ഹോം » പ്രാദേശികം » എറണാകുളം » 

അയിനിതോടിന്റെ കയ്യേറ്റം: ഒഴിപ്പിക്കല്‍ നടപടി തുടങ്ങി

August 12, 2011

മരട്‌: അയിനി തോടിന്റെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികള്‍ ഇന്നലെ വീണ്ടും തുടങ്ങി. മൂന്ന്‌ കിലോമീറ്ററോളം നീളത്തില്‍ മരടിലൂടെ ഒഴുകുന്ന തോടിന്റെ ഇരുവശങ്ങളുമാണ്‌ സ്വകാര്യ വ്യക്തികള്‍ വ്യാപകമായി കയ്യേറ്റം നടത്തിയിരുന്നത്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിലധികമായി ഇതു സംബന്ധിച്ച്‌ നടന്നുവന്നിരുന്ന കേസ്‌ തീര്‍പ്പായതിനെത്തുടര്‍ന്നാണ്‌ 66 കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കാന്‍ മരട്‌ നഗരസഭ ഇന്നലെ നടപടികള്‍ ആരംഭിച്ചത്‌.
നഗരസഭാ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സാന്നിധ്യത്തിലാണ്‌ ഇന്നലെ രാവിലെ മുതല്‍ കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്‌. അയിനി ക്ഷേത്രം റോഡിലെ പത്തോളം അനധികൃത കയ്യേറ്റങ്ങളാണ്‌ നഗരസഭ എഞ്ചിനീയറുടെയും മറ്റ്‌ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ജെസിബി ഉപയോഗിച്ചും തൊഴിലാളികളുടെ സഹായത്തോടെയും പൊളിച്ചുനീക്കിയത്‌. നടപടിയുടെ ഭാഗമായി തോട്‌ കയ്യേറി നിര്‍മിച്ച മതിലുകളും ഗെയിറ്റ്‌, വീടുകളുടെ ഭാഗങ്ങള്‍ എന്നിവയും ചെറിയ മരങ്ങളും നീക്കം ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ മരട്‌ പ്രദേശത്ത്‌ വെള്ളക്കെട്ട്‌ വ്യാപകമായിരുന്നു. കയ്യേറ്റങ്ങള്‍ മൂലം അയിനിതോടിന്റെ വീതി കുറഞ്ഞതും നീരൊഴുക്ക്‌ തടസപ്പെട്ടതുമാണ്‌ വെള്ളക്കെട്ടിന്‌ കാരണമായതെന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ്‌ അടിയന്തര നടപടിക്ക്‌ നഗരസഭ തയ്യാറായത്‌.
അയിനി തോടിന്റെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ പ്രദേശത്തെ ‘ഗ്രാമശക്തി’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ്‌ കഴിഞ്ഞ പത്ത്‌ വര്‍ഷത്തിലധികമായി കോടതിയില്‍ കേസ്‌ നടന്നുവന്നിരുന്നത്‌. ഇതിനിടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന്‌ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന്റെയും വിധിയുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകളെത്തുടര്‍ന്ന്‌ ഒഴിപ്പിക്കല്‍ നടപടിക്ക്‌ മുന്‍ പഞ്ചായത്ത്‌ ഭരണസമിതി തയ്യാറായില്ല. വെള്ളക്കെട്ട്‌ രൂക്ഷമാവുകയും വേനല്‍ക്കാലത്ത്‌ ഒഴുക്ക്‌ നിലച്ച തോട്ടില്‍ മാലിന്യം അഴുകി ആരോഗ്യപ്രശ്നം സൃഷ്ടിക്കുവാനും തുടങ്ങിയതോടെയാണ്‌ കയ്യേറ്റം ഒഴിപ്പിച്ച്‌ തോട്‌ പൂര്‍വ സ്ഥിതിയിലാക്കണമെന്ന ആവശ്യം ശക്തമായത്‌. മാലിന്യം നീക്കി തോട്‌ കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്‌.

Related News from Archive
Editor's Pick