ഒളിമ്പിക്സ്‌ 2012: സൈക്കിള്‍ മത്സരങ്ങളുടെ പരിശോധന തുടങ്ങി

Sunday 14 August 2011 11:59 pm IST

ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സ്‌ 2012 ലെ സൈക്കിള്‍ ഉപയോഗിക്കുന്ന മത്സരങ്ങളുടെ പരിശോധന ആരംഭിച്ചു. ലോകത്തെ പ്രഗത്ഭരായ 150 സൈക്കിള്‍ താരങ്ങളാണ്‌ ഇതില്‍ പങ്കെടുത്തത്‌. ലണ്ടന്റെ മധ്യഭാഗത്തുള്ള മാളില്‍നിന്നും ഡോക്ഷില്ലിലേക്കും ചവിട്ടേണ്ടത്‌ ബോക്സ്‌ ഹില്ലിലേക്കും തിരിച്ചുമാണ്‌ സൈക്കിള്‍ ചവിട്ടേണ്ടത്‌. ഒളിമ്പിക്‌ റോഡ്‌ റേസില്‍ താരം മാര്‍ക്ക്‌ വെന്‍ഡിഷ്‌ പങ്കെടുത്തു. ബസുകള്‍ നിര്‍ത്തിയും വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടുമാണ്‌ മത്സരത്തിന്‌ വീഥികള്‍ ഒരുക്കിയത്‌. എം 25 എന്ന സ്ഥലത്തേക്കും ഹീത്രൂ വിമാനത്താവളത്തിലേക്കുമുളള ബസ്സ്‌ ഗതാഗതത്തില്‍ ഇതുമൂലം സാരമായ തടസ്സമുണ്ടാകുമെന്ന്‌ ഗതാഗതവകുപ്പ്‌ അധികൃതര്‍ അറിയിച്ചിരുന്നു. ഹാംടണ്‍ കോര്‍ട്ട്‌ കൊട്ടാരം, വാള്‍ട്ടണ്‍ ഓണ്‍ തേംസ്‌, ഗില്‍ഡ്‌ ഫോര്‍ഡ്‌, ഡോര്‍കിങ്ങ്‌ എന്നിവയാണ്‌ റോഡ്‌റേസിന്റെ പാതയില്‍ പെടുന്ന സ്ഥലങ്ങള്‍. ബ്രിട്ടീഷ്‌ സമയം രാവിലെ ഒമ്പതുമണിക്കാണ്‌ മാളിന്റെ പരിസരത്തുനിന്നും സൈക്കിളുകള്‍ പുറപ്പെട്ടത്‌. പാതക്കിരുവശവും കാണികള്‍ മത്സരം കാണാന്‍ അണിനിരന്നു. സ്ത്രീകളുടെ സൈക്കിള്‍ മത്സരത്തിന്റെ ദൂരം 130 കിലോമീറ്ററും പുരുഷന്മാരുടേത്‌ 240 കിലോമീറ്ററുമാണ്‌. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഒളിമ്പിക്സിന്റെ പ്രാരംഭമായിട്ടാണ്‌ ഇത്തരം പരീക്ഷണ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌. ലണ്ടനില്‍ ഇക്കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവങ്ങള്‍ മൂലം പരിപാടികള്‍ സമയത്തുതന്നെ നടത്താന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു. 2012 ല്‍ ലണ്ടനില്‍ നടക്കുന്ന സൈക്ലിംഗ്‌ റോഡ്‌ മത്സരങ്ങള്‍ കാണികള്‍ക്ക്‌ സൗജന്യമായി കാണാന്‍ കഴിയും.