ഹോം » കേരളം » 

മുഹമ്മദ് കമ്മിറ്റി സര്‍ക്കാരിന്റേതു തന്നെ – മുഖ്യമന്ത്രി

June 22, 2011

തിരുവനന്തപുരം : ജസ്റ്റിസ്‌ പി.എ.മുഹമ്മദ്‌ കമ്മിറ്റി സര്‍ക്കാരിന്റെ തന്നെ കമ്മിറ്റിയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കമ്മിറ്റിയുടെ മേല്‍ നിയന്ത്രണം ഇല്ലാതാകുമ്പോള്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ വിഷയത്തില്‍ സാമൂഹ്യ നീതിയിലൂന്നിയ പ്രവേശനമെന്ന യു.ഡി.എഫ് നയം ഈ വര്‍ഷം തന്നെ നടപ്പാക്കാന്‍ ശ്രമിക്കും. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിച്ചു കൊണ്ടു തന്നെ മറ്റുള്ളവര്‍ക്കും അവസരമൊരുക്കുകയാണു സര്‍ക്കാര്‍ നയമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമയപരിധിക്കുള്ളില്‍ നിന്നു കൊണ്ടുതന്നെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സാമൂഹ്യ നീതിയെന്ന നയം നടപ്പാക്കാന്‍ ശ്രമിക്കുകയാണു സര്‍ക്കാര്‍. ഈ വര്‍ഷം തന്നെ ഇതു നടപ്പാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ മാനേജുമെന്റുകളുമായി അന്തിമ ധാരണയിലെത്താനായിട്ടില്ല. ചര്‍ച്ചകള്‍ തുടരും. അടുത്ത വര്‍ഷം ഇതില്‍ ശാശ്വത പരിഹാരം കാണുമെന്നും ഇതിനു താന്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ആര്‍ക്കും സ്കൂളുകള്‍ ആരംഭിക്കാനാകില്ല. സ്.ബി.എസ്.എ, ഐ.സി.എസ്.ഇ സ്കൂളുകളുടെ എന്‍.ഒ.സി വിഷയത്തില്‍ എയ്ഡഡ് മേഖലയെ സംരക്ഷിക്കുന്ന തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെയും വി.ഡി. സതീശന്‍ എംഎല്‍ എയുടെയും കത്തുകള്‍ പരിശോധിച്ചു ലോട്ടറിക്കേസ് സി.ബി.ഐക്ക് കൈമാറിയ വിജ്ഞാപനത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്നും അദ്ദേഹമറിയിച്ചു. ലോകായുക്തയുടെ പരിധിയില്‍ 117 അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തും. വനം വകുപ്പില്‍ 20 വര്‍ഷം പൂര്‍ത്തീകരിച്ച താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും.

പ്രസവ ശസ്ത്രക്കിടെ മരിച്ച വിനീതയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും ഭര്‍ത്താവിനു സര്‍ക്കാര്‍ ജോലിയും നല്‍കും എന്നിവയാണു മറ്റു പ്രധാന തീരുമാനങ്ങള്‍.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick