ഹോം » പൊതുവാര്‍ത്ത » 

സൗമിത്ര സെന്നിന്റെ കുറ്റവിചാരണക്ക്‌ രാജ്യസഭയുടെ അനുമതി

August 18, 2011

ന്യൂദല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്നിനെ ഇംപീച്ച്‌ ചെയ്യാനുള്ള പ്രമേയം രാജ്യസഭ പാസാക്കി. ഇംപീച്ച്മെന്റ്‌ നടപടി നേരിടുന്ന രാജ്യത്തെ ആദ്യ ജഡ്ജിയാണ്‌ സെന്‍. രാജ്യസഭയുടെ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷമായ 123 വോട്ടാണ്‌ പ്രമേയം പാസാക്കുന്നതിന്‌ വേണ്ടിയിരുന്നതെങ്കിലും 189 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച്‌ വോട്ട്‌ ചെയ്യുകയാണുണ്ടായത്‌. സിപിഎം നേതാവ്‌ സീതാറാം യെച്ചൂരി, രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലി എന്നിവര്‍ സമര്‍പ്പിച്ച രണ്ട്‌ പ്രമേയങ്ങളാണ്‌ ഇംപീച്ച്മെന്റ്‌ നടപടികള്‍ക്കായി സഭ തെരഞ്ഞെടുത്തത്‌.
ഇന്ത്യന്‍ പാര്‍ലമെന്റ്‌ ചരിത്രത്തില്‍ ഇതിന്‌ മുമ്പ്‌ കുറ്റവിചാരണ നടപടിയുണ്ടായിട്ടുണ്ടെങ്കിലും പാര്‍ലമെന്റിന്റെ ഒരു സഭയില്‍ ഒരു ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ്‌ നടപടിയുണ്ടാകുന്നത്‌ ഇതാദ്യമായാണ്‌. കോണ്‍ഗ്രസും ജസ്റ്റിസ്‌ സെന്നിനെതയിരായ പ്രമേയത്തെ അനുകൂലിച്ചു. രാജ്യസഭാ ഇംപീച്ച്മെന്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും നടപ്പ്‌ സമ്മേളനത്തില്‍ ലോക്സഭയും ജഡ്ജിക്കെതിരായ നടപടിക്കുള്ള പ്രമേയം പാസാക്കിയെങ്കില്‍ മാത്രമേ സെന്നിനെ നീക്കാന്‍ രാഷ്ട്രപതിയോട്‌ ആവശ്യപ്പെടാന്‍ കഴിയുകയുള്ളൂ. ആഗസ്റ്റ്‌ 24ഓടുകൂടി ലോക്സഭയില്‍ ഇക്കാര്യത്തിനുള്ള പ്രമേയം അവതരിപ്പിക്കും. കോണ്‍ഗ്രസിലെ നാച്ചിയപ്പന്‍, ബിഎസ്പിയുടെ ചന്ദ്രമിശ്ര, ജനതാദള്‍ യുവില്‍ നിന്നുള്ള എന്‍.കെ. സിങ്ങ്‌, സിപിഐയിലെ ഡി. രാജ എന്നിവരും രാജ്യസഭയില്‍ നടന്ന ഇംപീച്ച്മെന്റ്‌ നടപടികളില്‍ പങ്കാളികളായി.
കല്‍ക്കട്ടാ ഹൈക്കോടതി റിസീവര്‍ സ്ഥാനം വഹിച്ചിരുന്ന കാലയളവില്‍ ജസ്റ്റിസ്‌ സെന്‍ സ്വകാര്യ കമ്പനികളെ സഹായിച്ചുകൊണ്ട്‌ അനധികൃത ധനനിക്ഷേപം നടത്തിയെന്നതാണ്‌ ഇദ്ദേഹത്തിനെതിരായ പരാതിയുടെ ആധാരം.
ഇത്‌ കൂടാതെ മുന്‍ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്ണന്റെ പരാതിപ്രകാരം ആരംഭിക്കാനിരിക്കുന്ന ഇംപീച്ച്മെന്റ്‌ നടപടികളെ സെന്‍ അധികാര സമ്മര്‍ദ്ദമുപയോഗിച്ച്‌ തടഞ്ഞതായും ആരോപണമുണ്ട്‌. ജസ്റ്റിസ്‌ സെന്നിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്ന്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസുമാരടങ്ങുന്ന സമിതി ഇദ്ദേഹത്തിനെതിരായ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതോടെയാണ്‌ ഇംപീച്ച്മെന്റ്‌ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനമായത്‌. ഇതിനിടെ രാജ്യസഭയില്‍ ഹാജരായ സെന്‍ തനിക്കെതിരായ ആരോപണങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു.

Related News from Archive
Editor's Pick