്പോര്‍ട്ട് ഇന്നലെ സമിതി ചെയര്മാന് അലിഗഡ് സര്‍വകലാശാല മുന്‍ വിസി ഡോ. പി.കെ.അബ്ദുല്‍ അസീസ് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറി. ആര്‍ടിഇ നിയമമനുസരിച്ച് ലോവര്‍ പ്രൈമറി തലം ഒന്നു മുതല്‍ അഞ്ച് വരെയും അപ്പര്‍ പ്രൈമറി തലം ആറു മുതല്‍ എട്ട് വരെയും സെക്കന്ററി തലം 9 മുതല്‍ 10 വരെയും ഹയര്‍ സെക്കന്ററി തലം 11 മുതല്‍ 12 വരെയും ആയി നിജപ്പെടുത്തണം.
ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസുകളിലേക്ക് ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ തയാറാക്കണം. പ്രീപ്രൈമറി വിദ്യാഭ്യാസത്തെ കൂടി ഏകീകൃത പാഠ്യപദ്ധതി രൂപീകരിച്ച് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റേണ്ടതാണ്. ശ്രേഷ്ഠഭാഷ എന്ന നിലയിലും മാതൃഭാഷ എന്ന നിലയിലും മലയാളഭാഷാ പഠനത്തിന് പ്രത്യേകം പ്രാധാന്യം നല്‍കണം. ഇതിനായി മലയാളപ്രതിഭാ പരീക്ഷ, സ്കോളര്‍ഷിപ്പുകള്‍, മലയാളം മാധ്യമത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉന്നതപഠനത്തിന് മുന്ഗണണ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
പഠിതാവില്‍ കേന്ദ്രീകൃതവും പ്രക്രിയാബന്ധിതവും പ്രവര്ത്തോന്മുഖവും മൂല്യാധിഷ്ഠിതവുമായ പാഠ്യപദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. നൂതനമായ ബോധന കേന്ദ്രങ്ങള്‍ പാഠ്യഭാഗത്തിന് അനുയോജ്യമായി അധ്യാപകര്‍ ക്ലാസില്‍ ഉപയോഗിക്കേണ്ടതാണ്. ദുരന്തനിവാരണം, റോഡ് സുരക്ഷ, പ്രകൃതി സംരക്ഷണം, മാധ്യമസാക്ഷരത, ഭക്ഷ്യസുരക്ഷ, സ്വയംതൊഴില്‍ സാധ്യതകള്‍ തുടങ്ങി കാലിക പ്രസക്തമായ മേഖലകള്‍ പാഠ്യഭാഗത്തില്‍ ഉള്‍പ്പെടുത്തണം. മൂല്യാധിഷ്ഠിത കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും ജീവിത വിജയത്തിനും അവശ്യം വേണ്ടതുമായ എട്ടുതരം നൈപുണികള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം
ജൈവവൈവിധ്യ നിയന്ത്രണം, സംസ്ഥാന ജൈവവൈവിധ്യചട്ടങ്ങള് എന്നിവയില്‍ പരാമര്‍ശിച്ചിട്ടുള്ള ജൈവവൈവിധ്യസംരക്ഷണവും സുസ്ഥിര ഉപയോഗവും പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ ഭാഗമായി അഞ്ചു മുതല്‍ 12 വരെ ക്ലാസുകളില്‍ ഉള്‍പ്പെടുത്തണം. പഠനഫലങ്ങളുടെ നിരന്തരവും സമഗ്രവുമായ വിലയിരുത്തലാണ് നടത്തേണ്ടത്. ആസൂത്രിതവും ആവശ്യാധിഷ്ഠിതവും കാലാനുസൃതവുമായ അധ്യാപകശാക്തീകരണ പരിപാടികള്‍ സമയബന്ധിതമായ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പാക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: