ഹോം » കേരളം » 

ദൂരെ ദൂരെ സാഗരം തേടി…

August 20, 2011

സംഗീത താരകത്തിന്‌ നാട്‌ വിട നല്‍കി. സംഗീതതേന്മഴയുടെ ഒരായിരം ഓര്‍മ്മകള്‍ ബാക്കിവെച്ച്‌ ജോണ്‍സന്‍ നിത്യതയിലേക്ക്‌ യാത്രയായപ്പോള്‍ അത്‌ തേങ്ങലായി മാറി. വ്യാഴാഴ്ച രാത്രി ചെന്നൈയില്‍ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രിയാണ്‌ ചെന്നൈയില്‍ നിന്നും നെടുമ്പാശ്ശേരിയിലും തുടര്‍ന്ന്‌ സ്വദേശമായ തൃശൂരിലെ ചേലക്കോട്ടുകരയിലും എത്തിച്ചത്‌.
ഇന്നലെ രാവിലെ ഒമ്പതരയോടെ ചേലക്കോട്ടുകരയിലെ വീട്ടില്‍ നിന്നും ജോണ്‍സന്റെ ഭൗതിക ശരീരം കേരള സംഗീത നാടക അക്കാദമിയുടെ കീഴിലുളള റീജ്യണല്‍ തീയറ്ററിലേക്ക്‌ കൊണ്ടുവന്നു. റീജ്യണലിന്റെ ഇടനാഴിയില്‍ പൊതുദര്‍ശനത്തിന്‌ വെച്ച മൃതദേഹത്തില്‍ ഗായകരായ ഡോ.കെ.ജെ.യേശുദാസ്‌, ബിജുനാരായണന്‍, ഫ്രാങ്കോ, ദേവാനന്ദ്‌, സംഗീത സംവിധായകരായ എം.കെ.അര്‍ജ്ജുനന്‍, മോഹന്‍സിത്താര, ഔസേപ്പച്ചന്‍, വിദ്യാധരന്‍ മാസ്റ്റര്‍, സംവിധായകരായ സിബിമലയില്‍, ബാബു നാരായണന്‍, അമ്പിളി, മോഹന്‍, പത്നിയും നര്‍ത്തകിയുമായ അനുപമ മോഹന്‍, ഹരികുമാര്‍, പ്രിയനന്ദനന്‍, സുന്ദര്‍ദാസ്‌, നടന്‍മാരായ ശ്രീനിവാസന്‍, അശോകന്‍, ഇര്‍ഷാദ്‌, ഇടവേള ബാബു, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്‌ ശോഭാ സുരേന്ദ്രന്‍, ബിജെപി ജില്ലാപ്രസിഡണ്ട്‌ അഡ്വ. ബി.ഗോപാലകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ കെ.പി.രാജേന്ദ്രന്‍, എം.എ.ബേബി, നിര്‍മ്മാതാവ്‌ സിയാദ്‌ കോക്കര്‍, മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍, തിരക്കഥാകൃത്ത്‌ കെ.ഗിരീഷ്കുമാര്‍, സി.പി.എം ജില്ലാ സെക്രട്ടറി എ.സി.മൊയ്തീന്‍, എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, കെ.രാധാകൃഷ്ണന്‍, എം.പി.വിന്‍സന്റ്‌, പി.സി.ചാക്കോ എം.പി, മേയര്‍ ഐ.പി.പോള്‍, മുന്‍ മേയര്‍ പ്രൊഫ.ആര്‍.ബിന്ദു, ഡി.സി.സി പ്രസിഡന്റ്‌ അഡ്വ.വി.ബലറാം, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍, നാടകാചാര്യന്‍ സി.എല്‍.ജോസ്‌, ഗാനരചയിതാവ്‌ ഷിബുചക്രവര്‍ത്തി, പി.വി.ഗംഗാധരന്‍, ബാലതാരം ജയശ്രീ, സിറ്റി പോലീസ്‌ കമ്മീഷണര്‍ പി.വിജയന്‍, ഐ.ജി.ഡോ.ബി.സന്ധ്യ, ജില്ലാ കലക്ടര്‍ സനല്‍കുമാര്‍, ഐ.എം.വിജയന്‍, നിര്‍മ്മാതാവ്‌ കിരീടം ഉണ്ണി, ആന്റണി ഈസ്റ്റ്മാന്‍, ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌ തങ്കമണി, സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ.പി.വി.കൃഷ്ണന്‍നായര്‍, ശ്രീമൂലനഗരം മോഹനന്‍, കവി രാവുണ്ണി, സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍, വൈസ്‌ പ്രസിഡന്റ്‌ ബാലചന്ദ്രന്‍ വടക്കേടത്ത്‌, തുടങ്ങി വിവിധ മണ്ഡലങ്ങളിലുളളവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
തുടര്‍ന്ന്‌ ഉച്ചയോടെ വീണ്ടും വസതിയിലേക്ക്‌ ജോണ്‍സന്റെ ഭൗതിക ശരീരം കൊണ്ടുവന്നു. ആചാര ശുശ്രൂഷകള്‍ക്ക്‌ ശേഷം മൃതദേഹം നെല്ലിക്കുന്ന്‌ സെന്റ്‌ സെബാസ്റ്റ്യന്‍ പള്ളിയില്‍ എത്തിച്ചു. ഈ സമയം സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പോലീസ്‌ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കി. തുടര്‍ന്ന്‌ മൃതദേഹം സംസ്കരിച്ചു.

Related News from Archive
Editor's Pick