ഹോം » വാര്‍ത്ത » 

റെയില്‍‌വേ പ്രകൃതിവാതകത്തിലേക്ക് മാറുന്നു

August 14, 2011

ന്യൂദല്‍ഹി: ട്രെയിനുകളില്‍ പ്രകൃതിവാതകം (ലിക്യുഡ് നാച്ചുറല്‍ ഗ്യാസ് -എല്‍എന്‍ജി) ഉപയോഗിക്കാന്‍ റെയില്‍‌വേ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരാറില്‍ റെയില്‍വേയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഒപ്പുവച്ചു. കാര്‍ബണ്‍ വാതകം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ലോക്കോമോട്ടീവ്, ഫാക്റ്ററി, വര്‍ക്ക് ഷോപ്പ് എന്നിവകളില്‍ ഘട്ടംഘട്ടമായി എല്‍.എന്‍.ജി ഉപയോഗം വ്യാപിപ്പിക്കും. എല്‍.എന്‍.ജി വിതരണത്തിനായി പ്രത്യേക ക്രയോജനിക് ടാങ്കുകള്‍ സ്ഥാപിക്കണം.

പ്രകൃതി വാതകം ഉപയോഗിക്കുന്നതിലൂടെ വ്യവസായ, ഗതാഗത മേഖലയില്‍ ചെലവു കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണത്തിനും സാധിക്കും. ഡീസല്‍ ഉപയോഗം കുറയ്ക്കുകയാണ് റെയില്‍‌വേയുടെ മറ്റൊരു ലക്ഷ്യം.

ഇപ്പോള്‍ റെയില്‍‌വേ കൂടുതലായി ഉപയോഗിക്കുന്നതു പെട്രോളിയം ഉത്പന്നങ്ങളാണ്. ലോക്കോമോട്ടീവുകള്‍ക്കു ഹൈസ്പീഡ് ഡീസലും വര്‍ക്ക് ഷോപ്പ്, ഫാക്റ്ററി എന്നിവിടങ്ങളില്‍ ഫര്‍ണസ് ഓയിലും ഉപയോഗിക്കുന്നു. പ്രതിവര്‍ഷം 250 കോടി ലിറ്റര്‍ ഹൈ സ്പീഡ് ഡീസലാണ് റെയില്‍‌വേയ്ക്ക് വേണ്ടത്. 10,000 കോടി രൂപ ഇതിനുമാത്രം വേണ്ടിവരും.

10 ശതമാനം ഉപയോഗം കുറയ്ക്കുന്നതിലൂടെ 1000 കോടി രൂപ ലാഭിക്കാന്‍ സാധിക്കുമെന്നു റെയില്‍‌വേ അധികൃതര്‍ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick