കൊച്ചി: ഇരുപത്തഞ്ചാമത് ഇന്റര്‍സോണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിവസം കേരളത്തിന്റെ ചുണക്കുട്ടികള്‍ ട്രാക്കില്‍ വെള്ളിടി തീര്‍ത്തപ്പോള്‍ തമിഴ്നാടും നിലവിലെ ചാമ്പ്യന്മാരായ മഹാരാഷ്ട്രയുടെയും ചങ്കിടിപ്പേറി. അവസാന ദിവസമായ ഇന്നലെ 10 സ്വര്‍ണ്ണവും 12 വെള്ളിയും 9 വെങ്കലവുമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ വെട്ടിപ്പിടിച്ചത്. ഈ കുതിപ്പാണ് കേരളത്തെ ഓവറോള്‍ പട്ടികയില്‍ രണ്ടാമതെത്തിച്ചത്.
മീറ്റിന്റെ അവസാന ദിവസമായ ഇന്നലെ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കെ.ടി. നീനയിലൂടെയാണ് കേരളം മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്. 27 മിനിറ്റ് 15.19 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് കെ.ടി. നീന സ്വര്‍ണ്ണം നേടിയത്. ഇതിന് പിന്നാലെ നടന്ന 20 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ 5000 മീറ്ററിലും കേരളം സ്വര്‍ണ്ണം നേടി. 15 മിനിറ്റ് 19.78 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ആല്ബിന് സണ്ണിയാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കെ.കെ. വിദ്യ 10 മിനിറ്റ് 16.31 സെക്കന്റില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ വെങ്കലവും കേരളം കരസ്ഥമാക്കി. എം.വി. വര്‍ഷയാണ് വെങ്കലമെഡല്‍ ജേതാവ്. അണ്ടര്‍ 16 വിഭാഗത്തില്‍ പി.ആര്. അലീഷ 10 മിനിറ്റ് 28.97 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ്ണം നേടി. ഇതേ വിഭാഗം 200 മീറ്ററില്‍ ജിസ്ന മാത്യു 25.49 സെക്കന്റില്‍ പറന്നെത്തി സ്വര്‍ണ്ണം കരസ്ഥമാക്കി. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ സി.കെ. പ്രജിത 41.25 മീറ്റര്‍ എറിഞ്ഞും അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ ഷിജോ രാജനും സ്വര്‍ണ്ണം നേടി. അണ്ടര്‍ 16 വിഭാഗം പെണ്‍കുട്ടികളുടെ സ്പ്രിന്റ് റിലേയില്‍ ലിനറ്റ് ജോര്‍ജ്, സയന. പി.ഒ., സ്നേഹ. കെ, ജിസ്ന മാത്യു എന്നിവരടങ്ങിയ കേരള ടീം 2 മിനിറ്റ് 20.81 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണം നേടിയത്. അണ്ടര്‍ 18 വിഭാഗത്തിലും കേരള ടീം സ്വര്‍ണ്ണം കരസ്ഥമാക്കി. പി.എം. അഞ്ജു, ഷഹര്‍ബാന സിദ്ദീഖ്, ഷില്‍ബി. എ.പി., നീതു സാബു എന്നിവരടങ്ങിയ ടീം 2 മിനിറ്റ് 16.54 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഒന്നാമതെത്തിയത്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയില്‍ ആനി. കെ.ആര്., എസ്.ആര്. സബീന, പി. മെര്ലിന്, പി.എം. അരുണിമ എന്നിവരടങ്ങിയ കേരള ടീം 4 മിനിറ്റ് 00.68 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ്ണം നേടി.
അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കെ.എസ്. അനന്ദു, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാര്‍ത്തിക മോഹന്‍, അണ്ടര്‍ 16 വിഭാഗം 3000 മീറ്ററില്‍ ബിബിന്‍ ജോര്‍ജ്, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എം.ഡി. താര, അണ്ടര്‍ 18 200 മീറ്ററില്‍ എ.പി. ഷില്‍ബി, 800 മീറ്ററില്‍ തെരേസ ജോസഫ്, 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ എം.എസ്. ശ്രുതി, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സല്ബിന് ജോസഫ്, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ സി. രങ്കിത, 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ എം.പി. സഫീദ, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിഖിന്‍. എസ്, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ മനു ഫ്രാന്‍സിസ് എന്നിവരാണ് വെള്ളിമെഡല്‍ കരസ്ഥമാക്കിയത്. ഇതിന് പുറമെ അണ്ടര്‍ 18 ആണ്‍കുട്ടികളുടെ സ്പ്രിന്റ് റിലേയിലും കേരളം വെള്ളിമെഡല്‍ കരസ്ഥമാക്കി. 16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ കെ.എം. മനു, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ആതിര മുരളീധരന്, അണ്ടര്‍ 18 3000 മീറ്ററില്‍ വര്‍ഷ. എം.വി., അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.ആര്. രാഹുല്‍, ഇതേവിഭാഗം പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഷഹര്‍ബാന സിദ്ദീഖ്, 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ പി.ഡി. വിബിതയും വെങ്കലമെഡല്‍ സ്വന്തമാക്കി.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: