ഹോം » പ്രാദേശികം » എറണാകുളം » 

പൂഴ്ത്തിവച്ച റേഷന്‍ സാധനങ്ങളുടെ വന്‍ശേഖരം പിടിച്ചെടുത്തു

August 16, 2011

കൊച്ചി: റേഷന്‍ വിതരണത്തിനുള്ള അരിയും, ഗോതമ്പും, പഞ്ചസാരയുമടക്കമുള്ള സാധനങ്ങളുടെ പൂഴ്ത്തിവച്ച്‌ വന്‍ശേഖരം കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ്‌ പിടികൂടി. എളമക്കര സാമിപ്പടിയിലുള്ള റേഷന്‍ കടയുടെ സമീപമുള്ള ഗോഡൗണില്‍ നിന്നുമാണ്‌ 125 ചാക്ക്‌ ഗോതമ്പും, 40 ചാക്ക്‌ പച്ചരി, 73 ചാക്ക്‌ കുത്തരി, 39 ചാക്ക്‌ ആട്ട, 9 ചാക്ക്‌ പഞ്ചസാര എന്നിവയടക്കം 350 ഭക്ഷ്യധാന്യങ്ങളുടെ വന്‍ ശേഖരം കണ്ടെത്തിയത്‌.
ഈ വരുന്ന ഓണം. റംസാന്‍ സീസണില്‍ വന്‍ വിലയ്ക്ക്‌ വില്‍ക്കുവാന്‍ ലക്ഷ്യമിട്ട്‌, റേഷന്‍ കടകളിലൂടെ 2 രൂപനിരക്കില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളാണ്‌ പൂഴ്ത്തിവച്ചിരുന്നത്‌. 2 രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി കിട്ടുന്നില്ല എന്ന പരാതി പലയിടങ്ങളില്‍ നിന്നും ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഉത്സവകാലത്ത്‌ പൂഴ്ത്തിവയ്പ്പും, കരിഞ്ചന്തയും തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ ഡിഐജി എം.ആര്‍.അജിത്കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ ഗോപാലകൃഷ്ണപിള്ള ഷാഡോ പോലീസിനെ ഇത്തരക്കാരെ നിരീക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തുകയായിരുന്നു.
എളമക്കര സാമിപ്പടി ചിറ്റേക്കടത്ത്‌ വീട്ടില്‍ സുനില്‍ കുമാറിന്റെ (49) ഉടമസ്ഥതയിലുള്ള റേഷന്‍ കടയുടെ സമീപമാണ്‌ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്‌. ഇതിന്റെ മുകളിലാണ്‌ ഇയാളും കുടുംബവും താമസിക്കുന്നത്‌. ഇയാള്‍ക്ക്‌ എറണാകുളത്ത്‌ മറ്റൊരു റേഷന്‍ കടകൂടിയുണ്ട്‌. ഇയാള്‍ക്ക്‌ സ്വന്തമായുള്ള മിനിലോറിയില്‍ റേഷന്‍ സാധനങ്ങള്‍ എളമക്കരിയിലുള്ള എആര്‍ഡി 141 നമ്പറുള്ള സ്വന്തം റേഷന്‍ കടയിലും, മറ്റുകടകളിലും, മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നും എത്തിക്കുന്ന ജോലി ചെയ്തിരുന്നു. ഇതിന്റെ മറവില്‍ റേഷന്‍ സാധനങ്ങള്‍ അനഃധികൃതമായി സംഭരിക്കുകയായിരുന്നു. ഗോഡൗണില്‍ നിന്നും മോശമായ അരിയുടെ ചാക്കുകളും കണ്ടെടുത്തിട്ടുണ്ട്‌. മോശം അരിറേഷന്‍കാര്‍ഡ്‌ ഉടമകള്‍ക്ക്‌ നല്‍കുകയും ഇതിലൂടെ റേഷന്‍ വാങ്ങുന്നതില്‍ നിന്ന്‌ അവരെ പിന്‍തിരിപ്പിക്കുകയും ചെയ്യുന്നതിന്‌ ഇയാള്‍ ശ്രമിച്ചിരുന്നതായി അറിയുന്നു. കഴിഞ്ഞ ദിവസം റേഷന്‍ സാധനങ്ങള്‍ കതൃക്കടവിലുള്ള പലചരക്കുകടയില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഷാഡോ പോലീസിന്റെ പിടിയിലായ ഇയാള്‍ റിമാന്റില്‍ കഴിയുകയാണ്‌. പോലീസ്‌ വിവരമറിയിച്ചതനുസരിച്ച്‌ സിവില്‍ സപ്ലൈസ്‌ അധികൃതര്‍ സ്ഥലത്തെത്തി പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങള്‍ മൊത്ത വിതരണകേന്ദ്രത്തിലേക്ക്‌ മാറ്റി. ഇയാളുടെ റേഷന്‍ കടകളുടെ ലൈസന്‍സ്‌ റദ്ദുചെയ്യുമെന്ന്‌ സിവില്‍ സപ്ലൈസ്‌ അധികൃതര്‍ അറിയിച്ചു.
സ്പെഷ്യല്‍ ബ്രാഞ്ച്‌ അസി.കമ്മീഷണര്‍ എം.എന്‍.രമേഷിന്റെ നേതൃത്വത്തില്‍, ഷാഡോ എസ്‌ഐ മുഹമ്മദ്‌ നിസാര്‍, കളമശ്ശേരി എസ്‌ഐ മാര്‍ട്ടിന്‍,ഷാഡോ പോലീസ്‌ അംഗങ്ങളായ ഹുസൈന്‍, ഉമ്മര്‍, സജി, നസീര്‍, മനാഫ്‌, സനോജ്‌, അനൂപ്‌, മുഹമ്മദ്‌ നസീര്‍ എന്നിവരും കളമശ്ശേരി പോലീസും ചേര്‍ന്നാണ്‌ തിരച്ചില്‍ നടത്തിയത്‌.
കരിഞ്ചന്തയും, പൂഴ്ത്തിവയ്പ്പും നടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ 0484-3285002 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കേണ്ടതാണെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ അറിയിച്ചു.

Related News from Archive
Editor's Pick