ലണ്ടന്‍ കലാപം : ബ്രിട്ടണ്‍ വില്യം ബ്രാട്ടന്റെ ഉപദേശം തേടി

Saturday 13 August 2011 1:07 pm IST

ലണ്ടന്‍: ലണ്ടനില്‍ രൂക്ഷമായിരിക്കുന്ന കലാപം അടിച്ചമര്‍ത്തുന്നതിനായി യു.എസ്‌ സ്‌ട്രീറ്റ്‌ ക്രൈം വിദഗ്ദ്ധന്‍ വില്യം ബ്രാട്ടന്റെ ഉപദേശം പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ തേടി. ഒളിമ്പിക്‌സ്‌ ഗെയിംസിന്‌ ആതിഥേയത്വം വഹിക്കാനിരിക്കെ ലണ്ടനില്‍ ഉണ്ടായിരിക്കുന്ന കലാപം ബ്രിട്ടനെ ഏറെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കൂട്ടം ചേര്‍ന്നുള്ള ആക്രമണങ്ങളെയും ആക്രമകാരികളെയും കൈകാര്യം ചെയ്യുന്നതിനാണ്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ തന്റെ ഉപദേശം തേടിയതെന്ന്‌ ബ്രാട്ടന്‍ പറഞ്ഞു. ലണ്ടനിലെ തെരുവുകളിലെല്ലാം വന്‍ പോലീസ് സംഘത്തിന്റെ കാവലാണുള്ളത്‌. സാധാരണ ഡ്യൂട്ടിയിലുണ്ടാകാറുള്ള 2500 പേര്‍ക്ക്‌ പകരം 16,000 പൊലീസ്‌ ഓഫീസര്‍മാരാണ്‌ ഇപ്പോള്‍ തെരുവുകളില്‍ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടതെന്ന്‌ മെട്രോപൊളിറ്റന്‍ പോലീസ്‌ കമ്മിഷണര്‍ സ്റ്റീവ്‌ കവനാഗ്‌ പറഞ്ഞു.