ഹോം » വാര്‍ത്ത » കേരളം » 

ശബരിമലയിലെ വര്‍ദ്ധിപ്പിച്ച വഴിപാട്‌ നിരക്കുകള്‍ പിന്‍വലിച്ചു

August 17, 2011

ശബരിമല: ചിങ്ങപ്പുലരിമുതല്‍ വര്‍ദ്ധിപ്പിച്ച ശബരിമലയിലെ വഴിപാട്‌ നിരക്കുകള്‍ ദേവസ്വം ബോര്‍ഡ്‌ പിന്‍വലിച്ചു. ഭക്തര്‍ക്ക്‌ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നിരക്ക്‌ വര്‍ദ്ധനയ്ക്കെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എസ്‌.എച്ച്‌.പഞ്ചാപകേശന്‍ ഇടപെടുകയും കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ വഴിപാട്‌ നിരക്ക്‌ വര്‍ദ്ധിപ്പിച്ചതിലെ അപാകത ചൂണ്ടിക്കാണിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ്‌ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ പിന്‍വലിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ തയ്യാറായതെന്ന്‌ അറിയുന്നു.
2009ലും ശബരിമലയിലെ വഴിപാട്‌ നിരക്കുകള്‍ ദേവസ്വം ബോര്‍ഡ്‌ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ വഴിപാടുകളുടെ നിരക്ക്‌വര്‍ദ്ധന ബോര്‍ഡ്‌ കുറച്ചിരുന്നു. ഇനിയും വഴിപാട്‌ നിരക്ക്‌ വര്‍ദ്ധിപ്പിക്കണമെങ്കില്‍ ഭക്തരുടെ അഭിപ്രായം കൂടി മാനിച്ചുവേണം എന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശവും അന്നുണ്ടായിരുന്നു. എന്നാല്‍ ഇതുപാലിക്കാതെയാണ്‌ ചിങ്ങം 1 മുതല്‍ ശബരിമലയില്‍ പുതിയ വഴിപാട്‌ നിരക്കുകള്‍ ബോര്‍ഡ്‌ പ്രഖ്യാപിച്ചത്‌.
പുതിയ നിരക്ക്‌ വര്‍ദ്ധനവില്‍ മുമ്പുണ്ടായിട്ടില്ലാത്ത പുതിയ കാര്യങ്ങള്‍കൂടി കൂട്ടിച്ചേര്‍ത്തിരുന്നു. നിര്‍മ്മാല്യം, ഉഷപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ, ഹരിവരാസനം എന്നീ ചടങ്ങുസമയത്ത്‌ അയ്യപ്പ ദര്‍ശനം നടത്തുന്നതിന്‌ ഭക്തര്‍ 2500 രൂപ വീതമുള്ള ടിക്കറ്റ്‌ എടുക്കണമെന്നായിരുന്നു പുതിയ നിര്‍ദ്ദേശം. ഈ പൂജാവേളകളില്‍ ശ്രീകോവിലിന്‌ മുമ്പിലുള്ള ഭക്തജനത്തിരക്ക്‌ കുറയ്ക്കാന്‍ ടിക്കറ്റ്‌ ഏര്‍പ്പെടുത്തിയതുമൂലം കഴിയുമെന്നാണ്‌ ഔദ്യോഗിക വിശദീകരണം. എന്നാല്‍ തീര്‍ത്ഥാടനക്കാലത്തുടനീളം 10ഉം 15 ഉം മണിക്കൂറുകള്‍ ഭഗവത്‌ ദര്‍ശനത്തിനായി ഭക്തര്‍ക്ക്‌ കാത്തുനില്‍ക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരത്തില്‍ ടിക്കറ്റുവെച്ചുള്ള ദര്‍ശനം ഭക്തര്‍ക്ക്‌ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന യാഥാര്‍ത്ഥ്യം ദേവസ്വം അധികൃതര്‍ ചിന്തിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്‌.
