ഹോം » കേരളം » 

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഐ.എ.എമ്മില്‍ പരിശീലനം

August 18, 2011

കോഴിക്കോട്: ഭരണയന്ത്രം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പരിശീലനം മുഖ്യമന്ത്രിക്കും 19 മന്ത്രിമാര്‍ക്കും ഐ.ഐ.എം നല്‍കി. തിരക്കും ടെന്‍ഷനും മാനേജ് ചെയ്യാനായി ക്ലാസില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശങ്ങളെക്കുറിച്ച് എല്ലാവരും വാചാലരായി.

മാനേജുമെന്റ് വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഐ.എ.എം ഡയറക്ടറുടെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. രാവിലെ 7.45ന് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും ഐ.എ.എം ക്യാമ്പസിലെത്തി. ഉള്‍ക്കാഴ്ചയോടെ ഭരണം നിര്‍വ്വഹിച്ച് മുന്നേറുക എന്നതായിരുന്നു പരിശീലനപരിപാടിയുടെ ഉദ്ദേശ്യം.

നേതൃപാടവം, സംസ്കാര രൂപീകരണം, നയതന്ത്രാവിഷ്കാരം, കൃഷി, പരിസ്ഥിതി, അടിസ്ഥാന സൌകര്യ വികസനം, നിക്ഷേപം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചായിരുന്നു പഠനം. എട്ട് മണിക്കൂര്‍ സമയം ക്ലാസ് നീണ്ടു.

പുതിയ രീതികളോടും സമീപനങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുക എന്നതാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ നയമെന്ന് ക്ലാസ് തുടങ്ങും മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. അതുകൊണ്ടാണ് മാനേജുമെന്റ് വൈദഗ്ധ്യത്തെ മനസിലാക്കുന്നതിനായി ഐ.എ.എം സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയില്‍ താനും മന്ത്രിമാരും പങ്കെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ 8.45ന് മുഖ്യമന്ത്രിയും ഐ.എ.എം വിദ്യാര്‍ത്ഥികളും തമ്മില്‍ സംവാദം നടത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിഭിന്നമായി കേരളത്തിലെ ഗ്രാമങ്ങളിലും മാലിന്യം ഒരു പ്രശ്‌നമാണ്‌. ഇതിന്‌ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌. ജനങ്ങളുടെ വിശ്വാസമാണ്‌ ജനാധിപത്യത്തില്‍ വലുത്‌. ജനങ്ങള്‍ എല്ലാം അറിയണം. അതിനാലാണ്‌ തന്റെ ഓഫീസ്‌ 24 മണിക്കൂറും ഓണ്‍ലൈനില്‍ ലൈവ്‌ നല്‍കുന്നത്‌-മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.

Related News from Archive
Editor's Pick