ഹോം » പൊതുവാര്‍ത്ത » 

മുഖ്യമന്ത്രിയുടെ മുറിയില്‍ സ്ത്രീ അതിക്രമിച്ചു കയറി

August 20, 2011

ആലുവ: ആലുവ പാലസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുറിയിലേക്ക്‌ സ്‌ത്രീയും രണ്ടു കുട്ടികളും അതിക്രമിച്ച്‌ കയറി. ഒമ്പതു മണിയോടെയാണ്‌ തോട്ടയ്ക്കാട്‌ സ്വദേശിയായ മാലതിയും, ഇവരുടെ രണ്ടു കുട്ടികളും മുഖ്യമന്ത്രിയുടെ മുറിയിലേക്ക്‌ എത്തിയത്‌.

മഹിളാ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിന്‌ ആലുവയില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ ഇളയ കുട്ടിക്ക്‌ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചുവെന്ന്‌ പറഞ്ഞ്‌ ഇവര്‍ ക്ഷുഭിതയായി സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയും പി.എയും മാത്രമായിരുന്നു ആ സമയം മുറിയില്‍ ഉണ്ടായിരുന്നത്‌. സ്‌ത്രീയെ അനുനയിപ്പിക്കാന്‍ പി.എ ശ്രമിച്ചെങ്കിലും നടന്നില്ല. പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളായിരുന്നു ഇവര്‍ പിന്നീട്‌ പറഞ്ഞത്‌. ഒടുവില്‍ മുഖ്യമന്ത്രി മുറിവിട്ട്‌ പുറത്തിറങ്ങുകയായിരുന്നു.

സംഭവം മനസിലാക്കിയ പൊലീസ്‌ ഉടന്‍ തന്നെ മുറിയിലെത്തി. വനിതാ പൊലീസ്‌ ഇല്ലാതിരുന്നതിനാല്‍ ഇവരെ മുറിയ്ക്ക്‌ പുറത്താക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ആലുവയില്‍ നിന്ന്‌ വനിതാ പൊലീസ്‌ എത്തിയാണ്‌ സ്ത്രീയെയും കുട്ടികളെയും മുറിക്ക്‌ പുറത്താക്കിയത്‌. പരാതിയില്ലെന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞതിനാല്‍ പോലീസ്‌ കേസെടുക്കാതെ സ്ത്രീയെ വിട്ടയച്ചു.

സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ പോലീസ്‌ അറസ്റ്റു ചെയ്‌ത സംഭവത്തിന്‌ പിന്നാലെയാണ്‌ ഉമ്മന്‍ചാണ്ടിയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തില്‍ രണ്ടാമത്തെ സംഭവം ഉണ്ടായത്‌.

അമ്മയും കുട്ടികളും, മുറിയിലേക്ക്‌ കയറി വരുന്ന സമയത്ത്‌ പുറത്ത്‌ ആലുവ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ പോലീസ്‌ കാവല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ സുരക്ഷയെ മറികടന്ന്‌ ഇവര്‍ മുഖ്യമന്ത്രിയുടെ മുറിയിലെത്തിയത്‌ എങ്ങനെയാണെന്ന്‌ ആര്‍ക്കും അറിയില്ല.

Related News from Archive
Editor's Pick