ഹോം » പ്രാദേശികം » എറണാകുളം » 

മരടിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി വ്യാപകമെന്ന്‌

August 18, 2011

മരട്‌: മരട്‌, കുമ്പളം പ്രദേശത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി വ്യാപകമായതായി പരാതി ഉയരുന്നു. മരട്‌, തൃപ്പൂണിത്തുറ സബ്‌ രജിസ്ട്രാര്‍ ഓഫീസുകളില്‍ പുരയിടവും, വീടും, ഫ്ലാറ്റുകളും രജിസ്റ്റര്‍ ചെയ്യാന്‍ ചുരുങ്ങിയത്‌ 5000 രൂപ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌. മരട്‌, കുമ്പളം വില്ലേജ്‌ ഓഫീസുകള്‍ കേന്ദ്രീകരിച്ചും അഴിമതിയും കൈക്കൂലിയും വര്‍ധിച്ചതായും ആക്ഷേപമുണ്ട്‌.
വില്ലേജ്‌ ഓഫീസുകളിലെ ഉദ്യോഗസ്ഥരും, ഓഫീസര്‍മാരും വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമായി ഭൂമി അളന്നുതിരിക്കുന്നതിനും മറ്റും നിയമപരമായ സര്‍ക്കാര്‍ ഫീസിനുപുറമെ അഞ്ചിരട്ടിവരെ തുക കൈക്കൂലിയായി ചോദിച്ചുവാങ്ങുന്നതായും പറയപ്പെടുന്നു. ഇതിനുപുറമെ നിയമപരമല്ലാത്ത പ്രവര്‍ത്തികള്‍ക്കുകൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ വന്‍കിട ഭൂമിമാഫിയകളില്‍നിന്നും മറ്റും പതിനായിരങ്ങള്‍ കോഴവാങ്ങുന്നതായും ആരോപണം ഉണ്ട്‌.
കായല്‍ കൈയ്യേറ്റങ്ങള്‍ വ്യാപകമായിരിക്കുന്ന മരട്‌, തൃപ്പൂണിത്തുറ നഗരസഭ അതിര്‍ത്തികളിലും, കുമ്പളംപഞ്ചായത്തിലും അനധികൃത ഭൂമികൈയ്യേറ്റങ്ങള്‍ക്ക്‌ ഉദ്യോഗസ്ഥര്‍ ഒത്താശചെയ്യുന്നതായും ഇതിന്‌ വന്‍തുകകള്‍ പ്രതിഫലം പറ്റുന്നതായും വിവരം ലഭിച്ചിട്ടുണ്ട്‌. 2008ലെ സംസ്ഥാന സര്‍ക്കാരിന്റെ നീര്‍തട സംരക്ഷണനിയമം ലംഘിച്ചുകൊണ്ട്‌ നടന്നുവരുന്ന ഭൂമി നികത്തലിനും ഉദ്യോഗസ്ഥരുടെ പിന്‍തുണയുണ്ട്‌.
കുമ്പളം പഞ്ചായത്തില്‍ കായല്‍ കൈയ്യേറിയും, ചെമ്മീന്‍ കെട്ടുകള്‍ മണ്ണിട്ട്‌ നികത്തിയും വ്യാപകമായി വില്ലകളും, റിസോര്‍ട്ടുകളും,അതിഥിമന്ദിരങ്ങളും മറ്റും നിര്‍മിച്ചുവരുന്നുണ്ട്‌. ഇത്തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ ഒത്താശചെയ്യുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. കുമ്പളം വില്ലേജില്‍ മാത്രം വിവിധ ബ്ലോക്കുകളിലായി 135 ഏക്കറിലധികം ഭൂമി നികത്തി കരയാക്കിമാറ്റിയാതായാണ്‌ അനൗദ്യോഗിക കണക്കുകള്‍. ഇതിനുപുറമെ മരട്‌ നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കായല്‍ കൈയ്യേറ്റവും, ഭൂമി നികത്തലും വീണ്ടും തുടങ്ങിയിട്ടുണ്ട്‌.
കുണ്ടന്നൂര്‍ പുഴയുടെ തെക്കുഭാഗത്ത്‌ കായല്‍ കൈയ്യേറിയും, ചെമ്മീന്‍കെട്ട്‌ ചെളിയിട്ട്‌ നികത്തിയും നിയമലംഘനങ്ങള്‍ വ്യാപകമാണെന്നും, മരട്‌ വില്ലേജ്‌ ഓഫീസിലെ ചിലര്‍ ഇതിന്‌ ഒത്താശചെയ്യുന്നതായും ആരോപണം ശക്തമായിട്ടുണ്ട്‌.

Related News from Archive
Editor's Pick