ഹോം » കേരളം » 

രാജ്യത്ത്‌ അപ്രഖ്യാപിത അടിയന്തരാവസ്ഥ: വി.മുരളീധരന്‍

August 16, 2011

തിരുവനന്തപുരം: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കുനേരെ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നടപടി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പറഞ്ഞു. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സമാധാനപരമായി സമരംചെയ്ത അണ്ണാഹസാരെയെ അകാരണമായി അറസ്റ്റ്‌ ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യാവകാശങ്ങള്‍ക്കു നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണ്‌. ജനാധിപത്യ സമൂഹത്തില്‍ ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയും വിയോജിപ്പു പ്രകടിപ്പിക്കുകയും ചെയ്യുക സാധാരണമാണ്‌. അത്തരത്തിലുള്ള സമരങ്ങളെ പോലീസിനെ ഉപയോഗിച്ച്‌ നേരിടുന്നത്‌ ശരിയല്ല. അത്‌ പൗരാവകാശങ്ങളുടെ ലംഘനമാണ്‌. അടിയന്തരാവസ്ഥക്കാലത്തും ഇതേ നിലപാടാണ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്‌.
ബാബ രാംദേവ്‌ നടത്തിയ സമരത്തെയും അഴിമതിക്കെതിരെ ദില്ലിയില്‍ പാര്‍ലമെന്റിനു മുന്നില്‍ യുവമോര്‍ച്ച നടത്തിയ സമരത്തെയും കേന്ദ്ര സര്‍ക്കാര്‍ നേരിട്ടത്‌ ഇത്തരത്തിലാണ്‌. യുവമോര്‍ച്ച സമരത്തെ പോലീസിനെ ഉപയോഗിച്ച്‌ നേരിട്ട കേന്ദ്ര സര്‍ക്കാര്‍ ഭീകരമര്‍ദ്ദനമാണ്‌ അഴിച്ചു വിട്ടത്‌.
അണ്ണാഹസാരെയുടെ സമരം അഹിംസാത്മകമായിരുന്നു. ഗാന്ധിയന്‍ സമരങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ ബ്രിട്ടീഷ്‌ ഭരണകാലത്തെയാണ്‌ ഓര്‍മിപ്പിക്കുന്നത്‌. ഗാന്ധിജിയെ മറന്ന കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്‌ സോണിയയുടെ നാട്ടിലെ മുസ്സോളിനിയെയാണ്‌ മാതൃകയാക്കിയിരിക്കുന്നത്‌. കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ മനോഭാവവും അഴിമതിയും രാജ്യത്തെ അസ്ഥിരതയിലേക്കാണ്‌ നയിക്കുന്നത്‌.
പാര്‍ലമെന്റിലടക്കം കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ മനോഭാവം കാണാന്‍ കഴിഞ്ഞു. രാജ്യത്തെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള നിഷ്പക്ഷ വേദിയാണ്‌ പാര്‍ലമെന്റ്‌. ഇവിടെ പ്രതിപക്ഷം സംസാരിക്കുന്നത്‌ ഭരണപക്ഷം തടസ്സപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷ നേതാവിനെ സ്പീക്കര്‍ സംസാരിക്കാന്‍ ക്ഷണിച്ചെങ്കിലും ഭരണപക്ഷം അതംഗീകരിച്ചില്ല. മന്ത്രിമാരും ഭരണപക്ഷ എംപിമാരുമാണ്‌ ഇന്നലെ പാര്‍ലമെന്റ്‌ നടപടികള്‍ തടസ്സപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത്‌. അണ്ണാഹസാരെയുടെ അറസ്റ്റ്‌ പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നത്‌ തടസ്സപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്‌. കേരളത്തിലും അതിന്റെ അലയൊലികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കേന്ദ്രത്തിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്ന്‌ വി.മുരളീധരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം വരുന്ന ഒരാഴ്ചക്കാലം ധര്‍ണകളും പ്രതിഷേധപ്രകടനങ്ങളും സംഘടിപ്പിക്കാനും അദ്ദേഹം ആഹ്വാനം നല്‍കി.

Related News from Archive
Editor's Pick