ഹോം » പൊതുവാര്‍ത്ത » 

ജനലോക്പാല്‍ ബില്ല് അംഗീകരിക്കാതെ പിന്മാറില്ല – അണ്ണാ ഹസാരെ

August 21, 2011

ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ നിരാഹാര സരമം ആറാം ദിവസത്തിലേക്ക്‌ കടന്നു. ജനലോക്പാല്‍ ബില്ല് അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വന്ന് ചര്‍ച്ച നടത്തിയാലും ഇക്കാര്യത്തില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ ഇപ്പോഴും അടഞ്ഞിട്ടില്ലെന്നും ഹസാരെ പറഞ്ഞു.

താന്‍ നടത്തുന്ന അഴിമതി വിരുദ്ധ സമരം ഒരു രാഷ്‌ട്രീയ കക്ഷിയുടെയും പിന്‍ബലത്താലല്ലെന്നും അന്ന ഹസാരെ വ്യക്തമാക്കി.. അങ്ങനെ പറയുന്നവരെ ഭ്രാന്താശുപത്രിയിലേക്ക്‌ അയക്കണം.. നാളെ അവര്‍ സമരത്തിന്‌ പിന്നില്‍ പാക്കിസ്ഥാനാണെന്ന്‌ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കെതിരെ അഹിംസാമാര്‍ഗത്തിലുള്ള വിപ്ലവം വേണം. ലോക്പാല്‍ വിഷയം സംബന്ധിച്ച്‌ അവരവരുടെ എംപിമാരോട്‌ വിശദീകരണം തേടാന്‍ അദ്ദേഹം അണികളോട്‌ ആഹ്വാനം ചെയ്‌തു. വേണ്ടിവന്നാല്‍ കേന്ദ്രമന്ത്രിമാരുടെ വസതികള്‍ക്കു മുന്‍പില്‍ ധര്‍ണ നടത്താനും ആഹ്വാനം ചെയ്‌തു. ഇതേ തുടര്‍ന്ന് ഹസാരെ അനുയായികള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ഇവര്‍ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

സമരം ആറാം ദിവസത്തിലേക്ക്‌ കടക്കുമ്പോള്‍ ശക്തമായ ജനപിന്തുണയാണ്‌ അണ്ണാ ഹസാരെയ്ക്ക് ലഭിക്കുന്നത്‌. കര്‍ണാടക മുന്‍ ലോകായുക്ത ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്ഡെ വേദിയിലെത്തി അണ്ണാ ഹസാരെയ്ക്ക് പിന്തുണ അറിയിച്ചു. രാവിലെ മുതല്‍ നൂറുകണക്കിന്‌ ആളുകളാണ്‌ അന്നാ ഹസാരയ്ക്ക്‌ പിന്തുണയുമായി രാംലീല മൈതാനത്തില്‍ എത്തുന്നത്‌.

ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്ഡെ ദല്‍ഹിയില്‍ എത്തിയത് സര്‍ക്കാരും സമരസമിതിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാനാണ്. ഈ സാഹചര്യത്തില്‍ ഹസാരെ അരവിന്ദ്‌ കേസരിവാള്‍, കിരണ്‍ ബേദി, ശാന്തി ഭൂഷണ്‍, മനീഷ്‌ സിസോദിയ എന്നിവരുമായി രാവിലെ ചര്‍ച്ച നടത്തി. സാമൂഹിക പ്രവര്‍ത്തക മേധാ പട്കറും ചര്‍ച്ചയില്‍ പങ്കെടുത്തു.

അണ്ണാ ഹസാരെയുടെ ആരോഗ്യകാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു ഉത്കണ്ഠയും കാണിക്കുന്നില്ലെന്നു കിരണ്‍ബേദി കുറ്റപ്പെടുത്തി. സമരം ആറാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. പ്രശ്നം സര്‍ക്കാര്‍ വേണ്ടത്ര ഗൗരവത്തോടെ എടുക്കുന്നില്ല. നിശ്ചിത സമയത്തിനുള്ളില്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കിരണ്‍ബേദി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 30 നകം ബില്‍ പാസാക്കണമെന്നാണ് ഹസാരെ സംഘത്തിന്റെ ആവശ്യം.

അതിനിടെ സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ലും അണ്ണാ ഹസാരെയുടെ ലോക്പാല്‍ ബില്ലും ശരിയല്ലെന്ന്‌ ചൂണ്ടിക്കാട്ടി പുതിയ ദേശീയ അഴിമതി വിരുദ്ധ ലോക്പാല്‍ ബില്ലുമായി പൊതുപ്രവര്‍ത്തക അരുണാറോയി രംഗത്തെത്തി.

Related News from Archive
Editor's Pick