ഹോം » സംസ്കൃതി » 

ഗീതാസന്ദേശങ്ങളിലൂടെ..

June 22, 2011

മനസ്സിനെ നിയന്ത്രിക്കുവാന്‍ സാധിക്കുന്ന ദൃഢചിത്തനായ വ്യക്തി, ആമ അതിന്റെ ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക്‌ വലിച്ച്‌ അചഞ്ചലമായും നിര്‍വികാരമായുമിരിക്കുന്നതുപോലെ കേള്‍ക്കുന്നതില്‍ നിന്നു ചെവിയേയും കാണുന്നതില്‍ നിന്ന്‌ കണ്ണിനേയും വാസനിക്കുന്നതില്‍ നിന്ന്‌ മൂക്കിനേയും സ്വാദറിയുന്നതില്‍നിന്ന്‌ നാക്കിനേയും സ്പര്‍ശനത്തില്‍നിന്ന്‌ ത്വക്കിനേയും മാനസീകമായി പിന്‍വലിക്കാന്‍ ഈ വ്യക്തിക്ക്‌ സാധിക്കും. അത്തരത്തില്‍ സാധിക്കുന്നവരുടെ എല്ലാ ഇന്ദ്രിയങ്ങളും മറ്റു വ്യക്തികളെപോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും അവയില്‍ നിന്നെല്ലാം ശ്രദ്ധയെ അഥവാ മനസിനെ പിന്‍വലിക്കാന്‍ സാധിക്കും.
എത്രയെല്ലാം സാധനയും പരിശീലനവും ത്യാഗമനോഭാവവുമുള്ള ദൃഢചിത്തനായ വ്യക്തിക്കും മനസ്സ്‌ എപ്പോള്‍ വേണമെങ്കിലും ചഞ്ചലമാകാം, ഇളക്കം തട്ടിയേക്കാം. പക്ഷേ ആ വ്യക്തിക്ക്‌ ഉടനെ ദൃഢചിത്താവസ്ഥയിലേക്ക്‌ തന്നെ മടങ്ങാന്‍ സാധിക്കും. എല്ലാവര്‍ക്കും മനചാഞ്ചല്യം സ്വാഭാവികമാണ്‌ എന്നറിയണം.
ഏതൊന്നിനെയാണോ മനസ്സില്‍ സ്മരിച്ചുകൊണ്ട്‌ നടക്കുന്നത്‌ അതിനോട്‌ ബന്ധമുണ്ടാകുന്നു. ബന്ധം ബന്ധനമായിത്തീരുമ്പോള്‍ ആഗ്രഹങ്ങളുണ്ടാകുന്നു.
ആഗ്രഹങ്ങള്‍ നിറവേറാതെ വന്നാല്‍ ദേഷ്യമുണ്ടാകും. ദേഷ്യം വരുമ്പോള്‍ മാനസീക സ്ഥിരത നഷ്ടമാകും, മാനസീക സ്ഥിരത നഷ്ടമാകുമ്പോള്‍ ചിന്തിച്ച്‌ പറയേണ്ടതും ചെയ്യേണ്ടതുമെല്ലാം സ്മൃതിമണ്ഡലത്തില്‍ നിന്ന്‌ അപ്രത്യക്ഷമാകും. അതോടെ വിവേകം നശിക്കും. തുടര്‍ന്ന്‌ ബുദ്ധിയും നശിക്കും. അത്‌ വ്യക്തിയുടെ മാനസീകാവസ്ഥയുടെ നാശത്തിങ്കാരണമാകും. അപ്പോള്‍ നല്ല ബുദ്ധിമാനും വിവേകിയും പോലും വിഡ്ഢിയെപോലെയും ബുദ്ധി ശൂന്യരെപോലെയും പെരുമാറും.

Related News from Archive
Editor's Pick