ഹോം » പ്രാദേശികം » എറണാകുളം » 

പാരമ്പര്യത്തനിമയുമായി വടക്കേയിന്ത്യന്‍ സമൂഹ രക്ഷാബന്ധന്‍- സമുദ്രപൂജ ആഘോഷം നടത്തി

August 15, 2011

മട്ടാഞ്ചേരി: പാരമ്പര്യത്തിന്റെ തനിമയുമായി വടക്കേയിന്ത്യന്‍ സമൂഹം രക്ഷാബന്ധന്‍ സമൂദ്രപൂജനടത്തി. പൈതൃക നഗരത്തില്‍ വാണിജ്യബന്ധങ്ങളുമായി ജീവിക്കുന്ന ഗുജറാത്തി-മറാഠി-അഗര്‍വാള്‍-ബംഗാളി-വൈഷ്ണവ- ശൈവ- ശാക്തോതേയ ആരാധകരാണ്‌ ശനിയാനഴ്ച്‌ പൗരാണിക സമൂഹ ആചാര പൂജകള്‍ നടത്തിയത്‌. ശ്രാവണ പൗര്‍ണമിനാളില്‍ വീട്ടിലും, സമുദ്രതീരത്തുമായാണ്‌ സകുടുംബം രക്ഷാബന്ധന്‍- സമുദ്രാരാധന പൂജ നടന്നത്‌.
സാഹോദര്യത്തിന്റെയും- കര്‍മ്മനിരതയുടെയും രക്ഷാദൗത്യത്തിന്റെയും സന്ദേശമുണര്‍ത്തിയാണ്‌ രാഖി ബന്ധന്‍- രക്ഷാബന്ധന്‍ ആഘോഷിച്ചത്‌. പൗര്‍ണമിനാളില്‍-സൂര്യന്റെ ഉച്ചയ്സ്ഥരാശിയിലാണ്‌ രാഖി ബന്ധനം, രാഖി, കുങ്കുമം, അരി, ദീപം, മധുരം, എന്നിവയടങ്ങിയ തട്ടവുമായി സഹോദന്റെ സാമീപ്യമെത്തുന്ന സഹോദരി ആദ്യം സഹോദരന്‌ തിലകം ചാര്‍ത്തി ആരതി ഉഴിഞ്ഞ്‌ അരി കാല്‍ക്കല്‍ സമര്‍പ്പിക്കും. തുടര്‍ന്ന്‌ സഹോദരന്‍ സഹോദരിയുടെ ഇടതുകൈയില്‍ പട്ടുനൂല്‍ രാഖി ബന്ധിച്ച്‌ മധുരം നല്‍കും. ഇതിന്‌ ശേഷം സഹോദരന്‍ ധനം-സ്വര്‍ണം-വസ്ത്രം-വെള്ളി എന്നിവയില്‍ഒന്ന്‌ സമ്മാനമായി സഹോദരിക്ക്‌ നല്‍കും. ഒപ്പം മധുരവും നല്‍കുന്നതോടെ രാഖി ബന്ധനചടങ്ങ്‌ സമാപിക്കും. ഇതേരീതിയില്‍ വീട്ടിലെത്തുന്ന സഹോദരങ്ങള്‍ക്ക്‌ വീട്ടിലെ സഹോദരിമാര്‍ രാഖി ബന്ധനം നടത്തും. രാഖി ബന്ധിക്കുന്നതോടെ സഹോദരിയുടെ പരിപൂര്‍ണ സംരക്ഷണം സഹോദരന്‍ ഏറ്റെടുക്കപ്പെടുകായണ്‌. വടക്കേയിന്ത്യയില്‍ വീടുകള്‍ക്കൊപ്പം, തെരുവുകളിലും, കടകളിലും, വ്യവസായകേന്ദ്രങ്ങളിലും രക്ഷാബന്ധന്‍ ആഘോഷം വ്യാപകമായി നടന്നുവരുന്നു. രക്ഷാബന്ധന്‍ ആഘോഷത്തിനായി ഗുജറാത്ത്‌-മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും വര്‍ണരാഖികള്‍ കൊച്ചിയിലെത്തിയിരുന്നു. അഞ്ചൂരൂപ മുതല്‍ 160 രൂപവരെ വിലയുള്ള രാഖികളാണ്‌ വിപണിയിലെത്തിയത്‌. അന്യദേശങ്ങളിലുള്ള സഹോദരന്മാര്‍ക്ക്‌ തപാല്‍മാര്‍ഗം രാഖി കള്‍ എത്തിച്ചും സാഹോദര്യസന്ദേശമുണര്‍ത്തുന്നതിലും വടക്കേയിന്ത്യന്‍ സമൂഹം ശ്രദ്ധിക്കാറുണ്ട്‌. ഉച്ചയ്ക്ക്‌ രക്ഷാബന്ധന്‍ ചടങ്ങിന്‌ ശേഷം കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കും വൈകിട്ട്‌ കുഞ്ഞ്‌ കുട്ടി-വയോവൃദ്ധരടക്കമമുള്ള കുടുംബാംഗങ്ങള്‍ സമുദ്രം- കായല്‍- ജലാശയ തീര്‍ത്തെത്തി സമുദ്രദേവത വരുണ- ദേവപൂജ നടത്തും. കാലവര്‍ഷത്തിന്റെ ശക്തി ശ്രാവണമാസത്തോടെ കുറയുമെന്നും, പൗര്‍ണമിനാളില്‍ സമുദ്രമാര്‍ഗ്ഗം തങ്ങളുടെ വാണിജ്യഉല്‍പന്നങ്ങളുമായുള്ള പത്തേമാരികള്‍ യാത്രതുടങ്ങുന്നതിന്റെ പ്രാര്‍ത്ഥന കൂടിയാണ്‌ സമുദ്രപൂജ, ജീവിതാധ്വാനത്തിന്റെ ഉല്‍പന്നങ്ങള്‍ക്കൊപ്പം ഇതുമായി യാത്രചെയ്യുന്ന ബന്ധുക്കളുടെ രക്ഷ കൂടിയാണ്‌ സമുദ്രപൂജ- വരുണദേവ പ്രാര്‍ത്ഥനയിലുള്ളത്‌. കുങ്കുമം, അരി, നാളികേരം, വെറ്റില, പഴം, ദീപം, പൂക്കള്‍ എന്നിവയ്ക്കൊപ്പം, മധുര പലഹാരങ്ങള്‍, നവധാന്യം, ഉണക്കഫലങ്ങള്‍, ശര്‍ക്കര, മല്ലി, തുടങ്ങിയവയും പൂജകള്‍ക്കായി കൊണ്ടുവരും, സമുദ്രതീരത്ത്‌ എത്തുന്ന കുടുംബാംഗങ്ങളെ പുരോഹിതന്‍ ജലസ്നാനം നടത്തിയും, കുങ്കമതിലകം ചാര്‍ത്തിയും ശുദ്ധി വരുത്തും. തുടര്‍ന്നാണ്‌ പൂജാദികള്‍ തുടങ്ങുക. സമുദ്രപൂജയ്ക്കുശേഷം ഇതരസമുദായങ്ങളുമായി സൗഹൃദവും- മധുരവും നല്‍കി സൂര്യസ്തമനത്തോടെ വീട്ടിലേയ്ക്ക്‌ തിരിക്കുന്നതോടെയാണ്‌ ചടങ്ങുകള്‍ സമാപിക്കുക. നൂറ്റാണ്ടുകളായി വാണിജ്യബന്ധവുമായി കൊച്ചിയിലുള്ള 800-ലെറെ വടക്കേയിന്ത്യന്‍ കുടുംബങ്ങള്‍ക്കൊപ്പം, ഇതരജില്ലകളില്‍ നിന്നുള്ളവരും രക്ഷാബന്ധന്‍ സമുദ്രപൂജ ചടങ്ങുകള്‍ക്കായി കൊച്ചിയിലെത്താറുണ്ടെന്ന്‌ സമാജാംഗങ്ങള്‍ പറയുന്നു.

Related News from Archive
Editor's Pick