ഹോം » ഭാരതം » 

യു.പിയില്‍ മുഖ്യ അജണ്ട അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരായ പോരാട്ടം – ഉമാഭാരതി

June 22, 2011

ലഖ്നൌ : ഉത്തര്‍പ്രദേശില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യ തിരഞ്ഞെടുപ്പ്‌ അജണ്ട സംസ്ഥാനത്ത്‌ തുടരുന്ന അഴിമതിയും കുറ്റകൃത്യങ്ങള്‍ക്കും എതിരെയുള്ള സന്ധിയില്ലാ സമരമായിരിക്കുമെന്ന് ബി.ജെ.പി നേതാവ് ഉമാഭാരതി വ്യക്തമാക്കി.

വികസനത്തിന്റെ പേരില്‍ വന്‍ അഴിമതിയാണ്‌ ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്നും ഉമാഭാരതി കുറ്റപ്പെടുത്തി. യു.പിയില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ദ്വിഗ്‌വിജയ് സിംഗ്‌ രാഹുല്‍ഗാന്ധിയുടെ പകരക്കാരന്‍ മാത്രമാണെന്നും അദ്ദേഹത്തിന്‌ സംസ്ഥാനത്ത്‌ യാതൊരു വിലയുമില്ലെന്നും അവര്‍ വിമര്‍ശിച്ചു.

ദ്വിഗ്‌വിജയ് സിംഗ് എവിടെ പോയാലും ഞാന്‍ പരാജയപ്പെടുത്തും. മധ്യപ്രദേശിലും ബീഹാറിലും ചുമതലയുണ്ടായിരുന്നപ്പോഴും അദ്ദേഹത്തെ പരാജയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ കാര്യത്തില്‍ യു.പിയുടെ ഊഴമെത്തിയിരിക്കുകയാണെന്നും ഉമാഭാരതി പറഞ്ഞു.

രാമനിലും ഹിന്ദുത്വത്തിലും പാര്‍ട്ടി പൂര്‍ണമായി വിശ്വസിക്കുകയും രാമരാജ്യം വരണമെന്ന്‌ ആത്യന്തികമായി ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ നിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉയര്‍ത്തുന്ന വിഷയം ഇതല്ലെന്നും ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ചുമതലയുള്ള ഉമാഭാരതി വ്യക്തമാക്കി.

ഹിന്ദുത്വവിഷയത്തില്‍ പാര്‍ട്ടി ഒരിക്കലും പിന്നോക്കം പോയിട്ടില്ലെന്നും ഉമാഭാരതി പറഞ്ഞു.

Related News from Archive
Editor's Pick