ഹോം » സംസ്കൃതി » 

സുന്ദരകാണ്ഡം

August 13, 2011

വാനരന്മാരുടെ ശൗര്യത്തിന്റെ ഇരിപ്പിടം വാലിലാണ്‌. അല്ലാതെ മുഖമോ കൈയോ കാലോ അല്ല. അതിനാല്‍ വാലില്‍ തുണിചുറ്റി തീകൊളുത്തി ലങ്കാനഗരം മുഴുവന്‍ രാക്ഷസവീരന്മാര്‍ വാദ്യാഘോഷങ്ങളോടെ ‘രാത്രിയില്‍ വന്ന കള്ളന്‍’ എന്ന്‌ ഉച്ചത്തില്‍ പറഞ്ഞ്‌ ഹനുമാനേയും കൊണ്ട്‌ നടക്കണം.
കുലദ്രോഹി എന്നുപറഞ്ഞ്‌ മറ്റ്‌ വാനരന്മാര്‍ തേജസ്‌ നഷ്ടപ്പെട്ട (വാലില്‍ തുണിചുറ്റി കത്തിച്ചാല്‍ വാലിന്റെ ഭംഗി പോകും. കൂടാതെ വാനരരുടെ ശൗര്യവും വാലാണല്ലോ) ഇവനെ കൂട്ടത്തില്‍ നിന്ന്‌ പുറത്താക്കും. അപ്പോള്‍ രാവണ സദസ്സില്‍ വന്ന്‌ അഹങ്കാരം കാണിച്ചതിന്‌ അവന്‍ പശ്ചാത്തപിക്കും. രാവണഭടന്മാര്‍ രാവണന്റെ ആജ്ഞ നടപ്പിലാക്കാന്‍ തുടങ്ങി. നെയ്യിലും നല്ലെണ്ണയിലും നല്ലവണ്ണം മുക്കിയ തുണികള്‍ അതിവേഗം ചുറ്റുന്ന അവസരത്തില്‍ മലപോലെ ഇളകാതെ നിന്ന ഹനുമാന്റെ വാല്‍ പെട്ടെന്ന്‌ വളരാന്‍ തുടങ്ങി.
ലങ്കാപുരിയിലെ വസ്ത്രങ്ങളെല്ലാം ചുറ്റിത്തീര്‍ന്നിട്ടും ഹനുമാന്റെ വാല്‍ പിന്നെയും നീണ്ടുകിടന്നു. എല്ലാ വീടുകളില്‍ നിന്നും വസ്ത്രങ്ങള്‍ കൊണ്ടുവന്നു. നല്ലെണ്ണ, നെയ്യ്‌, എണ്ണ എന്നിവയില്‍ നനച്ച തുണികളും പട്ടുതുണികളും മുഴുവന്‍ ചുറ്റിയിട്ടും ഹനുമാന്റെ വാലിന്റെ ഒരറ്റത്തുപോലും എത്തിയില്ല. ധിക്കാരിയായ ഇവിന്റെ വാലില്‍ ചുറ്റാന്‍ എണ്ണയും വസ്ത്രവും ഇനി ഇവിടെയില്ല എന്ന്‌ ചില രാക്ഷസര്‍ ദേഷ്യത്തോടെ പറഞ്ഞു.
ദിവ്യനായ ഇവനെ ദ്രോഹിക്കുന്നത്‌ വലിയ ആപത്തിനാണ്‌ എന്ന്‌ ചിലര്‍ക്കു തോന്നി. ഇവിന്റെ വാലില്‍ ചുറ്റാന്‍ ഇനി വസ്ത്രമില്ലാത്തതുകൊണ്ട്‌ തീകൊളുത്താന്‍ താമസിക്കുന്നത്‌ ഉചിതമല്ല എന്ന്‌ മനസ്സിലാക്കിയ രാക്ഷസര്‍ വാലിന്റെ അറ്റത്ത്‌ തീകൊളുത്തി. ബലമുണ്ടെങ്കിലും ബലമില്ലാത്തവനെ പോലെ കിടന്ന ഹനുമാനെ ബലമുള്ള കയര്‍കൊണ്ട്‌ കെട്ടിയ രാക്ഷസന്മാര്‍ കള്ളന്‍! കള്ളന്‍! എന്നുപറഞ്ഞ്‌ എടുത്തുകൊണ്ട്‌ വലിയ ശബ്ദങ്ങളോടെ പെരുമ്പറമുഴക്കി പടിഞ്ഞാറേ ഗോപുരവാതിലിലൂടെ നഗരത്തില്‍ ചെന്നു.
പെട്ടെന്ന്‌ ഹനുമാന്‍ തന്റെ ശരീരം വളരെ ചെറുതാക്കി. അപ്പോള്‍ ശരീരത്തില്‍ കെട്ടിയിരുന്ന കയര്‍ അയഞ്ഞു. ബന്ധനത്തില്‍ നിന്ന്‌ മോചിതനായ ഹനുമാന്‍ തന്റെ ശരീരം പര്‍വതതുല്യം വലുതാക്കി. മേല്‍പോട്ടുപൊങ്ങി പശ്ചിമഗോപുരമുകളിലേക്ക്‌ വായുവേഗത്തില്‍ ചാടിയ ഹനുമാന്‍ തന്നെ പൊക്കിക്കോണ്ട്‌ നടന്ന രാക്ഷസരെ കൊന്നു. അതിനുശേഷം ചന്ദ്രബിംബത്തിനോട്‌ ഉരസിനില്‍ക്കുകയാണോ എന്ന്‌ തോന്നുമാറുള്ള രത്നമാളികയുടെ മുകളില്‍ കയറി, കൂട്ടം കൂട്ടമായി നിന്ന വീടുകളിലേക്ക്‌ പെട്ടെന്ന്‌ ചാടിക്കയറി, തന്റെ വാലിലെ തീ ആ വീടുകളിലേക്കും വ്യാപിച്ചു. പിന്നീട്‌ സ്വര്‍ണ്ണം, രത്നം ഇവ കൊണ്ട്‌ നിര്‍മ്മിച്ച വീടുകളും വാലിന്റെ സഹായത്താല്‍ ഹനുമാന്‍ കത്തിച്ചു. അങ്ങനെ അഗ്നി ആളിക്കത്തി.
വാനരസഹജരായ ചപലതയോടെ ഓരോരോ വീടും ഹനുമാന്‍ ചുട്ടുചാമ്പലാക്കി. ആന, തേര്‌, കാലാള്‍പ്പട എന്നവയും നശിപ്പിച്ചു. വാസയോഗ്യങ്ങളായ മനോഹരഹര്‍മ്മ്യങ്ങളും ഹനുമാന്‍ അഗ്നിക്കിരയാക്കി. അഗ്നിജ്വാലകളും ഹനുമാന്റെ ഹൃദയവും ഒരുപോലെ തിളങ്ങി വിഷ്ണുപദം പ്രാപിച്ചു. (അഗ്നിജ്വാല ആകാശത്തിലും ഹനുമാന്റെ ഹൃദയം രാമപദത്തിലും അഭയം പ്രാപിച്ചു.)
ആളിക്കത്തുന്ന തീജ്വാലകള്‍ ആകാശത്തേക്ക്‌ കുതിച്ചുയരുന്നതു കണ്ടാല്‍ ലങ്കാദഹന വൃത്താന്തം ദേവേന്ദ്രനെ അറിയിക്കാനാണോ എന്ന്‌ തോന്നിപ്പോകും, ഞാന്‍ മുമ്പേ എന്ന മട്ടില്‍ ആകാശത്തോളം ഉയര്‍ന്ന അഗ്നിജ്വാലകള്‍ അതിവിശിഷ്ടരത്നങ്ങള്‍കൊണ്ട്‌ നിര്‍മ്മിച്ച മനോഹരഹര്‍മ്മ്യങ്ങള്‍ നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ലങ്കാനഗരത്തെ ചാരം നിറഞ്ഞതാക്കി തീര്‍ത്തു. വിഭീഷണന്റെ ഭവനമൊഴികെ മേറ്റ്ല്ലാ ഭവനങ്ങളും വെന്തുവെണ്ണീറായി. രാമഭക്തനായ വിഭീഷണന്റെ ഗൃഹം ഹനുമാന്‍ അഗ്നിയില്‍ നിന്നും രക്ഷിച്ചു.
സ്വര്‍ണ്ണം, രത്നം ഇവയാല്‍ നിര്‍മ്മിച്ച വീടുകള്‍ വെന്തുവെണ്ണീറായി കിടക്കുന്നതുകൊണ്ട്‌ സ്ത്രീജനങ്ങള്‍ അലമുറയിട്ട്‌ കരഞ്ഞു. മുടിയിലും തുണിയിലും കാലിലും തീപിടിച്ച്‌ ജനങ്ങള്‍ വെന്തും മരിച്ചും ഭൂമിയില്‍ പതിച്ചുകൊണ്ടിരുന്നു. പൊള്ളലേറ്റ്‌ ഓരോരോ ഉന്നത സൗധങ്ങളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ അഗ്നി അവിടെയുമെത്തി ദഹിപ്പിച്ചുകൊണ്ടിരുന്നു.
പലരും അയ്യോ! എന്റെ മകനെ, എന്റെ ഭര്‍ത്താവേ! എന്റെ അച്ഛാ! എന്റെ വിധി! കര്‍മമഫലം കണ്ടില്ലേ? കഷ്ടം! ദൈവമേ എന്ന്‌ വിലപിച്ചുകൊണ്ടിരുന്നു. ഇങ്ങനെ മരണം കാര്‍ന്നു തിന്നുന്നവനെ രക്ഷിക്കാന്‍ ആരുമില്ല. രാവണന്‍ വരുത്തിവച്ച ആപത്തിന്റെ ഫലം അനുഭവിക്കുന്നത്‌ പാവപ്പെട്ട രാക്ഷസരും. പരധനവും അന്യരുടെ ഭാര്യയേയും പാപിയായ രാവണന്‍ ബലമായി കൈവശപ്പെടുത്തി. ഉചിതമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവര്‍ അതിന്‌ തക്കശിക്ഷ അനുഭവിക്കണമെന്ന കാര്യം തീര്‍ച്ചയാണ്‌.
ഒരു മനുഷ്യസ്ത്രീയെ ദുഷ്ടനായ രാവണന്‍ കാമിച്ചതിന്റെ ഫലങ്ങളാണിതെല്ലാം. പുണ്യപാപങ്ങളും കാര്യവും കാര്യമല്ലാത്തതും ബുദ്ധിയുള്ളവര്‍ സൂക്ഷിച്ചുചെയ്യണം. അവനവന്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം നല്ലതും ചീത്തയുമായി അവര്‍ തന്നെ അനുഭവിച്ചുതീര്‍ക്കാം. കാമപാരവശ്യത്തോടെ പണ്ട്‌ രാവണന്‍ പല പതിവ്രതകളായ സ്ത്രീകളെയും പിടിച്ച്‌ മാനഭംഗപ്പെടുത്തി അവരുടെയെല്ലാം മനസ്സില്‍ എരിഞ്ഞുകൊണ്ടിരുന്ന അഗ്നി ഇന്ന്‌ ആളിക്കത്തി ലങ്കാനഗരത്തെ ചുട്ടുചാമ്പലാക്കിയിരുന്നു.
ഇങ്ങനെ രാക്ഷസികള്‍ ഓരോന്ന്‌ പറയുകയും നിന്ന നില്‍പില്‍ വെന്തുമരിക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടിയ അവരുടെ പുറത്ത്‌ വൃക്ഷങ്ങള്‍ മുറിഞ്ഞുവീണു. രാമദൂതന്‍ രാക്ഷസരാജ്യം എഴുന്നൂറുയോജന കത്തിച്ചു ചാമ്പലാക്കിയ ശേഷം തന്റെ വാല്‍ സമുദ്രത്തില്‍ മുക്കി തീയണച്ചു. വിഭവസമൃദ്ധമായ ഒരു സദ്യ ലഭിച്ചതില്‍ അഗ്നിദേവനും വളരെ സന്തുഷ്ടനായി.
വായുദേവനെ അഗ്നിദേവന്റെ പ്രിയതോഴനായതുകാരണം വായുപുത്രനെ അഗ്നി പൊള്ളിപ്പിച്ചില്ല. മാത്രമല്ല സീതാദേവി തന്റെ ഭര്‍ത്താവിനെ ധ്യാനിച്ചുകൊണ്ടിരുന്നതിനാലും രാമദൂതനായ ഹനുമാന്‌ അഗ്നിയുടെ ചൂട്‌ അനുഭവപ്പെട്ടതേയില്ല. ചൂടിനുപകരം വളരെ കര്‍മ്മമായിട്ടാണ്‌ ഹനുമാന്‍ അഗ്നിയുടെ സാമീപ്യം അനുഭവിച്ചത്‌. രാക്ഷസന്മാരാകുന്ന കാടിന്‌ വര്‍ഗ്ഗത്തിന്‌ അഗ്നിയായിട്ടുള്ളവനാണ്‌ ശ്രീരാമന്‍. മക്കള്‍, ധനം, ഭര്യ എന്നിവരെപ്പറ്റിയുള്ള ആഗ്രഹത്താല്‍ മനുഷ്യര്‍ ദുഃഖിതരാണെങ്കിലും ആധി ഭൗതികം, ആധിദൈവികം, അദ്ധ്യാത്മികം എന്ന്‌ മൂന്ന്‌ അഗ്നികളും അകറ്റാന്‍ ശ്രീരാമനാമം സഹായിക്കും. അങ്ങനെയുള്ള ശ്രീരാമദേവന്റെ ദൂതനായ ഹനുമാന്‌ അഗ്നിയാല്‍ വല്ല അപകടവും സംഭവിക്കുമോ.
മനുഷ്യരായി ജനിച്ചാല്‍ എപ്പോഴും രാമനാമം ജപിക്കാന്‍ അവസരമുണ്ടാക്കണം. അനന്തശായിയായ വിഷ്ണുവിന്‌ ഭജിക്കുന്നതുമൂലം ഭൗതികവും, ആത്മീയവും, ദൈവികവുമായ മൂന്നു ദുഃഖങ്ങളും ഇല്ലാതാകുന്നു.
