ഹോം » പൊതുവാര്‍ത്ത » 

കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഹസാരെക്കെതിരെ

August 12, 2011

ന്യൂദല്‍ഹി: അഴിമതിക്കെതിരെ സമഗ്രമായ ലോക്പാല്‍ ബില്ലിനുവേണ്ടി പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നടത്താനിരിക്കുന്ന നിരാഹാര സത്യഗ്രഹത്തിന്‌ കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശനം. ബില്‍ പാസാക്കുന്ന ഘട്ടത്തിലുള്ള പ്രതിഷേധം ന്യായീകരിക്കത്തക്കതല്ലെന്നാണ്‌ കേന്ദ്ര നിലപാട്‌.
എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമൂണ്ടെങ്കിലും പശ്ചാത്തലവും സാഹചര്യങ്ങളുമാണ്‌ അതിന്റെ ശരിതെറ്റുകള്‍ തീരുമാനിക്കുകയെന്ന്‌ ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. ലോക്പാല്‍ ബില്‍ നിലവില്‍വരുന്നതിന്‌ മുമ്പാണ്‌ ആദ്യം ഹസാരെ സത്യഗ്രഹം നടത്തിയത്‌. ഇപ്പോള്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഹസാരെയുടെ പ്രതിഷേധം ന്യായീകരിക്കാനാവില്ലെന്ന്‌ മാധ്യമങ്ങള്‍ക്കായുള്ള മന്ത്രിതല സമിതിയുടെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.
ഹസാരെയുടെ ആരോഗ്യസ്ഥിതി മോശമായാലുള്ള സാഹചര്യം പരാമര്‍ശിക്കവെ, ആരുടെ ജീവന്‍ അപകടത്തിലായാലും ഇടപെടാനുള്ള കടമ മാത്രമല്ല അവകാശവും സര്‍ക്കാരിനുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി പറഞ്ഞു. “സത്യഗ്രഹത്തിന്‌ അനുമതി നല്‍കുന്ന കാര്യം പോലീസ്‌ കമ്മീഷണര്‍ പരിശോധിച്ചുവരികയാണ്‌. അദ്ദേഹത്തിന്റെ തീരുമാനം വരട്ടെ.” സര്‍ക്കാരിന്റെ കരട്‌ ബില്ലിനെക്കുറിച്ച്‌ സ്റ്റാന്റിംഗ്‌ കമ്മറ്റിയിലും പാര്‍ലമെന്റിലും വരുന്ന നിര്‍ദ്ദേശങ്ങളില്‍ ചിലത്‌ സ്വീകരിക്കുമെന്നും ചിദംബരം വ്യക്തമാക്കി.

Related News from Archive
Editor's Pick