ഹോം » കേരളം » 

മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടി – ഉമ്മന്‍‌ചാണ്ടി

August 13, 2011

തൃശൂര്‍: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുളള അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തൃശൂരില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നാല്‍‌പത്തി ഒമ്പതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജോലിക്കിടെ അപകടത്തില്‍പ്പെടുന്ന മാധ്യമ പ്രവര്‍ത്തകരെ സഹായിക്കാന്‍ നിയമം കൊണ്ടുവരണമെന്ന യൂണിയന്റെ ആവശ്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ആസ്ഥാനത്ത് യൂണിയനു സ്ഥലം അനുവദിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

സമൂഹത്തിലെ തിന്മകള്‍ക്കെതിരെ മാധ്യമങ്ങള്‍ ശക്‌തമായ പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പോലീസ്‌ സ്റ്റേഷനുകളില്‍ പരാതി നല്‍കിയാല്‍ അതിന്‌ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നതു സംബന്ധിച്ചു പരാതിക്കാരന്‌ അതാതു സ്ഥലത്തിരുന്നു മനസിലാക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

മന്ത്രി കെ.സി.ജോസഫ്‌ മുഖ്യതിഥി ആയിരുന്നു. മേയര്‍ ഐ.പി.പോള്‍ അധ്യക്ഷത വഹിച്ചു. മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍, എംപിമാരായ പി.സി.ചാക്കോ, കെ.പി.ധനപാലന്‍, പി.കെ.ബിജു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. അഞ്ഞൂറോളം പ്രതിനിധികള്‍ മൂന്നു ദിവസം നീളുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

Related News from Archive
Editor's Pick