ഹോം » പൊതുവാര്‍ത്ത » 

പാന്ഥെയുടെ മൃതദേഹം സംസ്കരിച്ചു

August 21, 2011

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.കെ.പാന്ഥെയുടെ മൃതദേഹം ദല്‍ഹിയിലെ ലോധി റോഡ് വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു. സി.ഐ.ടിയു ആസ്ഥാനമായി ബി.ടി.ആര്‍ ഭവനിലും സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലും പൊതുദര്‍ശനത്തിന്‌ വച്ചിരുന്നു.

നിരവധി തൊഴിലാളി സംഘടനാ നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ബി.ടി.ആര്‍ ഭവനില്‍ എത്തിയിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി അംഗങ്ങളായ സീ‍താറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, വൃന്ദാകാരാട്ട്, നിരുപം സെന്‍ എന്നിവര്‍ എ.കെ.ജി സെന്ററില്‍ വച്ച് അന്ത്യാഭിവാദ്യം നല്‍കി.

കേരളത്തില്‍ നിന്നും പി.കെ ശ്രീമതി, ജെ. മേഴ്സിക്കുട്ടിയമ്മ, എം.എം ലോറന്‍സ് തുടങ്ങിയ നേതാക്കളും ദല്‍ഹിയിലെത്തിയിരുന്നു. രണ്ട് മണിയോടെ വിലാപയാത്രയായി മൃതദേഹം ലോധി റോഡ് ശ്മശാനത്തിലേക്ക് കൊണ്ടു വന്നു. മൂന്ന് മണിയോടെ സംസ്കാരവും നടന്നു.

ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ദല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു പാന്ഥെയുടെ അന്ത്യം. 1943 ല്‍ പാര്‍ട്ടി അംഗമായ പാന്ഥെ പിളര്‍പ്പിന്‌ ശേഷം സി.പി.എമ്മിനൊപ്പം നില്‍ക്കുകയായിരുന്നു. 1990 ല്‍ സിഐടിയു ജനറല്‍ സെക്രട്ടറിയായ പാന്ഥെ 1999 ല്‍ പ്രസിഡന്റായി. 1998 ല്‍ പൊളിറ്റ്ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

Related News from Archive
Editor's Pick