ഹോം » ഭാരതം » 

കേസിന്റെ കാലതാമസം: ന്യായാധിപന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു

August 14, 2011

ന്യൂദല്‍ഹി: മൂന്ന്‌ ദശാബ്ദക്കാലമായി വിധി പറയാത്ത ഒരു കേസില്‍ ന്യായാധിപന്‍ കാലതാമസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഈ സംഭവത്തില്‍ വിചാരണ വൈകിയതിനാല്‍ നീതി നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഞാന്‍ വിധിന്യായത്തില്‍ രേഖപ്പെടുത്തിയപോലെ എന്റെ എല്ലാ മുന്‍ഗാമികള്‍ക്കുവേണ്ടി കാലതാമസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഭാവിയില്‍ പരാതികള്‍ക്ക്‌ കൂടുതല്‍ വേഗത്തില്‍ നീതിനല്‍കാന്‍ ശ്രമിക്കുന്നതുമാണ്‌,”
ജഡ്ജി അഭിലാഷ്‌ മല്‍ഹോത്ര പറഞ്ഞു. 1982 ല്‍ ആരംഭിച്ച ഈ കേസ്‌ അവസാനിപ്പിക്കുമ്പോള്‍ വൈകി കിട്ടുന്ന നീതി നീതി നിഷേധത്തിന്‌ തുല്യമാണെന്ന ആപ്തവാക്യം ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 29 കൊല്ലമായി വിചാരണക്കോടതിയിലുള്ള ഈ കേസിന്‌ പരിഹാരമുണ്ടാക്കാന്‍ ഇനിയും മേല്‍ക്കോടതിയെ ശരണം പ്രാപിക്കേണ്ടിവരും. ഒരുപാടു കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്നത്‌ കേസുകള്‍ക്ക്‌ വേഗത്തില്‍ പരിഹാരം കാണാതിരിക്കുന്നതിന്‌ തൃപ്തികരമായ സമാധാനമല്ല, ജഡ്ജി കൂട്ടിച്ചേര്‍ത്തു. കരോള്‍ ബാഗില്‍ തങ്ങളുടെ കുടിയാനില്‍നിന്ന്‌ ഭൂമി വിട്ടുകിട്ടണമെന്ന ആവശ്യവുമായി രണ്ട്‌ ദല്‍ഹിവാസികളായ സഹോദരന്മാര്‍ നല്‍കിയ കേസിലാണ്‌ ജഡ്ജിയുടെ ഈ അഭിപ്രായ പ്രകടനം.
നിയമത്തില്‍ ജനക്ഷേമം പരമപ്രധാനമാണ്‌. പക്ഷേ 29 വര്‍ഷം നീണ്ട ഒരു കേസിനെ ക്ഷേമകരമെന്ന്‌ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. പഴയ കേസുകള്‍ക്ക്‌ തീര്‍പ്പ്‌ കല്‍പ്പിക്കാന്‍ തങ്ങളുടെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരുന്നു. വിധികള്‍ക്കായുള്ള കാലതാമസം അവയുടെ നിയമപരമായ ഉദ്ദേശത്തിനുതന്നെ വിപരീതമാകും. ചില കേസുകളില്‍ കാലതാമസം മൂലം ഹര്‍ജി ദുര്‍ബലമാക്കപ്പെടാനുള്ള സാധ്യതകളുമുണ്ട്‌.

Related News from Archive

Editor's Pick