ഹോം » പൊതുവാര്‍ത്ത » 

ജഗന്‍ മോഹന്റെ ഓഫീസിലും വസതിയിലും റെയ്‌ഡ്

August 18, 2011

ഹൈദ്രാബാദ്‌: അന്തരിച്ച ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി വൈ.എസ്‌.രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ.എസ്‌.ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വസതിയിലും, ഓഫീസുകളിലും സി.ബി.ഐ റെയ്‌ഡ്‌. ഹൈദരാബാദ്‌, ബാംഗ്ലൂര്‍, ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ 20ഓളം സംഘങ്ങളായി തിരിഞ്ഞാണ്‌ സി.ബി.ഐ റെയ്‌ഡ്‌ നടത്തുന്നത്‌.

അനധികൃത സ്വത്ത്‌ സമ്പാദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന്‌ ജഗനെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആന്ധ്രാപ്രദേശ്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജഗന്‍ മോഹന്‍ പ്രൊമോട്ടറായ “ജഗതി പബ്ലിക്കേഷന്‍സ്’ കമ്പനിക്കെതിരെയാണ് കേസ്.

കമ്പനിക്കെതിരേ ജൂലൈ 26നു സമര്‍പ്പിച്ച സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിന്റെയും സംസ്ഥാന ടെക്സ്റ്റൈല്‍ മന്ത്രി ഡോ. പി. ശങ്കര്‍ റാവുവും തെലുങ്കുദേശം പാര്‍ട്ടി നേതാക്കളും സമര്‍പ്പിച്ച ഹര്‍ജികളുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. കമ്പനിയിലെ നിക്ഷേപകര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചിരുന്നു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ അത്ഭുതാവഹമായ വളര്‍ച്ചയാണു കമ്പനി നേടിയിട്ടുള്ളതെന്നു കോടതി നിരീക്ഷിച്ചു. 2004 ല്‍ 11 ലക്ഷം മാത്രമായിരുന്ന ജഗന്റെ കുടുംബ സ്വത്ത് വൈ.എസ്.ആര്‍ മരിച്ചപ്പോഴേക്കും 43,000 കോടി രൂപയായെന്നു റാവു സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

2009ലാണു വൈ.എസ്.ആര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. തനിക്കു 365 കോടി രൂപയുടെ സ്വത്തുണ്ടെന്നു ജഗന്‍ വെളിപ്പെടുത്തിയിരുന്നു.

Related News from Archive
Editor's Pick