തീര്‍ത്ഥാടനക്കാലത്ത്‌ ശബരിലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭ്യമാകുന്ന വഴിപാട്‌ പ്രസാദങ്ങളായ അപ്പം, അരവണ എന്നിവയുടെ നിരക്കും വര്‍ദ്ധിപ്പിച്ചിരുന്നു. 50 രൂപയ്ക്ക്‌ ലഭിച്ചിരുന്ന അരവണ 60 രൂപയ്ക്കും 20 രൂപയ്ക്ക്‌ ലഭിച്ചിരുന്ന അപ്പത്തിന്‌ 25 രൂപയുമായാണ്‌ വര്‍ദ്ധിപ്പിച്ചത്‌. ഇന്നലെ വര്‍ദ്ധിപ്പിച്ച നിരക്ക്‌ അനുസരിച്ച്‌ കുറേ സമയം പ്രസാദ വിതരണം നടത്തുകയും ചെയ്തു.
പുതിയ നിരക്കില്‍ സഹസ്രകലശത്തിന്‌ സാധനങ്ങള്‍ ഹാജരാക്കിയ ശേഷം 25000വും ലക്ഷാര്‍ച്ചനയ്ക്ക്‌ 4000 രൂപയുമാണ്‌ ഈടാക്കുന്നത്‌. നേരത്തെ സഹസ്രകലശത്തിന്‌ 19000 രൂപയാണ്‌ ഈടാക്കിയിരുന്നത്‌. പടിപൂജയ്ക്ക്‌ 30001 രൂപ ഈടാക്കിയിരുന്നത്‌ പുതിയ നിരക്കില്‍ 50000 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ഗണപതിഹോമത്തിന്‌ 150 രൂപ ആയിരുന്നത്‌ പുതിയ നിരക്കില്‍ 200 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. ചുരുക്കത്തില്‍ ശബരിമലയിലെ ചെറുതുംവലുതുമായ എല്ലാ വഴിപാടുകളുടേയും നിരക്ക്‌ വര്‍ദ്ധിപ്പിച്ചിരുന്നു. ശബരിമലയിലെ വഴിപാട്‌ നിരക്ക്‌ വര്‍ദ്ധിപ്പിച്ചതിനെതിരെ ഭക്തജനങ്ങളില്‍ വ്യാപകമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ശബരിമല ക്ഷേത്രത്തിന്‌ പുറമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലേയും വഴിപാട്‌ നിരക്കുകളില്‍ വന്‍ വര്‍ദ്ധനവാണ്‌ വരുത്തിയിട്ടുള്ളത്‌. ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളമടക്കം ദേവസ്വം ബോര്‍ഡിന്‌ ചെലവിനത്തില്‍ വന്‍ ബാധ്യതയുണ്ടാകുന്നു എന്ന കാര്യം നിരത്തിയാണ്‌ ദേവസ്വം അധികൃതര്‍ വഴിപാട്‌ നിരക്ക്‌ വര്‍ദ്ധനവിനെ ന്യായീകരിക്കുന്നത്‌.
അതേസമയം ഭക്തര്‍ വഴിപാടിനും കാണിക്കയുമായി ക്ഷേത്രത്തിലര്‍പ്പിക്കുന്ന പണം പൂര്‍ണ്ണമായും ദേവസ്വം അക്കൗണ്ടില്‍ എത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്‌. ക്ഷേത്രങ്ങളില്‍ മതിയായ ജീവനക്കാരെ നിയമിക്കാതെ അഞ്ചും ആറും അതിലധികവും ക്ഷേത്രങ്ങളുടെ ചുമതല ഒരാള്‍ക്ക്‌ നല്‍കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും ഇത്‌ ക്ഷേത്ര നടത്തിപ്പിനെ ബാധിക്കുന്നുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. പലക്ഷേത്രങ്ങളിലും ഭരണം കാര്യക്ഷമമല്ലാത്തതിനാല്‍ രസീത്‌ എഴുതി വഴിപാട്‌ നടത്തുന്നതിനേക്കാള്‍ കൂടുതല്‍ രസീതില്ലാതെ വഴിപാട്‌ നടത്തിക്കൊടുക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick