ഹോം » വാര്‍ത്ത » പ്രാദേശികം » എറണാകുളം » 

ശ്രീകൃഷ്ണജയന്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി മഹാശോഭായാത്ര 21ന്‌

August 17, 2011

കൊച്ചി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി മഹാനഗരത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രധാന ആഘോഷപരിപാടിയായ കുടുംബസംഗമം 19ന്‌ വൈകീട്ട്‌ 6ന്‌ എറണാകുളം ഗംഗോത്രി കല്യാണമണ്ഡപത്തില്‍ നടക്കും. മുഖ്യാതിഥി രാജുനാരായണസ്വാമി ഐഎഎസ്‌ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ എം.രാമചന്ദ്രന്‍ അദ്ധ്യക്ഷതവഹിക്കും. സിനിമ സംവിധായകന്‍ മേജര്‍ രവി കുടുംബസംഗമത്തില്‍ സംബന്ധിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ കൃഷ്ണഗീതി, ശ്യാമ, ഭഗവദ്ഗീത പ്രശ്നോത്തരി, കഥാരചന, കവിതാരചന എന്നീ മത്സരങ്ങളിലെ വിജയികള്‍ക്ക്‌ ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കും.
ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിച്ച്‌ ജില്ലയിലെ 300ല്‍പരം കേന്ദ്രങ്ങളില്‍ ആഘോഷപതാകകളുയര്‍ന്നു. 150ല്‍പരം കേന്ദ്രങ്ങളില്‍ ഗോമാതാവിനെ ആരാധിക്കുന്ന ഗോപൂജ നടക്കും. എറണാകുളം ശിവക്ഷേത്രം, രവിപുരം ക്ഷേത്രം, ടിഡിക്ഷേത്രം, പാവക്കുളം മഹാദേവക്ഷേത്രം എന്നിവയാണ്‌ നഗരത്തില്‍ ഗോപൂജ നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍.
ആഗസ്റ്റ്‌ 20ന്‌ വൈകുന്നേരം 5മണിക്ക്‌ എറണാകുളം തിരുമല ദേവസ്വം ക്ഷേത്രാങ്കണത്തില്‍ വെച്ച്‌ 100 കണക്കിന്‌ ശ്രീകൃഷ്ണന്‍മാര്‍ പങ്കെടുക്കുന്ന ഉറിയടി നടക്കും.
ജന്മാഷ്ടമിദിവസമായ ആഗസ്റ്റ്‌ 21ന്‌ ഞായറാഴ്ച വൈകിട്ട്‌ 3.30ന്‌ നഗരത്തിലെ അഞ്ച്‌ സ്ഥലങ്ങളില്‍നിന്നും ശോഭായാത്രകള്‍ ആരംഭിക്കും. നോര്‍ത്ത്‌ പരമാരദേവീക്ഷേത്രം (ടൗണ്‍ഹാള്‍), അയ്യപ്പന്‍കാവ്‌ ക്ഷേത്രം, എറണാകുളം ടിഡി ക്ഷേത്രം, രവിപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റിനു സമീപമുള്ള ശ്രീ കുമാരേശ്വര സുബ്രഹ്മണ്യക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുമാരംഭിക്കുന്ന ശോഭായാത്രകള്‍ എം.ജി.റോഡുവഴി ജോസ്ജംഗ്ഷനില്‍ സംഗമിച്ച്‌ മഹാശോഭായാത്രയായി എറണാകുളം ശിവക്ഷേത്രസന്നിധിയില്‍ സമാപിക്കും.
സ്വാമി പൂര്‍ണാമൃതാനന്ദപുരി, ജസ്റ്റിസ്‌. എം.രാമചന്ദ്രന്‍, റിട്ട.ഡിജിപി അച്യുതരാമന്‍, ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണന്‍,സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ജംഗദംബിക തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ ഉദ്ഘാടനം ചെയ്യും. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതത്തിലെ വിവിധ മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കുന്ന നിരവധി നിശ്ചലദൃശ്യങ്ങള്‍ മഹാശോഭായാത്രയ്ക്ക്‌ മാറ്റുകൂട്ടും.
മഹാശോഭായാത്രയുടെ സമാപന വേദിയില്‍ ഓടില്‍ തീര്‍ത്ത പൂജിച്ച ശ്രീകൃഷ്ണ വിഗ്രഹം ഗുരുവായൂര്‍ മേല്‍ശാന്തി പ്രസാദമായി ഭക്തര്‍ക്ക്‌ നല്‍കുന്നതാണ്‌. നഗരത്തില്‍ നടക്കുന്ന മഹാശോഭായാത്രയ്ക്കു പുറമേ മട്ടാഞ്ചേരി, പള്ളുരുത്തി, മരട്‌, തൃപ്പൂണിത്തുറ, തിരുവാങ്കുളം, തൃക്കാക്കര എന്നിവിടങ്ങളിലും ആയിരങ്ങള്‍ പങ്കെടുക്കുന്ന നിരവധി ശോഭായാത്രകള്‍ നടക്കും. പത്രസമ്മേളനത്തില്‍ ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ ജി.സതീഷ്കുമാര്‍, ജില്ലാ സംഘടനാ കാര്യദര്‍ശി പി.എം.രജിത്ത്‌, മുഖ്യ സംയോജകന്‍ പി.വി.അതികായന്‍ ഡി.അജിത്ത്‌, കെ.കെ.കൈലാസ്‌ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick