ഹോം » പൊതുവാര്‍ത്ത » 

അണ്ണാഹസാരെ പോലീസ് കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി

August 16, 2011

ന്യൂദല്‍ഹി: ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത അണ്ണാഹസാരെ പോലീസ് കസ്റ്റഡിയില്‍ നിരാഹാരം ആരംഭിച്ചതായി പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രഗതി മൈതാന്‍ മെട്രോ സ്റ്റേഷനിലേക്ക് ഹസാ‍രെ അനുകൂലികള്‍ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

നാളെ രാജ്യവ്യാപകമായി അവധിയെടുത്ത് എല്ലാവരും പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ നിര്‍ദ്ദേശം നല്‍കി. കസ്റ്റഡിയില്‍ എടുത്ത ശേഷം ഹസാരെ ഒരു തുള്ളി വെള്ളം പോലും കഴിച്ചിട്ടില്ല. പത്തു മണിക്കു തന്നെ ഹസാരെ നിരാഹാര സമരം ആരംഭിച്ചു.

അഴിമതിക്കെതിരായ സമരം രാജ്യവ്യാപകമാക്കും. നാളെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രശാന്ത് ഭുഷണ്‍ വ്യക്തമാക്കി. കിഴക്കന്‍ ദല്‍ഹിയിലെ മയൂര്‍ വിഹാറില്‍ നിന്നാണ് ഇന്നു രാവിലെ ഹസാരെയെ അറസ്റ്റ് ചെയ്ത്. ജയ് പ്രകാശ് നാരായണ്‍ പാര്‍ക്കില്‍ അനശ്ചിതകാല നിരാഹാര സമരം നടത്താനിരിക്കെയായിരുന്നു അറസ്റ്റ്.

ഹസാരെയുടെ അടുത്ത അനുയായികളായ അരവിന്ദ് കജ്‌രിവാള്‍, കിരണ്‍ ബേദി, ശാന്തിഭൂഷന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ ലോക്‌പാല്‍ ബില്ലിന്റെ പേരില്‍ അന്ന ഹസാരെ അറസ്റ്റു ചെയ്‌ത സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭയുടെ രാഷ്‌ട്രീയകാര്യ സമിതി യോഗം ചേര്‍ന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹസാരയെ അറസ്റ്റു ചെയ്യാനുണ്ടായ സാഹചര്യം ഉന്നത ഉദ്യോഗസ്ഥര്‍ നേതാക്കളെ ധരിപ്പിച്ചു.

അതേസമയം അണ്ണാ ഹസാരെയുടെ അറസ്റ്റിന്‌ പിന്നീല്‍ രാഷ്‌ട്രീയമില്ലെന്നും, അറസ്റ്റുമായി ബന്ധപ്പെട്ട്‌ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്‌ സുരക്ഷയെ മുന്‍നിര്‍ത്തിയാണെന്ന്‌ കേന്ദ്ര മന്ത്രി അംബികാ സോണി പിന്നീട്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

Related News from Archive
Editor's Pick