ഹോം » പൊതുവാര്‍ത്ത » 

ആശ്രയ പദ്ദതി നടപ്പാക്കിയില്ലെങ്കില്‍ വികസന ഫണ്ട് തടയും – മുഖ്യമന്ത്രി

August 14, 2011

തിരുവനന്തപുരം: ആശ്രയ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ വികസന ഫണ്ട് തടഞ്ഞു വയ്ക്കുമെന്ന് പഞ്ചായത്തുകള്‍ക്കു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നറിയിപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പദ്ധതി നടപ്പാക്കാത്ത 128 പഞ്ചായത്തുകള്‍ക്ക് മുഖ്യമന്ത്രി കത്തയച്ചു.

അതീവ ദരിദ്രരെ കണ്ടെത്തി അവരെ സഹായിക്കാനാണ് 2003ല്‍ സര്‍ക്കാര്‍ ആശ്രയപദ്ധതി കൊണ്ടു വന്നത്. ഭക്ഷണവും വസ്ത്രവും ചികിത്സയും നല്‍കുന്നതാണ് പദ്ധതി. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഈ പദ്ധതി നടപ്പാക്കുക എന്നതു സര്‍ക്കാരിന്റെ കര്‍മപരിപാടിയാണ്. എന്നാല്‍ ഇതു നടപ്പാക്കാത്ത പഞ്ചായത്തുകള്‍ നിരവധിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആശ്രയ നടപ്പാക്കുകയെന്നത്‌ സര്‍ക്കാരിന്റെ കര്‍മ പരിപാടിയാണ്‌. ഏറ്റവും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഈ പദ്ധതി താങ്കളുടെ പഞ്ചായത്തില്‍ ഇനിയും നടപ്പാക്കിയിട്ടില്ല എന്ന വിവരം താങ്കള്‍ അറിഞ്ഞിട്ടില്ലെങ്കില്‍ ശ്രദ്ധയില്‍പെടുത്തട്ടെ. അനുകൂല നടപടി ഉടനുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ പദ്ധതി നടത്തിപ്പിനായുള്ള വികസന ഫണ്ട്‌ ആശ്രയ പ്രോജക്ട്‌ സമര്‍പ്പിച്ചാല്‍ മാത്രമേ നല്‍കൂവെന്നും മുഖ്യമന്ത്രി എഴുതിയ കത്തില്‍ താക്കീത്‌ നല്‍കുന്നു.

മറ്റു ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളുടെ പ്രയോജനം ലഭിക്കാത്ത കേരളജനസംഖ്യയുടെ രണ്ടു ശതമാനം വരുന്ന വിഭാഗത്തിനാണ്‌ ആശ്രയ പദ്ധതിയുടെ പ്രയോജനം ലഭിച്ചുകൊണ്ടിരുന്നത്‌. തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി ആവിഷ്കരിക്കുന്ന മുറയ്ക്ക്‌ ആവശ്യമായ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കും.

Related News from Archive
Editor's Pick