രാജ്യം കുട്ടിച്ചോറാക്കരുത്‌!

Sunday 21 August 2011 10:13 pm IST

അണ്ണാ ഹസാരെ നയിക്കുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. രാംലീല മൈതാനിയെന്ന സമരവേദിയില്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തുന്നു. രാജ്യമാകെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഇന്ത്യക്കാരുടെ പിന്തുണ ലഭിക്കുന്നു. എല്ലാ രാജ്യങ്ങളും ആകാംക്ഷയോടെ സമരത്തെ വീക്ഷിക്കുന്നു. എന്നാല്‍ പ്രശ്നം പരിഹരിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ്‌. കാര്യവിവരുമുള്ളവരാരും കേന്ദ്രഭരണത്തിലും കോണ്‍ഗ്രസ്‌ നേതൃത്വത്തിലും ഇല്ലെന്ന വസ്തുതയാണ്‌ ഒരിക്കല്‍ കൂടി തെളിഞ്ഞു വന്നിട്ടുള്ളത്‌. അതേസമയം ജനലോക്പാല്‍ ബില്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്ന്‌ അണ്ണാ ഹസാരെ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. പ്രധാനമന്ത്രി വന്നു ചര്‍ച്ച നടത്തിയാലും നിലപാടില്‍ മാറ്റമില്ലെന്നും ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്ത്യയില്‍ മറ്റൊരു വിപ്ലവത്തിന്‌ സമയമായെന്നും അഴിമതിക്കെതിരെ അഹിംസാമാര്‍ഗത്തിലുള്ള വിപ്ലവം വേണമെന്നും നിരാഹാരസമരത്തിന്റെ ആറാംദിനത്തില്‍ രാംലീല മൈതാനത്ത്‌ ആയിരക്കണക്കിന്‌ അനുയായികളെ അഭിസംബോധന ചെയ്യവേ അണ്ണാ ഹസാരെ പ്രസ്താവിക്കുന്നു. ലോക്പാല്‍ വിഷയം സംബന്ധിച്ച്‌ അവരവരുടെ എംപിമാരോട്‌ വിശദീകരണം തേടാന്‍ അദ്ദേഹം അണികളോട്‌ ആഹ്വാനവും ചെയ്തു. വേണ്ടിവന്നാല്‍ കേന്ദ്രമന്ത്രിമാരുടെ വസതികള്‍ക്കു മുമ്പില്‍ ധര്‍ണ നടത്താനും ആഹ്വാനം ചെയ്തു.
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണ്‌ പോകുന്നത്‌ എന്നതിന്റെ സൂചനയാണ്‌ ഇതൊക്കെ നല്‍കുന്നത്‌. അരാഷ്ട്രീയ സമരമാണിതെന്നും ഇവരുടെ ആവശ്യം അംഗീകരിച്ചാല്‍ രാജ്യം അരാജകത്വത്തിലേക്കാണ്‌ ചെന്നെത്തുകയെന്നും ഭരണക്കാര്‍ പറയുന്നു. അഴിമതി മാത്രം ചെയ്യുകയും ചോദ്യം ചെയ്യുന്നവരെ അധിക്ഷേപിക്കുകയും അടിയന്തരാവസ്ഥയ്ക്ക്‌ സമാനമായ സാഹചര്യം സൃഷ്ടിച്ച്‌ ജനനായകരെ തുറങ്കിലടയ്ക്കുകയും ചെയ്യുന്ന രീതിയാണ്‌ കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്‌.
