ഹോം » പൊതുവാര്‍ത്ത » 

വാര്‍ത്തകള്‍ ചോരുന്നത് അപമാനകരം – പിണറായി വിജയന്‍

August 13, 2011

കണ്ണൂര്‍: പാര്‍ട്ടിക്കുള്ളിലെ വാര്‍ത്തകള്‍ ചോരുന്നത്‌ സി.പി.എമ്മിന് അപമാനകരമാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വാര്‍ത്തകള്‍ ചോരുന്നതിനെ കുറിച്ച്‌ പാര്‍ട്ടി അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനെതിരെ കേന്ദ്ര നേതൃത്വത്തിന്‌ സംസ്ഥാന സമിതി പരാതി നല്‍കിയിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പരാതി നല്‍കിയെന്നത്‌ മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ വ്യക്തമാക്കി.

വിഭാഗീയതയെ സംബന്ധിച്ച് വി.എസ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ സംസ്ഥാന കമ്മിറ്റി പരാതി നല്‍കിയിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍. പാര്‍ട്ടിക്കുള്ളിലെ വാര്‍ത്തകള്‍ ചോരുന്നത്‌ സി.പി.എമ്മിനെ പോലുള്ള പാര്‍ട്ടിയ്ക്ക്‌ അഭിമാനകരമല്ല. വാര്‍ത്തകള്‍ ചോരുന്നതിനെ കുറിച്ച്‌ പാര്‍ട്ടി അന്വേഷണം നടത്തി വരികയാണ്‌. വാര്‍ത്ത ചോര്‍ന്നു കിട്ടുന്നത്‌ മാധ്യമങ്ങളുടെ മികവ്‌ കൊണ്ടു മാത്രമല്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്നു കിട്ടുന്ന എല്ലാ വാര്‍ത്തകളും ശരിയല്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്‌ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വി.എസ്‌.അച്യുതാനന്ദന്‍ തന്നെ നിഷേധിച്ചിട്ടുണ്ട്‌. പോസ്റ്റര്‍ വിവാദത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അതൊന്നും പാര്‍ട്ടിയുടെ ഭാഗമല്ല എന്നായിരുന്നു പിണറായിയുടെ മറുപടി.

പാമോയില്‍ കേസുമായി ബന്ധപ്പെട്ട്‌ കോടിയേരി നടത്തിയ പ്രസ്താവന പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടില്ലെന്നും പിണറായി പറഞ്ഞു. കോടതി വിധി വന്ന ഉടനെയുള്ള ആദ്യ പ്രതികരണം മാത്രമായിരുന്നു അത്‌. പിന്നീട്‌ അദ്ദേഹം തന്നെ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിരുന്നുവെന്നും പിണറായി ഒരു ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

ആസൂത്രണ കമ്മീഷന്‍ അംഗമായി തരുണ്‍ദാസിനെ നിയമിച്ചത്‌ ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ആണെന്നും പിണറായി ചോദിച്ചു. കോര്‍പ്പറേറ്റുകളുടെ വക്താവ്‌ ആയ തരുണ്‍ദാസിനെ ബോര്‍ഡ്‌ അംഗമാക്കുന്നത്‌ കൊക്കോകോളയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

കാസര്‍കോട്‌ വെടിവയ്‌പു കേസുമായി ബന്ധപ്പെട്ട്‌ മുസ്ലീംലീഗിന്റെ ഗൂഢാലോചനയെ കുറിച്ച്‌ അന്വേഷിക്കണം. ഈ സംഭവത്തില്‍ പോലീസുകാരുടെ മൊഴി നിസാരമായി തള്ളാനാവില്ല. ജഡ്ജിയുടെ വീട്‌ ആക്രമിച്ചത്‌ ജനാധിപത്യവിരുദ്ധമായ പ്രവൃത്തിയാണെന്നും പിണറായി പറഞ്ഞു.

ബസ്‌ ചാര്‍ജ്ജില്‍ കടുത്ത വര്‍ദ്ധനവാണ്‌ വരുത്തിയിരിക്കുന്നതെന്നും, ഫെയര്‍ സ്റ്റേജിലെ അപാകത പരിഹരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

Related News from Archive
Editor's Pick