പയ്യാവൂറ്‍ ശിവക്ഷേത്രത്തിലെ കുടക്‌ വിശ്രമകേന്ദ്രം ശിലാസ്ഥാപനം ൧൯ ന്‌

Sunday 14 August 2011 10:35 pm IST

പയ്യാവൂറ്‍: കുടക്‌ ദേശവാസികളുടെ നിറസാന്നിധ്യം കൊണ്ടും ദേശ കൂട്ടായ്മകള്‍ കൊണ്ടും പ്രസിദ്ധമായ പയ്യാവൂറ്‍ ശിവക്ഷേത്രത്തില്‍ കുടക്‌ ഭക്തജനങ്ങളുടെ സൌകര്യാര്‍ത്ഥം ദേവസ്വം ബോര്‍ഡിണ്റ്റെയും ക്ഷേത്ര വികസന സമിതിയുടെയും നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വിശ്രമ കേന്ദ്രത്തിണ്റ്റെ ശിലാസ്ഥാപനം ൧൯ ന്‌ നടക്കും. പൊന്ന്യംപറമ്പിലുള്ള പരമ്പരാഗത കുടക്‌ വിശ്രമസ്ഥാനം നിലനിര്‍ത്തിക്കൊണ്ട്‌ താഴത്തമ്പലത്തിന്‌ സമീപമാണ്‌ ൯.൫ ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്‌. ഇതിണ്റ്റെ ശിലാസ്ഥാപനം ൧൯ ന്‌ കാലത്ത്‌ ൧൧ മണിക്ക്‌ മലബാര്‍ ദേവസ്വം ബോര്‍ഡ്‌ കാസര്‍കോട്‌ ഡിവിഷന്‍ ചെയര്‍മാന്‍ പി.വി.കുഞ്ഞിരാമന്‍ നിര്‍വഹിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ്‌ അസിസ്റ്റണ്റ്റ്‌ കമ്മീഷണര്‍ എം.സുഗുണന്‍ മുഖ്യാതിഥിയായിരിക്കും. പയ്യാവൂറ്‍ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ സവിത ജയപ്രകാശ്‌, ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം ഷൈലജ നാരായണന്‍ എന്നിവര്‍ സംസാരിക്കും. മിനി ഓഡിറ്റോറിയമായും ഉപയോഗിക്കാവുന്ന നിലയിലാണ്‌ കുടക്‌ വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്നത്‌. ഫെബ്രുവരിയില്‍ നടക്കുന്ന ഊട്ടുത്സവത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന്‌ കുടകരാണ്‌ ഇവിടെ കുടുംബസമേതം എത്താറുള്ളത്‌. പയ്യാവൂറ്‍ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന്‌ ആവശ്യമായ അരി കൊണ്ടുവരുന്നത്‌ കുടകില്‍ നിന്നും കാളപ്പുറത്താണ്‌. നൂറ്റാണ്ടുകളായി നടന്നുവരുന്ന ആചാരമാണിത്‌. ഉത്സവാരംഭത്തിന്‌ മുമ്പ്‌ കോമരത്തച്ചന്‍ കുടക്‌ നാട്ടിലേക്ക്‌ ഊട്ടറിയിക്കാന്‍ പോകും. ഇദ്ദേഹത്തിണ്റ്റെ ക്ഷണപ്രകാരമാണ്‌ കുടകര്‍ അരിയുമായി എത്തുന്നത്‌. ദേവസ്വം ബോര്‍ഡ്‌ കുടക്‌ പ്രതിനിധികളായ സോമണ്ണ, ബി.എസ്‌.ദേവയ്യ എന്നിവരുടെ ആവശ്യപ്രകാരമാണ്‌ കുടക്‌ വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നത്‌. കൈപ്രവന്‍ തമ്പാന്‍ ചെയര്‍മാനും മേലേടത്ത്‌ ബാലകൃഷ്ണന്‍ പ്രസിഡണ്ടും ടി.കെ.മഹേഷ്‌ സെക്രട്ടറിയും ക്ഷേത്രം എക്സിക്യൂട്ടീവ്‌ ഓഫീസര്‍ രാജേഷ്‌ തളിയില്‍ ട്രഷററുമായുള്ള ശിവക്ഷേത്രവികസന സമിതിയുടെ നേതൃത്വത്തിലാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌.