കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു: ഡ്രൈവര്‍മാരടക്കം നൂറോളം പേര്‍ക്ക്‌ പരിക്ക്‌

Friday 19 August 2011 11:33 pm IST

കൊച്ചി: മധുര ദേശീയപാതയില്‍ അപകടം തുടര്‍ക്കഥയായ കടാതി പള്ളികവലയിലെ കൊടും വളവിലാണ്‌ ഇന്നലെ രാവിലെ ഏഴരയോടെ ബസുകള്‍ കൂട്ടിയിടിച്ചത്‌. മുഖത്തോട്‌ മുഖം കൂട്ടിയിടിച്ച ബസുകള്‍ രണ്ടും വെട്ടിപൊളിച്ചാണ്‌ ഡ്രൈവര്‍മാരെ പുറത്തെടുത്തത്‌. ഗുരുതരമായി പരിക്കേറ്റ തൊടുപുഴ ഡിപ്പൊയിലെ ഡ്രൈവര്‍ പണ്ടപ്പിള്ളി സ്വദേശി മണിലാലിനെ തൊടുപുഴ ചാലിക്കടവ്‌ ആശുപത്രിയിലും മൂവാറ്റുപുഴ ഡിപ്പൊയിലെ ഡ്രൈവര്‍ പി. രാജാവിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ ബസിലുണ്ടായിരുന്ന നൂറോളം പേര്‍ക്ക്‌ സാരമായി പരിക്കേറ്റു. ഇവരെ മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്റര്‍, താലൂക്ക്‌ ഗവ. ആശുപത്രി എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. തൊടുപുഴയില്‍ നിന്ന്‌ എറണാകുളത്തേക്ക്‌ പോവുകയായിരുന്ന തൊടുപുഴ ഡിപ്പൊയിലെ കെ. എല്‍. 15 5096 ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ഓര്‍ഡിനറി ബസും, എറണാകുളത്തുനിന്നും മൂവാറ്റുപുഴയ്ക്ക്‌ വരികയായിരുന്ന മൂവാറ്റുപുഴ ഡിപ്പൊയിലെ കെ എല്‍ 15 4387 ഓര്‍ഡിനറി ബസുമാണ്‌ അപകടത്തില്‍ പെട്ടത്‌. രണ്ട്‌ ബസും നല്ല വേഗതയിലായിരുന്നതും കൊടും വളവുമാണ്‌ അപകടത്തിന്‌ കാരണം. ഫയര്‍ഫോഴ്സും പൊലീസും, കെ. എസ്‌. ആര്‍. ടി. സി ഉദ്യോഗസ്ഥരും എത്തിയാണ്‌ ബസുകള്‍ റോഡില്‍ നിന്ന്‌ മാറ്റിയത്‌.