ഹസാരെയുടെ സമരം ഇന്ത്യയുടെ ആഭ്യന്തര കാര്യം - യു.എസ്

Friday 19 August 2011 1:04 pm IST

വാഷിങ്ടണ്‍: അഴിമതിയ്ക്കെതിരായി അണ്ണാ ഹസാരെ നടത്തുന്ന സമരം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അമേരിക്ക. ഈ സമരത്തെ ജനാധിപത്യ മാര്‍ഗത്തില്‍ ഇന്ത്യ നേരിടുമെന്നാണ്‌ പ്രതീക്ഷയെന്ന് യു.എസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ടമെന്റ്‌ വക്താവ്‌ വിക്‌ടോറിയ ന്യുവലാന്‍ഡ്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ യു.എസ് ഇടപെടില്ല. സമാധാനപരമായി സംഘടിക്കാനുള്ള പൗരാവകാശത്തെയാണ് യു.എസ് പിന്തുണയ്ക്കുന്നത്. എല്ലാ രാജ്യത്തോടും പാര്‍ട്ടികളോടും ഈ നിലപാടാണ്. ഇന്ത്യയും അമേരിക്കയും പൊതുവായ തത്വങ്ങളും, ആശയങ്ങളുമാണ്‌ പിന്തുടരുന്നത്‌- വിക്‌ടോറിയ പറഞ്ഞു. ഇന്ത്യ ശക്തമായ ഒരു ജനാധിപത്യ രാജ്യമായതിനാല്‍ തന്നെ ഇത്തരം സമരങ്ങളെ ജനാധിപത്യത്തിന്‌ യോജിച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.