ലങ്കാദഹനത്തിന്‌ ശേഷം ഹനുമാന്‍ വീണ്ടും സീതാദേവിയുടെ സമീപമെത്തി. സീതയെ താണുതൊഴുതുകൊണ്ട്‌ ഹനുമാന്‍ പറഞ്ഞു: “ഇനി ഞാന്‍ വേഗത്തില്‍ ശ്രീരാമദേവന്റെ അടുത്തേക്ക്‌ പോകുന്നു. അതിന്‌ ദേവി ആജ്ഞാപിച്ചാലും, ശ്രീരാമദേവനും ലക്ഷ്മണനും സുഗ്രീവനും എണ്ണമില്ലാത്ത വാനരസേനകളുമായി ഞാന്‍ ഉടനെ മടങ്ങിവരുന്നതാണ്‌. അവിടുത്തെ മനസ്സില്‍ ചെറിയ ഒരു ദുഃഖം പോലും ഇനി വേണ്ട. എന്റെ ചുമതലയിലാണ്‌ ബാക്കിയുള്ള കാര്യങ്ങളെല്ലാം.” അതിവിനയത്തോടെ ഇങ്ങനെ പറഞ്ഞ ഹനുമാനോട്‌ അതീവദുഃഖത്തോടെ സീതാവദേവി പറഞ്ഞു:
“എന്റെ കാന്തന്റെ വൃത്താന്തം എന്നോട്‌ പറഞ്ഞ നിന്നെ കണ്ടപ്പോള്‍ എന്റെ ദുഃഖമെല്ലാം അകന്നതാണ്‌. ഭര്‍ത്താവിന്റെ വിവരങ്ങള്‍ അറിയാതെ ഇനിയും ഞാനിവിടെ എങ്ങനെ താമസിക്കും.” സീതാവചനങ്ങള്‍ കേട്ട ഹനുമാന്‍ തൊഴുതുകൊണ്ട്‌ പറഞ്ഞു:
“അല്ലയോ സീതാദേവി! ദേവിയുടെ വിരഹദുഃഖം മതിയാക്കിയാലും, ദേവി എന്റെ ചുമതലില്‍ കയറിയിരുന്നാല്‍ ഇപ്പോള്‍ തന്നെ ദേവിയെ ശ്രീരാമദേവന്റെ അടുത്ത്‌ കൊണ്ടുപോയി വിരഹദുഃഖം മുഴുവന്‍ തീര്‍ത്തുതരുന്നതാണ്‌.” ഹനുമാന്‍ പറഞ്ഞതുകേട്ട്‌ സീത അതിയായി സന്തോഷിച്ചു. എന്നാല്‍ അതേക്കുറിച്ച്‌ അല്‍പസമയം ആലോചിച്ച സീത മറുപടി പറഞ്ഞു.
“എന്നെ ഇവിടെ നിന്ന്‌ നിഷ്പ്രയാസം കൊണ്ടുപോകാന്‍ നിനക്ക്‌ ഒരു പ്രയാസവുമില്ലെന്ന്‌ എനിക്കറിയാം. ശ്രീരാമദേവന്‍ സൈന്യസമേതം വന്ന്‌ സമുദ്രം അണകെട്ടിയോ ദിവ്യാസ്ത്രം ഉപയോഗിച്ച്‌ വറ്റിച്ചോ ഇക്കര കടന്ന്‌ മൂന്നുലോകത്തിനും ഉപദ്രവകാരിയായിട്ടുള്ള രാവണനെ നിഗ്രഹിച്ച്‌ എന്നെ വന്നുകൊണ്ടുപോകുന്നതാണുചിതം. ഈ രാത്രിയില്‍ ഞാന്‍ ഇവിടെ നിന്ന്‌ ഒളിച്ച്‌ നിന്നോടുകൂടി വന്നാല്‍ അത്‌ എന്റെ പ്രാണനാഥന്‌ അപകീര്‍ത്തിയുണ്ടാക്കും. ശ്രീരാമചന്ദ്രന്‍ ലങ്കയില്‍ വളരെവേഗം വന്നുചേരാനും യുദ്ധത്തില്‍ രാവണനെക്കൊന്ന്‌ എന്നെ കൊണ്ടുപോകാനും നീ പ്രാര്‍ത്ഥിക്കുക. അതിന്‌ ആവശ്യമായ കാര്യങ്ങള്‍ നീ ചെയ്യുക. അത്രയും നാള്‍ നീ ജീവനോടെയിരിക്കും.”
ഇങ്ങനെയെല്ലാം വിനയത്തോടെ ഹനുമാനോട്‌ പറഞ്ഞ സീതാദേവി അവനെ സന്തോഷത്തോടെ യാത്രയാക്കി. സീതാദേവിയില്‍ നിന്നും യാത്രാനുവാദം വാങ്ങിയ ഹനുമാന്‍ സമുദ്രം കടക്കുവാനായി ചാടി.

Related News from Archive
Editor's Pick