ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്‌; യാത്രക്കാര്‍ വലഞ്ഞു

Wednesday 17 August 2011 10:32 pm IST

കൊടകര : ബസ്സ്‌ ജീവനക്കാരനെ എസ്‌ഐ അകാരണമായി മര്‍ദ്ദിച്ചതിനെസംബന്ധിച്ച്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച്‌ വരന്തരപ്പിള്ളി കല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സ്‌ ജീവനക്കാര്‍ മോര്‍ട്ടോര്‍ മസ്ദൂര്‍ സംഘിന്റെ ആഹ്വാന പ്രകാരം പണിമുടക്കിയതിനാല്‍ ഈ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ ഓടിയില്ല. വരന്തരപ്പിള്ളി കല്ലൂര്‍ റൂട്ടിലോടുന്ന പയനീര്‍ ബസ്സിലെ ക്ലീനര്‍ രാജേഷിനെ വരന്തരപ്പിള്ളി എസ്‌ഐ ജോസ്‌ ആന്റണി അകാരണമായി മര്‍ദ്ദിച്ചുവെന്നാണ്‌ ആരോപണം. കുന്നംകുളം പഴഞ്ഞി റൂട്ടിലും സ്വകാര്യ ബസ്സുകള്‍ഓടിയില്ല. ട്രാഫിക്‌ പരിഷ്കരണത്തിന്റെ അപാകതകളെത്തുടര്‍ന്നാണ്‌ കുന്നംഗുളം പഴഞ്ഞി റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കിയത്‌.
ചാലക്കുടി : ചാലക്കുടി-അന്നമനട റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക്‌ നടത്തി. ഇന്നലെ ഉച്ചക്ക്‌ ഒരുമണിമൂതല്‍ വൈകീട്ട്‌ അഞ്ച്‌ മണിവരെയാണ്‌ ഈ റൂട്ടില്‍ ബസ്സുകള്‍ ഓട്ടം നിര്‍ത്തിവെച്ചത്‌. കഴിഞ്ഞ ദിവസം അന്നമനടയിലെ വ്യാപാരസ്ഥാപനത്തിന്റെ ബോര്‍ഡില്‍ ബസ്‌ തട്ടിയതിനെത്തുടര്‍ന്ന്‌ ബോര്‍ഡിന്‌ കേടുപറ്റി ഇതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ മാള പോലീസ്‌ കേസെടുത്ത്‌ അവസാനിപ്പിച്ചതായിരുന്നു. എന്നാല്‍ ബുധനാഴ്ച ഉച്ചയോടെ അന്നമനട സ്റ്റാന്റില്‍ വ്യാപാരികള്‍ ചേര്‍ന്ന്‌ ബസ്സ്‌ തടഞ്ഞു ഇതില്‍ പ്രതിഷേധിച്ചാണ്‌ പണിമുടക്ക്‌ നടത്തിയത്‌. വിദ്യാര്‍ത്ഥികളെയും മറ്റു യാത്രക്കാരെയും പണിമുടക്ക്‌ ഏറെ ബുദ്ധിമുട്ടിച്ചു. സംഭവത്തെത്തുടര്‍ന്ന്‌ മാള എസ്‌ഐയും അന്നമനട ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌, ബസ്സ്‌ ഓണേഴ്സ്‌ അസോസിയേഷന്‍ ഭാരവാഹികളും തമ്മില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്ന്‌ സമരം പിന്‍വലിക്കുകയായിരുന്നു. അഞ്ച്‌ മണിയോടെ ബസ്സ്‌ ഗതാഗതം പുനഃസ്ഥാപിച്ചു.