ഹോം » പൊതുവാര്‍ത്ത » 

ജയിലില്‍ നിന്നും ഇറങ്ങില്ലെന്ന് അണ്ണാ ഹസാരെ

August 17, 2011

ന്യൂദല്‍ഹി: രാംലീല മൈതാനിയില്‍ ഏഴ് ദിവസത്തേക്ക്‌ ഉപാധികളോടെ സമരത്തിന്‌ അനുമതി നല്‍കാമെന്ന അധികൃതരുടെ നിര്‍ദ്ദേശം അണ്ണാ ഹസാരെ തള്ളി. ഉപാധികളില്ലാതെ സമരാനുമതി നല്‍കിയില്ലെങ്കില്‍ ജയിലില്‍ നിരാഹാരസമരം തുടരാന്‍ അണ്ണാ ഹസാരെ തീരുമാനിച്ചു.

നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ അണ്ണാ ഹസാരെ സംഘത്തിലെ പ്രശാന്ത്‌ ഭൂഷണ്‍ പറഞ്ഞു. ജെ.പി.പാര്‍ക്കിലോ മറ്റേതെങ്കിലും സ്ഥലത്തോ ഉപാധികളില്ലാതെ സമരം നടത്താന്‍ അനുവദിച്ചാലെ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങൂവെന്ന്‌ പ്രശാന്ത്‌ ഭൂഷണ്‍ വ്യക്തമാക്കി. ജയില്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക്‌ ശേഷം ഹസാരെ അനുയായികളോട്‌ സംസാരിക്കുകയായിരുന്നു പ്രശാന്ത്‌ ഭൂഷണ്‍.

രാം ലീല മൈതാനിയില്‍ സമരം നടത്താമെന്ന നിര്‍ദേശം ഹസാരെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഏഴു ദിവസം മാത്രമായിരിക്കും സമരത്തിന് അനുമതി നല്‍കുകയെന്ന ഉപാധി അംഗീകരിക്കില്ലെന്നു ഹസാരെ വ്യക്തമാക്കി. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നു പോലീസ് വ്യക്തമാക്കിയതോടെ ചര്‍ച്ച പരാജയപ്പെട്ടു. അതേസമയം ചര്‍ച്ച തുടരുമെന്ന സൂചന ഹസാരെയുടെ അനുയായികള്‍ നല്‍കി.

ഉപാധികള്‍ മുന്നോട്ടുവച്ചാല്‍ ജയിലില്‍ നിരാഹാരം തുടരുമെന്ന് ബാബ രാം ദേവ്, ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെടെയുള്ളവരോടു ഹസാരെ പറഞ്ഞു. അണ്ണാ ഹസാരെ ഉടന്‍ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങുമെന്നും ജെ.പി പാര്‍ക്കിലെത്തുമെന്നും സ്വാമി അഗ്നിവേശ്‌ അറിയിച്ചു. ഹസാരയെ തിഹാര്‍ ജയിലിലെ പ്രത്യേക മുറിയിലേക്ക്‌ മാറ്റി. തിഹാര്‍ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയില്ലെങ്കില്‍ അണ്ണാ ഹസാരെയെ പുറത്താക്കുമെന്ന്‌ ജയില്‍ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്.

അണ്ണാ ഹസാരെയെ പാര്‍പ്പിച്ചിരിക്കുന്ന തിഹാര്‍ ജയിലിന്‌ മുന്നില്‍ ഇപ്പോള്‍ നൂറ് കണക്കിന്‌ ആളുകള്‍ തടിച്ച്‌ കൂടിയിരിക്കുകയാണ്‌. സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി ജനങ്ങള്‍ പ്രതിഷേധിക്കുകയാണ്‌. ജയിലില്‍ നിന്ന്‌ പുറത്തിറങ്ങുകയാണെങ്കില്‍ അണ്ണാ ഹസാരെ ജെപി പാര്‍ക്കില്‍ നിരാഹാരസമരം തുടരുമെന്നാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഇതേ തുടര്‍ന്ന്‌ ജെ.പി പാര്‍ക്കില്‍ കനത്ത സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഇവിടെ തടിച്ച്‌ കൂടിയിരിക്കുന്ന അണ്ണാ ഹസാരെയുടെ അനുയായികളെ പോലീസ്‌ പിരിച്ചുവിടുകയാണ്‌.

Related News from Archive
Editor's Pick