ഹോം » പ്രാദേശികം » എറണാകുളം » 

റെയ്ഡ്‌ തുടരുമ്പോഴും മദ്യവില്‍പ്പന തകൃതി

August 13, 2011

ആലുവ: ആലുവയില്‍ എക്സൈസ്‌ പോലീസ്‌ പരിശോധനകള്‍ ശക്തമായിട്ടും അനധികൃത മദ്യവില്‍പ്പന തകൃതി. ആലുവ റെയ്ഞ്ചിലെ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കാത്തത്‌ മറയാക്കിയാണ്‌ വില്‍പ്പന. ടൗണിന്റെ സിരാകേന്ദ്രമായ കെഎസ്‌ആര്‍ടിസി സ്റ്റാന്റ്‌, റെയില്‍വേ സ്റ്റേഷന്‍ മധ്യേ ടൗണ്‍ഷിപ്പ്‌ കേന്ദ്രീകരിച്ച്‌ വന്‍ വ്യാജ മദ്യവില്‍പ്പനയാണ്‌ നടക്കുന്നത്‌. വെളുപ്പിന്‌ നാലുമുതല്‍ ആറുവരെയാണ്‌ വില്‍പ്പന. അത്‌ കഴിഞ്ഞാല്‍ തൊട്ടടുത്ത ബാറുകള്‍ തുറക്കും.
അന്യസംസ്ഥാനക്കാരാണ്‌ ഇടപാടുകാരില്‍ അധികവും. കൂട്ടത്തില്‍ കഞ്ചാവ്‌ വില്‍പ്പനയുമുണ്ട്‌. സാധനം തീരുന്ന മുറയ്ക്ക്‌ എത്തിക്കുകയാണ്‌ ചെയ്യുന്നത്‌. ഇവിടത്തെ ഷാപ്പിലെ കള്ളില്‍ വന്‍തോതില്‍ സ്പിരിറ്റ്‌ കണ്ടെത്തുകയും ഗോഡൗണില്‍നിന്നും വാട്ടര്‍ടാങ്കില്‍നിന്നും സ്പിരിറ്റ്‌ കണ്ടെത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ്‌ പുതിയ വര്‍ഷാരംഭത്തില്‍ ഷാപ്പിന്റെ പ്രവര്‍ത്തനം നിലച്ചത്‌. ഇത്‌ മറയാക്കിയാണ്‌ ചിലര്‍ ഇവിടെ അനധികൃതമായി മദ്യവില്‍പ്പന പൊടിപൊടിക്കുന്നത്‌.
കൊട്ടാരക്കടവ്‌, മണപ്പുറത്തെ കുട്ടിവനം, പമ്പ്‌ കവല, റെയില്‍വേ സ്റ്റേഷന്‍ എന്നിവ കേന്ദ്രമാക്കി മയക്കുമരുന്ന്‌ വിപണനവും ശക്തമായിട്ടുണ്ട്‌. ലിക്വിഡ്‌ വൈറ്റ്നര്‍ കെമിസ്ട്രി ആവശ്യത്തിന്‌ ടെസ്റ്റ്‌ നടത്താന്‍ എന്ന പേരില്‍ കടകളില്‍നിന്ന്‌ വാങ്ങി ലഹരിയായി ഉപയോഗിക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചിരിക്കുകയാണ്‌. നഗരത്തിലെ പ്രമുഖ പാരലല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്ന പേരിലാണ്‌ ഇവര്‍ ഇത്‌ വാങ്ങുന്നത്‌.

Related News from Archive
Editor's Pick