ത്രിവര്‍ണ പതാകകളും ദേശഭക്തിഗാനങ്ങളുമായി ലോക്പാല്‍ നിയമത്തിനുവേണ്ടി സത്യഗ്രഹമനുഷ്ഠിക്കുന്ന അണ്ണാ ഹസാരെക്ക്‌ പിന്തുണയുമായി ആബാലവൃദ്ധം ജനങ്ങളാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. 74 കാരനായ അണ്ണാ ഹസാരെ രാജ്യത്തിനുവേണ്ടി നടത്തുന്ന സഹനസമരത്തിന്‌ പിന്തുണ നല്‍കാന്‍ ക്ലാസുകള്‍ ഉപേക്ഷിച്ച്‌ നൂറുകണക്കിന്‌ വിദ്യാര്‍ഥികളും രംഗത്തുണ്ട്‌. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും റോഡായ റോഡുകളെല്ലാം രാംലീലാ മൈതാനത്തേക്ക്‌ ഒഴുകുകയാണ്‌. ഇത്രയൊക്കെയായിട്ടും ആത്മാര്‍ത്ഥമായ ഒരു സമീപനം കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഭാഗത്തുനിന്നുണ്ടാവാത്തത്‌ ജനങ്ങളില്‍ അമര്‍ഷം നിറച്ചിരിക്കുകയാണ്‌. ജന്തര്‍മന്ദിറില്‍ ഹസാരെ നടത്തിയ നിരാഹാര സമരത്തെത്തുടര്‍ന്ന്‌ ലോക്പാല്‍ സമിതി രൂപീകരിക്കാന്‍ നിര്‍ബന്ധിതമായ സര്‍ക്കാര്‍ പിന്നീട്‌ അത്‌ അട്ടിമറിച്ചാണ്‌ ഏകപക്ഷീയമായ ലോക്പാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌. ഹസാരെയെയും സംഘത്തെയും ചര്‍ച്ചകളില്‍ തളച്ചിട്ട്‌ സമരം പിന്‍വലിപ്പിക്കാനാവുമോ എന്നാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ നോക്കുന്നത്‌. എന്നാല്‍ സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഹസാരെ തിരിച്ചറിയുന്നുണ്ട്‌.
പ്രധാനമന്ത്രിയെയും മറ്റും ഒഴിവാക്കിക്കൊണ്ട്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ പിന്‍വലിക്കണമെന്നും ചര്‍ച്ചക്ക്‌ സന്നദ്ധമെങ്കില്‍ അതിനുള്ള സമയവും വേദിയും പ്രഖ്യാപിക്കണമെന്നും ടീം ഹസാരെ ആവശ്യപ്പെട്ടിട്ടുള്ളത്‌ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്‌.
ജന്‍ലോക്പാല്‍ ബില്ല്‌ കൊണ്ടുവരാതെ രാംലീലാ മൈതാനം വിട്ടുപോകില്ലെന്ന്‌ ഹസാരെ പ്രഖ്യാപിച്ചത്‌ കേന്ദ്രസര്‍ക്കാരിന്‌ തലവേദനയായിരിക്കയാണ്‌. നിരാഹാരസത്യഗ്രഹത്തിന്റെ ആറാം ദിവസം അണ്ണാ ഹസാരെ നടത്തിയ പ്രഖ്യാപനം സമരം നീളുമെന്നതിന്റെ സൂചനയായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിരാഹാര സമരത്തിന്‌ സര്‍ക്കാരുമായി ധാരണയുണ്ടാക്കിയ ശേഷമാണ്‌ ജയില്‍ വിടാന്‍ ഹസാരെ തയ്യാറായത്‌. അണികളെ അഭിസംബോധന ചെയ്ത അദ്ദേഹം ഇന്ത്യയെ അഴിമതിയില്‍നിന്ന്‌ മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരത്തിന്‌ തുടക്കം കുറിച്ചതായി ആവര്‍ത്തിച്ചു. "1942 ലെ വിപ്ലവത്തിലൂടെ ബ്രിട്ടീഷുകാര്‍ക്ക്‌ ഇന്ത്യ വിടേണ്ടിവന്നു. എന്നാല്‍ കൊള്ളയും റൗഡിത്തരവും തുടരുകയാണ്‌. ഇതിനെതിരെയാണ്‌ രണ്ടാം സ്വാതന്ത്ര്യസമരം. അണ്ണാ ഹസാരെ ജീവനോടെയുണ്ടെങ്കിലും ഇല്ലെങ്കിലും പോരാട്ടത്തിന്റെ ഈ വിളക്ക്‌ അണയാന്‍ അനുവദിക്കരുത്‌". വന്‍ കരഘോഷത്തിനിടെ അദ്ദേഹം പറഞ്ഞു. തല വെട്ടിക്കളഞ്ഞാലും തന്റെ തല കുനിപ്പിക്കാന്‍ സര്‍ക്കാരിന്‌ കഴിയില്ലെന്ന്‌ ഹസാരെ മുന്നറിയിപ്പ്‌ നല്‍കുമ്പോള്‍ ജനങ്ങള്‍ ആവേശഭരിതരാകുന്നത്‌ സ്വാഭാവികമാണ്‌.
