മത്സരഓട്ടം നടത്തിയ ബസ്സുകള്‍ നാട്ടുകാര്‍ തടഞ്ഞു

Saturday 20 August 2011 10:20 pm IST

മരട്‌: ദേശീയപാതയില്‍ അപകടകരമാംവിധം മത്സരഓട്ടം നടത്തിയ സ്വകാര്യ ബസ്സുകള്‍ നാട്ടുകാര്‍ പിടികൂടി. ഇന്നലെ വൈറ്റില-അരൂര്‍ ബൈപ്പാസില്‍ കുമ്പളത്താണ്‌ സംഭവം. എറണാകുളം-എരമല്ലൂര്‍ റൂട്ടില്‍ ഓടുന്ന സെന്റ്‌ ജോസഫ്‌ എന്ന ബസ്സും പൂക്കാട്ടുപടി-എരമല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന ശ്രീപാര്‍വ്വതി ബസ്സുമാണ്‌ അമിതവേഗത്തില്‍ മരണപ്പാച്ചില്‍ നടത്തിയത്‌.
മത്സരഓട്ടത്തിനിടെ കുമ്പളത്തുവെച്ച്‌ ബസ്സുകളിലൊന്ന്‌ മീഡിയനില്‍ ഇടിച്ചുകയറി. സമീപത്തായി ബസ്‌ കാത്തുനിന്നിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഓടിമാറിയതിനാല്‍ ആര്‍ക്കും അപായം സംഭവിച്ചില്ല. നാട്ടുകാര്‍ ബസ്സുകള്‍ തടഞ്ഞിട്ട്‌ വിവരം അറിയിച്ചതിനെത്തുടര്‍ന്ന്‌ പനങ്ങാട്‌ പോലീസ്‌ സ്ഥലത്തെത്തി ഇരുബസ്സുകളും കസ്റ്റഡിയിലെടുത്ത്‌ സ്റ്റേഷനിലേക്ക്‌ നീക്കി.
മത്സരഓട്ടം നടത്തിയ ഇരുബസ്സുകളുടെയും ഡ്രൈവര്‍മാര്‍ക്കെതിരെ അമിതവേഗത്തില്‍ അപകടകരമാം വിധം വാഹനം ഒാ‍ടിച്ചതിന്‌ കേസെടുത്തതായി പനങ്ങാട്‌ പോലീസ്‌ അറിയിച്ചു.