ഹോം » പ്രാദേശികം » കാസര്‍കോട് » 

നഗരസഭാ കെട്ടിടവും സ്ഥലവും ചട്ടവിരുദ്ധമായി സ്വകാര്യ സ്കൂളിന്‌ നല്‍കാന്‍ നീക്കം

August 12, 2011

കാഞ്ഞങ്ങാട്‌: പുതിയകോട്ടയിലെ പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിന്‌ അടുത്ത്‌ പ്രധാന റോഡരികില്‍ നഗരസഭയുടെ അധീനതയിലുള്ള ദൊഡ്ഡി കെട്ടിടവും ഏതാണ്ട്‌ അരക്കോടിയിലധികം വിലമതിക്കുന്ന ഭൂമിയും തൊട്ടടുത്തുള്ള സ്വകാര്യ സ്കൂളിന്‌ വിട്ടുകൊടുക്കാന്‍ നീക്കം ദൊഡ്ഡി നിലനില്‍ക്കുന്ന സ്ഥലത്ത്‌ കുടുംബശ്രീയുടെ വിപണകേന്ദ്രത്തിന്‌ കെട്ടിടം പണിയാനുള്ള നിര്‍ദ്ദേശങ്ങളും തുടര്‍ നടപടികളും ഇതോടെ നഗരസഭാ അധികൃതര്‍ അട്ടിമറിക്കുകയായിരുന്നു. കല്ലംചിറയിലുള്ള കുടുംബശ്രീക്കുവേണ്ടി വിപണ കേന്ദ്രം തുടങ്ങാന്‍ ദൊഡ്ഡി സ്ഥതിചെയ്യുന്ന രണ്ട്‌ സെണ്റ്റ്‌ സ്ഥലത്ത്‌ പുതിയ ഒരു കെട്ടിടം പണിയണമെന്ന്‌ വാര്‍ഡ്‌ കൌണ്‍സിലറായ ടി.വി.ശൈലജ അധികൃതരോട്‌ ആവശ്യപ്പെട്ടിരുന്നു. കെട്ടിട നിര്‍മ്മാണത്തിന്‌ നേരത്തെ തന്നെ നഗരസഭാ ബജറ്റില്‍ അഞ്ച്‌ ലക്ഷം രൂപയോളം നീക്കിവെച്ചിട്ടുണ്ട്‌. ടി.വി.ശൈലജയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ്‌ നഗരസഭാ വികസന ക്ഷേമ കാര്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ഇത്‌ അംഗീകരിക്കുകയും ഇതിനുള്ള അനുമതിക്കായി വിഷയം നഗരസഭാ കൌണ്‍സിലിന്‌ വിടുകയും ചെയ്തിരുന്നു. ഈ വിഷയം നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും കുടുംബശ്രീക്ക്‌ കെട്ടിടം പണിയുന്നതിനോട്‌ താല്‍പ്പര്യം കാട്ടുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കൌണ്‍സില്‍ യോഗം പൊതുമരാമത്ത്‌ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതില്‍ അന്തിമ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനോ നടപടി സ്വീകരിക്കാനോ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി തയ്യാറായില്ല. ഇത്‌ സംബന്ധിച്ച ഫയല്‍ പൂഴ്ത്തിവച്ച നിലയിലാണ്‌. രണ്ട്‌ സെണ്റ്റ്‌ സ്ഥലം സ്വകാര്യ സ്കൂളിന്‌ കൈമാറുന്നതിനുള്ള തന്ത്രത്തിണ്റ്റെ ഭാഗമായാണ്‌ കുടുംബശ്രീ വിപണനകേന്ദ്രത്തിന്‌ കെട്ടിടം പണിയാനുള്ള തീരുമാനം അട്ടിമറിച്ചത്‌ എന്ന്‌ സൂചനയുണ്ട്‌. ചില നഗരസഭാ അധികൃതര്‍ സ്വകാര്യ സ്കൂളിന്‌ നിരുപാധികം സ്ഥലം വിട്ടുകൊടുക്കാന്‍ ചരടുവലി നടത്തിവരികയാണെന്നും ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്‌. ദൊഡ്ഡി സ്ഥലം പൊതു ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കണമെന്ന്‌ ആവശ്യം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്‌. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്‌ നഗരസഭ ഭൂമി വിട്ടുകൊടുക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുമെന്ന്‌ ഉറപ്പാണ്‌.

Related News from Archive
Editor's Pick