ജനകീയ സമരങ്ങള്‍ പല രാജ്യങ്ങളിലും അക്രമാസക്തമായിട്ടുണ്ട്‌. എന്നാല്‍ ലോകത്തിന്‌ മാതൃകയായി അക്രമരഹിത പ്രതിഷേധമാണ്‌ ഇവിടെ നടക്കുന്നത്‌. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ നീതി ഉറപ്പാക്കുന്നതിനെക്കുറിച്ചാണ്‌ ചിന്തിക്കേണ്ടത്‌. യുവാക്കളാണ്‌ രാജ്യത്തിന്റെ കരുത്ത്‌. അവര്‍ ഉണര്‍ന്നുകഴിഞ്ഞു. രാജ്യത്തു നിന്ന്‌ അഴിമതി തുടച്ചുനീക്കാതെ തുടങ്ങിവച്ച പോരാട്ടം അവസാനിക്കില്ല. സര്‍ക്കാര്‍ തുടര്‍ന്നു പോരുന്ന അലംഭാവങ്ങള്‍ സമരത്തിന്റെ രൂപവും ഭാവവും ശബ്ദവും ശക്തിയും മാറ്റിമറിക്കാനേ സഹായിക്കൂ. സര്‍ക്കാരിന്‌ ചെയ്യാനുള്ളതെല്ലാം ചെയ്തു. പറയാനുള്ളതെല്ലാം പറഞ്ഞു എന്നാണ്‌ മുതിര്‍ന്നവരെന്ന്‌ പൊതുവെ കരുതപ്പെടുന്ന മന്ത്രിമാര്‍ പോലും ഏറ്റവും ഒടുവില്‍ പ്രസ്താവിച്ചിരിക്കുന്നത്‌. എന്നാല്‍ കുട്ടിക്കുരങ്ങന്മാരെ പോലെ തുടക്കം മുതല്‍ സമരക്കാരെ തോണ്ടി നോവിക്കാനും പരസ്യമായി പരിഹസിക്കാനും മുതിര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ഇത്‌ എരിയുന്ന തീയില്‍ എണ്ണയൊഴിക്കുന്നതിനു സമമാണ്‌. ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്തവര്‍ രാഷ്ട്രീയത്തിന്റെ പടവുകളോ പാരമ്പര്യമോ അറിയാത്തവര്‍ അധികാരത്തിന്റെ അന്തപുരത്തില്‍ കയറിയിരുന്ന്‌ ഗോഷ്ഠികള്‍ കാണിക്കുമ്പോള്‍ അതെല്ലാം എല്ലാ കാലത്തും ജനങ്ങള്‍ ആസ്വദിച്ചിരിക്കുകയേ ഉള്ളൂ എന്ന്‌ ധരിക്കരുത്‌. എല്ലാറ്റിനും ഒരതിരുണ്ട്‌. അതിരുകവിഞ്ഞുള്ള സര്‍ക്കാരിന്റെ ജനങ്ങളോടുള്ള അവജ്ഞ ആഞ്ഞടി ക്ഷണിച്ചു വരുത്തലാണ്‌. അതുണ്ടായാല്‍ ഫലം രാജ്യം കുട്ടിച്ചോറാകലാകും. അങ്ങനെ ഒരു സ്ഥിതിവിശേഷം ഒഴിവാക്കാനുള്ള അവസരം ഇനിയെങ്കിലും പാഴാക്കരുത്‌.