ഹോം » ലോകം » 

ഉത്തര കൊറിയന്‍ നേതാവ്‌ കിംഗ്‌ ജോങ്ങ്‌ റഷ്യയിലെത്തി

August 20, 2011

മോസ്കോ: വടക്കന്‍ കൊറിയന്‍ നേതാവ്‌ കിം ജോങ്ങ്‌ റഷ്യ സന്ദര്‍ശനത്തിനെത്തി. അദ്ദേഹം റഷ്യന്‍ പ്രസിഡന്റ്‌ ഡിമിട്രി മെദ്‌വദേവുമായി കൂടിക്കാഴ്ച നടത്തും.
2002 നുശേഷമുള്ള കിമ്മിന്റെ ആദ്യ സന്ദര്‍ശനമാണിത്‌. റഷ്യയില്‍നിന്ന്‌ സഹായം ലഭിക്കാനും സ്തംഭനത്തിലായ ആണവായുധ നിരോധന ചര്‍ച്ചകള്‍ പുനരാരംഭിക്കാനും സന്ദര്‍ശനം ഉപകരിക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. റഷ്യന്‍ അതിര്‍ത്തി നഗരമായ ഖസനില്‍ കിമ്മിനെ വഹിക്കുന്ന തീവണ്ടി എത്തിയതായി തെക്കന്‍ കൊറിയ അറിയിച്ചിരുന്നു. എന്നാല്‍ റഷ്യയും വടക്കന്‍ കൊറിയയും സംയുക്തമായാണ്‌ കിം റഷ്യയിലെത്തിയ വിവരം ഔദ്യോഗിക വാര്‍ത്താഏജന്‍സികളിലൂടെ ഒരേസമയം അറിയിച്ചത്‌. കിം റഷ്യയുടെ വിദൂരപൂര്‍വപ്രദേശങ്ങളും സൈബീരിയയും ക്രെംലിനും സന്ദര്‍ശിക്കുമെന്ന്‌ കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇരു നേതാക്കളും കണ്ടുമുട്ടും എന്നറിയിച്ച ഒൌ‍ദ്യോഗിക വാര്‍ത്താ ഏജന്‍സി എത്രകാലം സന്ദര്‍ശനം നീണ്ടുനില്‍ക്കുമെന്നോ എപ്പോഴാണ്‌ നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്നോ വെളിപ്പെടുത്തിയില്ല. കിം 24 ദിവസം കൊണ്ടാണ്‌ ട്രെയിനില്‍ റഷ്യയില്‍ പര്യടനം നടത്തിയത്‌. നാലു ദിവസം നീണ്ടുനിന്ന 2002 ലെ സന്ദര്‍ശനത്തില്‍ കൊറിയന്‍ നേതാവ്‌ വിദൂരപൗരസ്ത്യ ദേശങ്ങള്‍ സന്ദര്‍ശിച്ചു. വടക്കന്‍ കൊറിയക്ക്‌ ഭക്ഷ്യസഹായം റഷ്യ നല്‍കുമ്പോള്‍ ഊര്‍ജ മേഖലയിലുള്ള സഹകരണം റഷ്യയുമായി നടത്താന്‍ ഇരു കൊറിയകളും സമ്മതിച്ചിട്ടുണ്ട്‌. ഇത്‌ പ്രാദേശിക സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്ന്‌ കരുതപ്പെടുന്നു. കൊറിയന്‍ ഭൂവിഭാഗങ്ങളിലൂടെ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ റഷ്യ ഇരു കൊറിയകളുമായും ചര്‍ച്ച നടത്തുന്നുണ്ട്‌. സോവിയറ്റ്‌ യൂണിയന്റെ പ്രതാപകാലത്തുണ്ടായിരുന്നപോലെയില്ലെങ്കിലും റഷ്യയും വടക്കന്‍ കൊറിയയും ഇപ്പോഴും സൗഹൃദത്തിലാണ്‌. വടക്കന്‍ കൊറിയയുടെ അണ്വായുധങ്ങള്‍ അവസാനിപ്പിക്കാനും അവര്‍ക്ക്‌ സുരക്ഷ നല്‍കാനുമുള്ള ആറംഗ സംഘത്തില്‍ റഷ്യയും അംഗമാണ്‌.

Related News from Archive
Editor's Pick