ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; 25000കുട്ടികള്‍ കൃഷ്ണവേഷമണിയും

August 18, 2011

തൃശൂര്‍ : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 21ന്‌ വിവിധ സ്ഥലങ്ങളിലായി 650 ശോഭായാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന്‌ ബാലഗോകുലം സംസ്ഥാന നിര്‍വാഹകസമിതി അംഗം എംഎ അയ്യപ്പന്‍ മാസ്റ്റര്‍ മഹാനഗര്‍ അദ്ധ്യക്ഷന്‍ കെ.എസ്‌.നാരായണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച്‌ 290 ആഘോഷങ്ങളും നടക്കും. 25000കുട്ടികള്‍ ഉണ്ണിക്കണ്ണന്റേയും ഗോപികമാരുടേയും വേഷമണിഞ്ഞ്‌ ശോഭായാത്രയില്‍ പങ്കെടുക്കും. ഉറിയടി മത്സരങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്‌. 20ന്‌ വൈകീട്ട്‌ 5.15ന്‌ തെക്കെ ഗോപുരനടയില്‍ ഉറിയടി മത്സരം നടക്കും. ചാലക്കുടിയില്‍ നടക്കുന്ന ശോഭായാത്ര പിന്നണിഗായകന്‍ മധുബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട, വാടാനപ്പിള്ളി, ഗുരുവായൂര്‍,പുന്നയൂര്‍ക്കുളം, കുന്നംകുളം, പാവറട്ടി, വടക്കാഞ്ചേരി, മുള്ളൂര്‍ക്കര, ചെറുതുരുത്തി, മുളംകുന്നത്തുകാവ്‌, പേരാമംഗലം, അടാട്ട്‌, പാലിശ്ശേരി, കണിമംഗലം, തൃക്കൂര്‍, കല്ലൂര്‍, കള്ളായി, മരത്താക്കര, പുത്തൂര്‍, മുല്ലക്കര, ചുവന്നമണ്ണ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും. തൃശൂര്‍ നഗരത്തില്‍ വൈകീട്ട്‌ 5.30ന്‌ പാറമേക്കാവ്‌ ക്ഷേത്രപരിസരത്തുനിന്ന്‌ ശോഭായാത്ര ആരംഭിക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ എംസിഎസ്‌ മേനോന്‍ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഹരികുമാര്‍ സംസാരിക്കും. ശോഭായാത്ര നായ്ക്കനാല്‍ വഴി വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സംസാരിക്കും. ബാബു രാജ്‌ കേച്ചേരി, അനൂപ്‌ തിരുവത്ര, വി.എന്‍.ഹരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related News from Archive
Editor's Pick